Friday 26 December 2014

കമ്പിളിയുടുപ്പുകൾ തുന്നുന്ന ചെമ്മരിയാടുകൾ

എന്നെ കമ്പിളിയുടുപ്പുകൾ തുന്നാൻ
പഠിപ്പിക്കുകയാണീ രണ്ടമ്മൂമ്മമാർ
ചുണ്ട് കടിച്ച് കണ്ണിറുക്കി
സൂചിക്കു ചുറ്റും നൂൽ കടത്തിയിറക്കാൻ
ഞാൻ പെടുന്ന പാട് കണ്ട്
വാത്സല്യപൂർവ്വം ചിരിക്കുന്നുമുണ്ട്
മരുന്ന്  ദൂരെയെറിഞ്ഞ്‌ എന്നേയും
അടുത്തത്  കുത്തിവെപ്പെന്ന്
ഞാനും ചൊടിപ്പിച്ച ഇച്ഛാശക്തിയുടെ
ബലാബല മത്സരം
തല്ക്കാലം മറന്നെന്നു നടിച്ച്
ഗൗരവക്കാരിയായ ആ കിളവി പോലും


മുട്ടിയുരുമ്മി നിന്ന് പുല്ലു തിന്നുന്ന
രണ്ടു  ചെമ്മരിയാടുകളേപ്പോലെ  
ഉടുപ്പുകൾ തുന്നുകയാണ്
കണ്ണില്ലാത്ത രണ്ടു സൂചികൾ

ഒന്നിലൂടെ കടത്തി പുറത്തൂടിച്ചുറ്റി
അടുത്തതിലേക്കും
വീണ്ടും ആദ്യത്തേതിലേക്കും
മന്ത്രം പോലെ നിറയുന്ന ഏകാഗ്രതയിൽ
ചിത്രപ്പണികൾ കള്ളികള്ളിയായി
തുന്നിയടുക്കുന്ന വിരലുകളുടെ
അമ്പരപ്പിക്കുന്ന ദ്രുതവേഗം
ജനാലക്കൽ വിരൽ തൊട്ടിന്നല്പനേരം
സാകൂതം നോക്കിയറിയുകയാണ്
മനോരോഗാശുപത്രിക്കു ചുറ്റും
ഭയത്താലെന്നുമൊട്ടുമാറി നിന്നിരുന്ന 
ശരൽക്കാല സൂര്യകിരണവും
തിരസ്ക്രിതരുടെ നിശ്ശബ്ദ നിലവിളികൾ 
തളർന്നു തകർന്നടിഞ്ഞ 
വന്യതയുടെ പ്രതിധ്വനികളും 


ഋതുഭേദങ്ങളിൽ 
തളിർക്കുകയും പൊഴിയുകയും
ചെയ്യുന്ന ഇലകൾ പോലെ
ചഞ്ചലമായ വിഭ്രമങ്ങളുടെ കുസൃതികളിൽ
ചിന്തകൾ കൂന കൂടി 
കള്ളികളിൽ നിന്നും
അഴിഞ്ഞുതിർന്നു പോകുന്നത് 
തടുക്കാനാവാം
ഇത്രയും നിഷ്കർഷയോടെ
ഒന്നിച്ചിരുന്നു തുന്നുകയാണീരണ്ടമ്മൂമ്മമാർ

നരച്ച കണ്ണുകളിൽ
കൂട നിറയെയുള്ള നൂൽ പന്തുകൾ
നിറങ്ങൾ തീർക്കുന്നുണ്ട്
പേരക്കുട്ടിക്ക്‌ സമ്മാനിക്കാൻ
തുന്നിയുണ്ടാക്കുന്ന കമ്പിളിയുടുപ്പുകളിൽ 
ഇടയ്ക്കിടെ ഏറ്റവും മൃദുവായി
വിരലോടിക്കുന്നുമുണ്ട്
ഒരു കുഞ്ഞിനെയെന്നപോലെ

കെട്ടു പിണക്കാതിങ്ങനെ
ജീവിതം തുന്നിയെടുക്കാൻ 
കഴിയാഞ്ഞതെന്തേയെന്ന-
ഗർവ്വിത യൗവ്വനത്തിന്റെ
മൗന ചോദ്യത്തിലേക്ക്
തൊണ്ണു കാട്ടിച്ചിരിക്കയാണൊരമ്മൂമ്മ
ഘടികാര നാഡിപൊലെ നാളെ
ഹൃദയമിടിപ്പും നിലക്കുമെന്നയറിവുവരെ
വളർന്നവർക്ക് മാത്രം ചിരിക്കാവുന്നൊരു
ചിരിയുടെ ഞൊറിവിൽ നിറയെ
വർണ്ണച്ചിറകുള്ള ഇന്നിനെ
തുന്നിയൊരുക്കാൻ പഠിക്കുകയാണ്, 
പഠിപ്പിക്കുകയാണ്, എന്നേയും
അവരൊപ്പം തുന്നിച്ചേർക്കുകയാണ്
കമ്പിളിയുടുപ്പുകൾ തുന്നുകയാണ്
ഞങ്ങൾ മൂന്നുപേർ 




1 comment: