Sunday 29 December 2013

ഗ്രഹണം



നിന്നെ അറിയും മുൻപേ 
എന്റെ  ശബ്ദം നഷ്ടപ്പെട്ടിരുന്നു 
നിന്നെ കാണാൻ ശ്രമിച്ചപ്പോൾ 
കാഴ്ചയും !

നാളേറുന്തോറും
മുക്കിടയിലെ മൗനത്തിന്റെ നീളം 
കൂടിക്കൂടി വന്നു 
അതിന്റെ ആഴം വര്‍ദ്ധിച്ചു 
തണുപ്പ് നിറഞ്ഞു 
ഇരുട്ട്  കനത്തു.


ഒടുവിൽ
ശയ്യയ്ക്കിരുവശത്തായി 
പുറം തിരിഞ്ഞു കിടന്ന
നമുക്ക് നടുവിൽ, മൗനം
തണുത്തുറഞ്ഞ് ഇരുണ്ടു കറുത്ത
ഒരു രാത്രിയായി
നീണ്ടു നിവർന്നു കിടന്നു...
ഒരു പനിച്ചൂട് പോലും പരസ്പരം അനുവദിക്കാതെ.




80'കളിലെ എന്റെ ഗ്രാമം

പായലുകൾ പറ്റിപ്പിടിച്ച പാടവരമ്പുകളും
കണങ്കാലിൽ പച്ച കുത്തുന്ന പന്നൽച്ചെടികളും
നിറഞ്ഞ ഗ്രാമം,
മഷിപ്പച്ചകളും തൊട്ടാവാടികളും
പെരുങ്കലങ്ങളും വളരുന്ന മണ്ണ്,
മണ്ണിരകളും മണ്ണട്ടകളും
നൂറായിരം കുഴിയാനകളും
ജീവിക്കുന്ന മുറ്റം.
പാദങ്ങൾ അടുത്തെത്തുമ്പോൾ
പാടത്തിലെ ചെളിയിലേക്കൂളിയിടുന്ന
പച്ചത്തവളകൾ....

ചക്രവർത്തിമാരോടുള്ള
ദേഷ്യവും ഭക്തിയും
നായകൾക്ക് പേരായി നല്കിയ
നാട്ടുമ്പുറത്തുകാർ.
ടിപ്പുവും, കൈസറും, ലൂയിയും,
നാൽക്കവലകളിൽ നാട്ടുരാജാക്കളേപ്പോലേ
പോരാടുകയും, രാത്രിയിൽ
വാലാട്ടി മടങ്ങുകയും ചെയ്തു.

അവരുടെ യജമാനർ
പുലർച്ചെയുണർന്ന്
വയൽ നനയ്ക്കുവാൻ വെള്ളത്തിന്
അയല്ക്കാരുമായി കടിപിടികൂടി;
സന്ധ്യക്ക്‌ അവരുടെ സ്ത്രീകൾ
അവലോസുണ്ടകൾ പങ്കുവച്ച്
സൗഹൃദം തിരിച്ചുപിടിച്ചു.

കാലം തെറ്റി വന്ന മഴയിൽ
അമ്മൂമ്മമാർക്ക്
കാപ്പിപ്പൂക്കളും കശുമാവിൻ പൂക്കളും
കൊഴിയുമെന്ന വെളിപാടുണ്ടായി.

പല്ലു കൊഴിഞ്ഞ കാരണവർ
മുഷിപ്പൻ കഥകൾ പറഞ്ഞ്
കോളാമ്പികളിൽ കാർക്കിച്ചു തുപ്പി
ജന്മിത്തം നിലനിർത്തി.

ആശ്രിതർ വിരലുകൾക്കിടയിലൂടെ
തുപ്പിയ മുറുക്കാൻ
കുമ്മായമടിച്ച ചുവരുകളിൽ
വിപ്ളവവീര്യം പരത്തി.

പച്ചമടൽ ഊതിക്കത്തിച്ച്
കണ്ണുചുവന്ന അമ്മമാർ
ചായയായി തിളച്ചു
പിന്നെ തൈരായി തണുത്ത്
നീളൻ പാവാടയുടുത്ത പെണ്‍മക്കളെ
നോക്കി നെടുവീർപ്പിട്ടു.

യുവാക്കൾ ചാറ്റർലിപ്രഭ്വിയുടെ(1)
സദാചാരത്തെക്കുറിച്ച് തർക്കിച്ചു.

കുട്ടികൾ, അതെ ഇന്ന് ഞങ്ങൾ ആയ കുട്ടികൾ,
പട്ടങ്ങളിൽ ആകാശം മുട്ടുന്ന
സ്വപ്നങ്ങളെ പറത്തി.
മിനുസമുള്ള പുറംചട്ടകളിൽ
ഒരുക്കിയ കഥകളിൽ
മുറിയാത്ത രാജ്യങ്ങളുടെ മനസ്സ് തൊട്ടു.
പൂക്കളോടും,പൂമ്പാറ്റകളോടും,
കിളികളോടും, വെള്ളത്തിൽ
മിന്നി മറയുന്ന കുറുവകളോടും(2) കളിച്ചു.

പൂച്ചകൾ എലികളേയും
കുറുക്കന്മാർ കോഴികളേയും പിടിച്ചു തിന്നു.
കയ്യാലപ്പൊത്തിനുള്ളിൽ ഒരണലി
എട്ടു കുഞ്ഞുങ്ങളെ പെറ്റുകിടന്നു.

സുന്ദരികളായ വാഴയ്ക്കവെറുച്ചികൾ(3)
ചൂണ്ടയിൽ കുരുങ്ങാതെ തെന്നി മാറി.
കല്ലൂർവഞ്ചികളിൽ ചാഞ്ചാടിയ ഓണത്തുമ്പികൾ
കല്ലെടുത്തു കല്ലെടുത്ത്‌ സുല്ലിട്ടു.

തോടുകളും പുഴകളും നിർവൃതിയോടെ
നിറഞ്ഞു തുളുമ്പിയൊഴുകി.
സംശുദ്ധമായ പ്രാണവായു ശ്വസിച്ച്
പ്രകൃതി ചരിതാര്‍ത്ഥയായി.

സാഡിസ്റ്റുകളായ മാഷുമാർ
ചൂരൽ വെട്ടുവാൻ
ഒരു മണിക്കൂർ നേരത്തേ ഉണർന്നു.

അഞ്ചാംക്ലാസ്സിലെ അവസാനബെഞ്ചിലെ
കീറക്കുപ്പായമിട്ട സ്ഥിരം കള്ളൻ
കരയാൻ കൂട്ടാക്കാതെ
തിണർത്തുചുവന്ന കൊച്ചു  കൈകൾ നീട്ടി
എഴുത്തുമേശയിൽ എഴുന്നേറ്റു നിന്നു.
അവന്റെ ഹൃദയത്തിന്റെ ഒരു വിതുമ്പൽ
ദൂരെ, ചാരായം വിയർക്കുന്ന കൂർക്കംവലികൾ
ഉയരുന്ന ഒരു വീടിന്റെ അടുക്കളയിൽ
കണ്ണീർതുള്ളികളായി വീണു.

വെളുത്ത ളോഹയിട്ട കത്തനാർമാർ
തെമ്മാടിക്കുഴിയിലേക്കുനോക്കി
ഗൂഡമായി ചിരിച്ചു.
മണിമാളികകൾ വെഞ്ചരിച്ച
അവരുടെ മടിശ്ശീലകളിൽ
മുപ്പതു വെള്ളിക്കാശുകൾ കിലുങ്ങി.

ഒരു രൂപയ്ക്കു വാങ്ങിയ മുപ്പതു മത്തികൾ
തകരയില പുതച്ച് ചീഞ്ഞു കിടന്നു
അന്ന് അമോണിയ കണ്ടുപിടിച്ചിരുന്നില്ല !

വഴിയരുകിൽ ബീഡിക്കുറ്റി തിരഞ്ഞ ഭ്രാന്തും,
വഴിമദ്ധ്യേ വാളുവച്ച
പട്ടച്ചാരായത്തിന്റെ ധൈര്യവും
പുലഭ്യം പറഞ്ഞ് ചങ്ങാതിമാരായി.

അന്നും ഇന്നും എന്നും
പൂവാകകൾ മാത്രം,
പള്ളിക്കൂടവളപ്പിൽ തണൽ തന്ന
ആ പൂവാകകൾ മാത്രം,
ആകാശത്തും ഭൂമിയിലും
ഒരുപോലെ പൂവിട്ടു നിന്നു
എന്റെ ഗ്രാമത്തിന്റെ ഓർമകളുടെ
കടുംചെമപ്പ് പൂക്കൾ !


(1) ചാറ്റർലിപ്രഭ്വി:   D.H.ലോറെൻസിന്റെ വിവാദമായ Lady Chatterley's Lover
എന്ന നോവലിലെ നായിക.
(2) കുറുവ:  തോടുകളിൽ കാണുന്ന ഒരു മൽസ്യം.
(3)വാഴയ്ക്കവെറുച്ചി:  ഓറഞ്ച് വരകളുള്ള ഒരു മൽസ്യം.









Wednesday 11 December 2013

ആരാദ്യം കല്ലെറിയും ?

ആരാദ്യം കല്ലെറിയും  ?


                          1
വന്ദ്യ ജനങ്ങളേ, വഴി മാറി നടക്കൂ,
വലം കൈയ്യാൽ ശാപ ശിലകൾ എടുക്കൂ...
കുലടയാണവൾ, കല്ലെറിയൂ ,
അഭിസാരികയവളെ കല്ലെറിയൂ ...

കരിനീലക്കാമം സിരയിൽ കൊത്തി,
കരിമഷിയിൻ വിഷനാളത്തിൽ കത്തും-
പൂരുഷനെച്ചുടുകാട്ടിലെരിക്കും
വേശനാരി, നിശാചരിയവളെ കല്ലെറിയൂ.

                          2
ചുറ്റിലും പഴിക്കുവാനെത്ര പേർ
നിർദ്ദയമീ മണൽക്കാറ്റും!
അരിവാൾമുനരാകും ചാരക്കണ്‍കളിൽ
സന്മാർഗ്ഗപ്പൊരുൾ തിരയുവോർ,
ഇവരിന്നലേയുമിരവിൻ മറവിൽ
എന്നിൽ ഭ്രമിച്ചു രമിച്ചവർ,
പുളിയുറുമ്പുകളായ് കടിച്ചു കുടയുന്ന
മാറാദീനങ്ങൾ ദാനമായ്തന്നവർ.

നിഴലുകൾ നാഗങ്ങളായിണ ചേരുന്നാ-
നരച്ച നാലുകെട്ടിന്നിരുളറയിൽ
ഞാൻ പെറ്റ ചാപിള്ളകൾ....
പിറക്കും മുൻപേ ചങ്കു പറിഞ്ഞ
പിഞ്ചോമനകൾ,
കരയാത്ത ചിരിക്കാത്താ-
കുഞ്ഞു പഞ്ഞിക്കെട്ടെന്റെ,
ചുരത്താത്ത ചുടുമാറിലമർത്തി നിന്നപ്പോഴും,
തണുത്ത തളിർകൈകൾ
നീട്ടിയാ പൈതങ്ങളെൻ
തീരാ കനവുകളിലുണർന്നിരുന്നപ്പോഴും,
മാറിടം പിളർത്തുമാ, മാറാ നോവിന്റെ
മാരക മുറിവായ ഞാൻ തുറന്നേ വച്ചൂ ...

                          3  
കാലുകൾ പൂഴിമണലായ് തിളയ്ക്കുമാ-
കൽമരുഭൂമിയിലേകയായ്,
നഗ്നപാദയായ്,
നഗ്നമാം ജീവിതചരിതം മറയ്ക്കുവാ-
നൊരു പാഴ്വാക്കു പോലും
തിരയാതെയൊരുവൾ.
ചുരുണ്ട ചെമ്പൻ മുടി പാതിയും മറച്ചോരാ-
വരണ്ടു വാടിയ വദനാംബുജത്തിൽ,
അരണ്ടു പിടയും മിഴികൾ നിലത്തൂന്നി
നിശ്ചലം നിന്ദകളേറ്റുവാങ്ങുന്നിവൾ,
എന്റെ പിഴ, യെന്റെ പിഴയെന്നുവിതുമ്പി;
കൂർത്ത കള്ളിച്ചെടികൾക്കിടയിൽ, ചോര-
വാർത്തു പിടയും പേരറിയാപ്പറവപോൽ,
  പേരില്ലാത്തൊരു പാതിത,
ഇവളേവരാലും പരിത്യക്ത.

                          4
തെരുവുകൾതോറും വലിച്ചിഴച്ചവളെയാ-
സിനഗോഗിന്റെ പടിക്കലവർ നിർത്തി.
വെറി പിടിച്ചോരാ  ജനമദ്ധ്യേ-
യിറ്റുകനിവിനായി തിരയുന്ന നേരം
കാണ്മൂ കോവിലിൻ താഴേ പടിമേൽ
വെണ്‍മഞ്ഞുപോലൊരു യോഗീവര്യ-
നാകൊടും മരുച്ചൂടിലും കുളിർ തൂവി;
താമ്രതാരകനിറമാർന്ന മിഴികളിൽ,
സൗമ്യസാരള്യത നിറച്ചോരു സാത്ത്വികൻ,
ഏവരും ഗുരുവെന്നുവിളിക്കുമാ-
പരമപദത്തിനരികിലായ് നിന്നവൾ.

                           5
കപടമീലോകത്തിൻ വികടകർമ്മങ്ങളിൽ
ദു:ഖിച്ചോ ദേവൻ കുനിഞ്ഞിരുന്നൂ?
അത്തിമരത്തിൻ ചുവട്ടിലിരുന്നവൻ
കുത്തിക്കുറിച്ചെന്തോ വിരൽത്തുമ്പാലേ.
കുനിഞ്ഞു മണൽച്ചൂടിലെഴുതിയതെന്തേ നീ
കനൽപോൽ  ജ്വലിക്കുമെൻ പാപങ്ങളോ ?
ഇടനെഞ്ച് പൊട്ടി ഞാൻ നിൽക്കുന്നരികത്ത്
വിട തരില്ലേ നീയെന്നപരാധങ്ങൾ ?

പാപങ്ങളോരോന്നായെണ്ണും ജനത്തോട്
ശാന്തനായ് നാഥൻ മെല്ലെയോതി;
"നിങ്ങളിൽ പാപമില്ലാത്തവൻ
ആദ്യം കല്ലെറിയട്ടെ ..."
"നിങ്ങളിൽ പാപമില്ലാത്തവൻ
ആദ്യം കല്ലെറിയട്ടേ..."

ഒരു മാത്ര ഞെട്ടി പകച്ചുനിന്നൂ, ജന-
മന്യോന്യം നോക്കാൻ മടിച്ചു നിന്നൂ.
ചുട്ടു പൊള്ളുന്നോ കല്ലുകൾ ?
നെഞ്ചിലെ അഗ്നിയിൽ, മെല്ലെ-
കല്ലുകൾ ഓരോന്നായ് താഴെ വീണൂ .

ഓരോരു പേരായി ദൂരെ മറഞ്ഞപ്പോൾ
ദേവനും ദാസിയും മാത്രമായി
അലിവിന്നപാരത വഴിയും മിഴികളാൽ
ദേവൻ മുഖം തെല്ലുയർത്തിയോതി;
"വിധിക്കില്ല മകളേ ഞാൻ നിന്നേയൊരിക്കലും
പോകൂ നീ പാപവിമുക്തയായീ ...
പോകൂ നീ പാപവിമുക്തയായി."

                     6
അഗ്നിദ്രവം പോലും കുളിർച്ചോലയാക്കു-
മത്യുൽകൃഷ്ടമാം തവ വാക്കിൻ തലോടലിൽ,
എന്റെ മനസ്സിന്റെ മുറിവുകൾ മാഞ്ഞൂ...
ദേവാ, ഞാൻ വീണ്ടും, ശിശുവായ് പിറന്നൂ ...
ഞാൻ വീണ്ടും, ശിശുവായ് പിറന്നൂ.

സ്നേഹിക്കൂ അന്യോന്യമെന്നു പഠിപ്പിച്ച
സ്നേഹസ്വരൂപനാം വിശ്വസൃഷ്ടാവേ,
നിൻ സൃഷ്ടികൾ കന്മഷം കാഴ്ച  മറച്ച
കിരാതരായ് മാറിയോ?