Wednesday 28 August 2013

പെയ്തു തോരാതെ

  


ജനാലത്തണുപ്പില്‍ മുഖം ചേര്‍ത്തു നില്‍ക്കെ
നിനയ്ക്കാതെ കണ്ണില്‍ തെറിച്ചുവീണ   
ഒരു മഴത്തുള്ളിയെന്‍ മിഴിത്തുള്ളിയോടൊത്തെന്റെ
എരിയും കനവിന്‍ കനല്‍ തണുപ്പിക്കവേ
ഓര്‍ത്തു ഞാനാ മഴക്കാലങ്ങളൊക്കേയും.

പുത്തനുടുപ്പു നനയ്ക്കുവാനെന്നും
പതിവായിയെത്തുന്ന തുള്ളിപ്പെരുമഴ!
ആര്‍ത്തുചിരിച്ചും, വെള്ളംതെറിപ്പിച്ചും,
കൈകോര്‍ത്തും, മുമ്പേ കുതിക്കുന്ന കൂട്ടുകാര്‍ ചൂടും 
ചെറുകുടപ്പൂക്കളില്‍ നൃത്തം ചവിട്ടുന്ന 
തൂവെള്ളിത്തുള്ളികള്‍ .
വക്കുപൊട്ടിയ മച്ചിന്റെ കോണിലൂടൊറ്റ രേഖയായ്
താഴെ വീഴും മഴവെള്ളത്തില്‍ 
ചോറ്റുപാത്രം കഴുകാന്‍ തിക്കുകൂട്ടും കുസൃതികള്‍ .

ഉച്ചക്കഞ്ഞിക്കായ്  കൈനീട്ടും 
കൊച്ചു വിശപ്പിന്‍ മുഖമോര്‍ത്തു വിങ്ങും 
ഒരമ്മതന്‍ തേങ്ങല്‍ പോലേ ...
നേര്‍ത്തു നേര്‍ത്തേ പോകും ചാറ്റല്‍ മഴക്കാറ്റില്‍ 
നൂലറ്റു വാലറ്റു വീണ നീലത്തുമ്പികള്‍  കണ്ട 
സ്വപ്നങ്ങളും അലിഞ്ഞുവോ?

മഴതോര്‍ന്നു... ഋതു മാറി ...
കുളി കഴിഞ്ഞീറനാം തളിര്‍ദളങ്ങള്‍ചായ്ച്ചു 
മരങ്ങള്‍ നില്‍ക്കേ..
വഴിയോരത്തെ തൈമാവിന്‍ കൊമ്പിലൊളിച്ച
കളിത്തോഴനെ തേടി ഞാന്‍  മേലെ നോക്കേ,
ഇലകളില്‍ ഒളിപ്പിച്ച ഒരു കുമ്പിള്‍ വെള്ളമെന്‍
തലയില്‍ കുലുക്കി അവന്‍ ചിരിക്കേ,
ആര്‍ദ്രമാമെന്‍ മിഴിക്കോണിലെ പരിഭവം 
സാന്ദ്രമാം വിരല്‍ നീട്ടി തുടച്ചോരു തെന്നലും 
എന്നോ അകന്നുപോയൊരു പ്രണയവും 
സ്മൃതിയിലിന്നും കുളിര്‍ കാറ്റുപോല്‍  ശീതളം...

രാത്രിമഴ ജാരനെപ്പോല്‍ 
വാതിലില്‍ മുട്ടുമ്പോള്‍ 
രജതപുഷ്പങ്ങള്‍ മിഴി തുറക്കുന്നു.
പനി പുതക്കും  കമ്പളത്തിനുള്ളിലെന്‍ 
ഹൃദയകമ്പനം മഴത്താളത്തില്‍ ലയിക്കുന്നൂ... 

ഒരു കാലവര്‍ഷ പ്രവാഹത്തിലെന്റെ-
യകര്‍മ്മവുമഹന്തയുമൊലിച്ചു പോകുമ്പോള്‍ 
പവിത്രമാമീ മേഘ പുഷ്പത്തിന്‍ വൃഷ്ടിയില്‍ 
വ്രണങ്ങളും വ്യഥകളും  പാടെ മാറി 
ഞാന്‍ വീണ്ടും പൂര്‍ണ്ണയായീ ..
ഞാൻ... വീണ്ടും.. പൂര്‍ണ്ണയായീ ..

ഇനി ഉറങ്ങട്ടെ ഞാന്‍ ശാന്തമായ്‌ , സ്വസ്ഥമായ് 
ഈ മഴത്തുള്ളിതന്‍ സാന്ത്വനത്താരാട്ടില്‍ ..
ഇനി ഉറങ്ങട്ടെ ഞാന്‍ ....
ശാന്തമായ്‌ ...സ്വസ്ഥമായ് .

Tuesday 27 August 2013

അടുപ്പത്തിന്റെ അകലം

കൊരുത്ത ചുണ്ടുകൾക്കും
കോർത്ത വിരലുകൾക്കും
ഇടയിലെ വിടവിന്റെ അകലം
നമുക്കുമാത്രമേ അറിയൂ

അടഞ്ഞ വാതിലിനുള്ളിൽ
ഞാനൊഴുക്കിയ കണ്ണീർ
നിനക്കറിയില്ല

തുറന്ന വാതിലിനു മുൻപിലെ
ചിരിയുടെ പൊള്ളത്തരം
നമുക്ക് രണ്ടാൾക്കും അറിയാം

Sunday 25 August 2013

അമ്മയ്ക്ക്







അമ്മയ്ക്ക് വാസനസോപ്പിന്റെയൊ 
സുഗന്ധദ്രവ്യങ്ങളുടെയോ മണമില്ല 
പാടത്തും, പറമ്പിലും, പാചകപ്പുരയിലും 
പണിഞ്ഞു തളർന്ന വിയർപ്പുഗന്ധമാണ് 
ആ ഗന്ധത്തിനോ 
ആയിരം പനിനീർപുഷ്പങ്ങളേക്കാൾ സുഗന്ധമുണ്ട്

അമ്മയുടെ ദേഹത്തതിനെപ്പോഴും ചൂടാണ് 
ഈറ്റുനോവേറ്റ്‌  മക്കളെ പെറ്റനാൾതൊട്ട് 
നീറ്റുകക്കപോലെ 
തീ തിന്നുകൊണ്ടേയിരിക്കുന്നതിന്റെ  ചൂട്
എങ്കിലും, ഒരു ചുടു ആലിംഗനത്തിൽ 
സ്നേഹത്തിന്റെ സ്നിഗ്ദ്ധതയും, കളിർമയുമുണ്ട്

ഉണ്ണിയെ തിരികെ കിട്ടാൻ
ഭൂതത്തിന് കാഴ്ച വെച്ചതാണാ കണ്ണുകൾ
എങ്കിലും, മക്കളുടെ ഹൃദയ നൊമ്പരം 
അവർക്കും  മുൻപേ അമ്മയറിയുന്നു;
അകക്കണ്ണിൽ

അമ്മയ്ക്ക് കണ്ണുനീരിന്റെ ഉപ്പുരസമോ, 
ക്രോധത്തിന്റെ കയ്പോ, 
സ്പർദ്ധയുടെ ചവർപ്പോ ഇല്ല. 
വിഭവസമൃദ്ധമായ 
സദ്യയുടെ രുചിയാണ് അമ്മയ്ക്കെന്നും
പായസത്തിന്റെ, പഴംപൊരിയുടെ,
പപ്പടത്തിന്റെ, പരിപ്പുവടയുടെ  
കൊതിപ്പിക്കുന്ന രുചി 
അരവയറിലും നിറമനം നൽകുന്ന 
നന്മയുടെ രുചി

നാലല്ലെനിക്ക്‌ നാല്പതു വയസ്സായീ-
യെന്നമ്മയോടു  പറയാതിരിക്കുക.  
അമ്മയുടെ ഓർമ്മകളിലിപ്പോഴും 
പിഞ്ചു  പാദങ്ങളുടെ പിച്ചവെപ്പാണ്

ഈ അമ്മയ്ക്ക് ചെവി കേട്ടൂടേയെന്നു-
ചൊടിക്കും മുൻപ്;
അമ്മയ്ക്ക് ചെക്കുകളോ
മണിയോഡറുകളോ വേണ്ട!
ഫോണിലൂടെ അമ്മ വിശേഷങ്ങൾ
വാതോരാതെ പറയുമ്പോൾ,
കേൾക്കാൻ ഒരു കാത്‌,
അമ്മേ, സുഖമാണോയെന്നൊരു ചോദ്യം,
ഞാനടുത്തുതന്നെ നാട്ടിൽ  വരും
എന്നൊരാശ്വാസവചനം,
കാണുമ്പോഴൊരുമ്മ, ഒരാശ്ലേഷം. 
ഇതുമതി അമ്മയ്ക്ക്.. എന്നും.