അവ(ൻ)ൾ
————
നീണ്ട നീണ്ട പകലുകൾ രാവുകൾ,
ചെളിക്കുണ്ടിൽ പൂണ്ടുപോയൊരു
താമരമൊട്ടുപോൽ,
ഇരുളിലേക്കുവിരിഞ്ഞൊറ്റദലവുമായ്,
പിറവിയിൽ തന്നെ പരിശപ്തയായ നീ..
തിരയുവതെന്തേ തിടുക്കത്തിൽ...
ഭഗ്നഹൃദയമേ
നിൻ പ്രതിബിംബത്തിൽ..?
മോടിയിൽ വാർമുടി മെടയുമ്പോൾ,
ശ്മശ്രുക്കൾ കുരുത്ത കവിൾ
സസൂക്ഷ്മം മിനുക്കുമ്പോൾ,
ഹൃദയരേണുക്കളാൽ
വദനചമയങ്ങളണിയുമ്പോൾ
തിരയുന്നതാരേ... നീ ചഞ്ചലം,
പരശ്ശതം മിഴികളിൽ നുരയുന്ന
തിരയിളക്കങ്ങൾ ഉറ്റുനോക്കുംനേരം....
പകലിൻ പൊയ്മുഖമഴിച്ച് രാത്രികൾ,
പതിവായ് അലയുന്ന മാത്രയിൽ,
ഇരുട്ടിന്നാണേറെ കനിവെന്ന്,
തിരിച്ചറിഞ്ഞോ തിരസ്കൃതരിൽ നീയും !
എത്രകാലമൊളിച്ച് വയ്ക്കും, നിൻ
ചിത്തപഞ്ജരത്തിൽ തേങ്ങും കുരുവിയെ?
എത്രകാതമോടേണമിനിയുമാ-
ഗദ്ഗദത്തിൻ അലയൊലി പിന്നിടാൻ...
ചുട്ടുപൊള്ളുന്നോ ചിന്തകൾ...?
ചുറ്റും കത്തിയെരിയും കിനാക്കാടുകൾ...!
ഒട്ട് നിഴൽതണലേകിടാനില്ല വഴിയമ്പലങ്ങൾ,
നിനക്കിറ്റുസാന്ത്വനക്കുളിർതരാനെങ്ങു-
മൊറ്റൊരാളില്ലാ
അറ്റുപോയ്,
നാഭിക്കൊടിയിൽ
പത്തുമാസക്കണക്കെഴുതിയമ്മയും
ഒത്ത്,കൂടെപ്പിറന്നവരൊക്കെയും..
അറിയില്ല നിന്നെയീലോകം....
വെറും ഭ്രമം,
അവർക്കുനിൻ
കൂടുവിട്ടു കൂടുമാറ്റവിദ്യകൾ....
നിന്റെ പാപപുണ്യ ശാപവരദോഷങ്ങൾ....
അറിയില്ല നിന്നെ ഞാനും,
എനിക്കു നീ...
മാറിൽ മുറിവോടെ പിറന്ന മൂർത്തി,
നാരിയായ്, നരനായ് ...
അനന്തരം
നരേശ്വരനായി.. നാസ്തികനായി..
യുഗയുഗങ്ങളായ്,
യുഗ്മഗമനം നടത്തുന്ന യാത്രികൻ...
അറിയില്ല നിന്നെ ഞങ്ങൾ..
അല്ലെങ്കിലെങ്ങിനെയറിയാൻ?
ഞങ്ങൾക്കു നീ
അചിന്ത്യം, അശുഭം, അപൂർണ്ണം.
പൊറുക്കുക..
കരുതലോടിരിക്കുക..
അസ്വസ്ഥമായതദൃശ്യമാക്കും
ഈ കുലത്തിന്റെ കൗശലം!
No comments:
Post a Comment