Tuesday 12 November 2013

നഷ്ടസ്വപ്‌നങ്ങൾ

ഒരിക്കലൂടൊന്നു നടന്നു പോകട്ടെ
ശരത്കാല വർണ്ണങ്ങൾ മോടി കൂട്ടിയ
ദലങ്ങൾ വിരിച്ച പാതകൾ; നീയിന്നു-
തിരസ്ക്കരിച്ചോരാ സ്നേഹവീഥിയിലൂ-
ടൊന്നു കൂടി നടന്നു കൊള്ളട്ടെ ഞാൻ.

പ്രണയാർദ്രരായ നമ്മുടെ നിഴലുകൾ
കൈകോർത്ത വഴികളും, എന്നുമേ
കൂടെ ഒഴുകിയ പുഴകളും,
നനുക്കെ തഴുകിയ കാറ്റും, പുൽനാമ്പും,
തൊട്ടു വിളിച്ച് കളി പറഞ്ഞ
മരച്ചില്ലയും,
പിൻതിരിഞ്ഞു നോക്കി പുഞ്ചിരിച്ച
പൊൻവെയിലും,
എന്റെ കവിതയോ, ഗതകാലസ്മാരമോ-
യെന്ന്, വിഷാദത്താൽ സ്തബ്ദമായ
എന്റെ സംജ്ഞയിൽ  ഞാൻ
ചികഞ്ഞു നോക്കട്ടെ.

പഴിച്ചില്ല നിന്നേയൊരിക്കലും,
തീ തുപ്പും ചൂണ്ടുവിരൽകൊണ്ട്;
മുറിച്ചില്ല, കുത്തുവാക്കിൽ കൊരുത്ത
ചൂണ്ടയിൽ, നിൻ കരളെങ്കിലും, പ്രിയാ
ഭൂതകാലത്തിന്റെ മണൽതരിപ്പാടുകൾ പോലും
ബാക്കിവയ്ക്കാതെ, നിന്റെ പാദുകങ്ങളെൻ
പൊടിപിടിച്ച ഓർമ്മകളുടെ ഇരുട്ടറയിൽ
ഉപേക്ഷിച്ചെങ്ങ് നീ പോയീ?

മറിച്ചുനോക്കട്ടെ, കാലത്തി
വിരൽപ്പാടുകൾ പൊള്ളിച്ച
ഛായാപടങ്ങൾ,
കണ്ണീർ വീഴാതെ ഞാൻ കാത്തുസൂക്ഷിച്ച
പ്രണയകാല സ്വപ്നങ്ങൾ,
ഒരു കൊച്ചു കൈയ്യൊപ്പിനായ്‌; നമ്മുടെ
സ്നേഹത്തിന്റെ ശേഷിച്ച സൂചകം,
സത്യമോ? ഏകാകിയാമൊരു ഭ്രാന്തൻ-
മനസ്സിന്റെ പാഴ് കൽപ്പനയോയെന്ന്
പരതി നോക്കട്ടെ ഞാൻ.

എത്രയോ വട്ടം നടന്നു പരിചിതമാണീ
വഴികൾ!
യാത്ര ചോദിപ്പാനുമെത്ര പേർ?
ചുറ്റും പരക്കും ഗന്ധങ്ങളിലെ സൗരഭ്യം,
ചുറ്റുമതിൽ കടന്നെത്തും
ശബ്ദങ്ങളുടെ സാന്ത്വനം,
പാതവക്കിലൊരു തൊട്ടാവാടി-
പ്പൂവിന്റെ സൗന്ദര്യം,
കൈവെള്ളയിൽ പറത്തിവിട്ട
ഒരായിരം അപ്പൂപ്പൻതാടികൾ!

ഓർമ്മകൾക്ക് മീതെ ഞാൻ പിഴുതിട്ട
ഓലമടലുകൾ,
ദു:ഖത്തിന്റെ പെരുവെള്ളത്തിൽ
ഒലിച്ചുപോകേ;
ഹാ, എല്ലാം എന്റെ നഷ്ടസ്വപ്നങ്ങളെ
വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നൂ...

ചിരിക്കുപ്പിയിൽ ഒളിപ്പിച്ച
വ്യഥയുടെ ഭൂതങ്ങളേ, മറഞ്ഞേയിരിക്കൂ;
പൊറുക്കുക, തുറന്നു വിട്ടാൽ നിങ്ങളെന്റെ
ഹൃദയവും അടർത്തിക്കൊണ്ടേ പോകൂ..

പ്രിയാ, ഞാൻ നടിക്കട്ടെ
നീയില്ലായിരുന്നൂവെന്ന്,
എല്ലാം എന്റെ ഭാവനകളെന്ന്.