Thursday 3 December 2020

അവ(ൻ)ൾ

 ————

നീണ്ട നീണ്ട പകലുകൾ രാവുകൾ,

ചെളിക്കുണ്ടിൽ പൂണ്ടുപോയൊരു

താമരമൊട്ടുപോൽ,

ഇരുളിലേക്കുവിരിഞ്ഞൊറ്റദലവുമായ്,

പിറവിയിൽ തന്നെ പരിശപ്തയായ നീ..


തിരയുവതെന്തേ തിടുക്കത്തിൽ...

ഭഗ്നഹൃദയമേ

നിൻ പ്രതിബിംബത്തിൽ..?

മോടിയിൽ വാർമുടി മെടയുമ്പോൾ,

ശ്മശ്രുക്കൾ കുരുത്ത കവിൾ

സസൂക്ഷ്മം മിനുക്കുമ്പോൾ,

ഹൃദയരേണുക്കളാൽ

വദനചമയങ്ങളണിയുമ്പോൾ


തിരയുന്നതാരേ... നീ ചഞ്ചലം,

പരശ്ശതം മിഴികളിൽ നുരയുന്ന

തിരയിളക്കങ്ങൾ ഉറ്റുനോക്കുംനേരം....


പകലിൻ പൊയ്മുഖമഴിച്ച് രാത്രികൾ,

പതിവായ് അലയുന്ന മാത്രയിൽ,

ഇരുട്ടിന്നാണേറെ കനിവെന്ന്,

തിരിച്ചറിഞ്ഞോ തിരസ്കൃതരിൽ നീയും !


എത്രകാലമൊളിച്ച് വയ്ക്കും, നിൻ

ചിത്തപഞ്ജരത്തിൽ തേങ്ങും കുരുവിയെ?

എത്രകാതമോടേണമിനിയുമാ-

ഗദ്ഗദത്തിൻ അലയൊലി പിന്നിടാൻ...


ചുട്ടുപൊള്ളുന്നോ ചിന്തകൾ...?

ചുറ്റും കത്തിയെരിയും കിനാക്കാടുകൾ...!

ഒട്ട് നിഴൽതണലേകിടാനില്ല വഴിയമ്പലങ്ങൾ,

നിനക്കിറ്റുസാന്ത്വനക്കുളിർതരാനെങ്ങു-

മൊറ്റൊരാളില്ലാ

അറ്റുപോയ്, 

നാഭിക്കൊടിയിൽ

പത്തുമാസക്കണക്കെഴുതിയമ്മയും 

ഒത്ത്,കൂടെപ്പിറന്നവരൊക്കെയും..    


അറിയില്ല നിന്നെയീലോകം....

വെറും ഭ്രമം, 

അവർക്കുനിൻ

കൂടുവിട്ടു കൂടുമാറ്റവിദ്യകൾ....

നിന്റെ പാപപുണ്യ ശാപവരദോഷങ്ങൾ....


അറിയില്ല നിന്നെ ഞാനും,

എനിക്കു നീ...

മാറിൽ മുറിവോടെ പിറന്ന മൂർത്തി,

നാരിയായ്, നരനായ് ...

അനന്തരം

നരേശ്വരനായി.. നാസ്തികനായി..

യുഗയുഗങ്ങളായ്,

യുഗ്മഗമനം നടത്തുന്ന യാത്രികൻ...


അറിയില്ല നിന്നെ ഞങ്ങൾ..

അല്ലെങ്കിലെങ്ങിനെയറിയാൻ?

ഞങ്ങൾക്കു നീ

അചിന്ത്യം, അശുഭം, അപൂർണ്ണം.


പൊറുക്കുക..

കരുതലോടിരിക്കുക..

അസ്വസ്ഥമായതദൃശ്യമാക്കും 

ഈ കുലത്തിന്റെ കൗശലം!



Saturday 23 May 2020

കാത്തിരിപ്പ്

കാത്തിരിപ്പ്
   ----------
വ്യാധികളാൽ വലഞ്ഞ് ആതുരാലയങ്ങളിൽ കഴിയുന്നവരെ കാത്തിരിക്കുന്നവർ!


നിലാവുറങ്ങുന്നു
ജനാലകൾക്കപ്പുറം
എത്രയോ ശുഭ്രമാണിന്നുനിശ !

ദേശാടനപ്പറവകൾ
തിരികെവന്നെന്നാലും
എത്ര നിശബ്ദമീ താരകാകാശം !

ദൂരെദൂരെയായ്
ആതുരാലയത്തിന്റെ
ചുമരുകൾക്കുളളി-
ലലയുന്നെൻ ചേതന

എവിടെയോ....
നേർത്ത ഞരക്കങ്ങൾ, തേങ്ങൽ,
നനുത്ത പാദപതനങ്ങൾ,
തണുത്ത നിശ്വാസങ്ങൾ,
നിഗൂഢ മർമ്മരങ്ങൾ ...
നിന്റെ മരുന്നു മണക്കുന്ന
വിരിപ്പുകൾ,

പാതിവഴിയിൽ പിരിഞ്ഞ ശ്വാസം,
വിരിഞ്ഞ മന്ദസ്മിതം,
പകലിരവുകളറിയാതെ
കൊഴിഞ്ഞ വസന്തം ...

അടഞ്ഞ കൺപോളകൾക്കുളളിൽ
പിടയും ആർദ്രമിഴികൾ..
അതിലെന്റെ മുഖമെന്നു
വൃഥാ ഖിന്നയായ്
ഞാനീ തണുത്ത വിരിയിട്ട
കട്ടിലിൽ ഏകയായ്...

ഓർത്തോർത്തെടുക്കുന്നു..
(കരളിലെ തീയൊന്നണയ്ക്കാൻ..!)
നമ്മൾ ഒന്നിച്ചു കണ്ട
ആകാശക്കീറ്,
ചുവന്ന സന്ധ്യകൾ,
നിറപൗർണ്ണമി,
നവയൗവ്വനത്തിലെ
രാത്രിമഴകൾ,
മഞ്ഞിൻ പുതപ്പിട്ട പുലരികൾ....

ഓർത്തെടുക്കുമ്പോൾ
വഴുതിയകലുന്ന ഓർമ്മകൾ
ഹൃദയം പറയാൻ
ബാക്കിവച്ച വാക്കുകൾ..

വിരൽപിടിച്ചരികിൽ
ഇരിക്കാനുമാകാതെ
വിദൂരമീരാവിന്റെ മറുപാതിയിൽ
ഞാനുണർന്നുമുറങ്ങിയും .
തളർന്നിരിക്കുന്നു...
കാത്തുകാത്തിരിക്കവേ
പേർത്തും പേർത്തും തിരയുന്നു...
നിന്റെ മറയുന്ന പ്രജ്ഞയെ
ചേർത്തുവയ്ക്കാനൊരു മുദ്ര...
ഹാർദ്ദമൊരു നോക്ക്,
സ്നിഗ്ദമാം സ്പർശസുഗന്ധം,
സ്മരണയിൽ മണിമുഴക്കമായ്
നിനക്കേറെ പ്രിയമുള്ള വാക്ക്,
എന്നേക്കും നമ്മളിൽ
സൂക്ഷിച്ച് വയ്ക്കുവാൻ
നിറമുള്ള
മയിൽപ്പീലിത്തുണ്ട്