Tuesday 10 September 2013

കൊന്നപ്പൂക്കൾ

സ്വർണ്ണവർണ്ണയായ സോദരി
കണ്ണനേറ്റം പ്രിയങ്കരി
കൃഷ്ണപാദങ്ങൾ പുൽകി
പുഷ്പറാണിയായ് തിളങ്ങുമ്പോൾ;

വഴിയോരത്തെ വേലിപ്പത്തലായ്,
വെട്ടി തീയിലെറിയും  വരെ,
ആർക്കോ ചീഞ്ഞു വളമാകും വരെ,
വീട്ടുകാർ വെട്ടിമുറിച്ച ചില്ലകൾ നിറയെ
ഇളം റോസ് പുഷ്പങ്ങളാൽ
നിഷ്കളങ്ക സൗന്ദര്യം വിരിച്ച്,
ആരാലും ശ്രദ്ധിക്കാതെ,
ആരോടും സങ്കടമോതാതെ 
ഒരു ജ്യേഷ്ഠത്തി,

ഇവൾ  ശീമക്കൊന്ന.

സഖീ,
ഞാനെന്നും നിന്നെയേ അറിഞ്ഞിട്ടുള്ളൂ ...

Sunday 1 September 2013

വിദ്യാരംഭം













ഉണ്ണി നടക്കുക, ഉണ്ണി നടക്കുക,
പടിവരെ വരാം ഞാനും പൈതലേ
അരുതേ, നിന്നശ്രുകണങ്ങൾകൊണ്ടെന്റെ
വരണ്ട പാദങ്ങൾ നനയ്ക്കരുതേ ....
ഇറുക്കെപ്പിടിക്കൂ നിന്നിളംകൈയ്യാ-
ലെന്നിടംകൈയ്യിൻ വിരൽത്തുമ്പിൽ,
അമ്മയുണ്ട്‌, പടിവാതിൽക്കലോളം.

ആധിയുണ്ടേറെ, ആദ്യാക്ഷരം-
പഠിക്കുവാൻ നീ പോകുമ്പോൾ,
എന്തിനെന്നറിയാതെയെന്റെ പൊന്നോമലേ!
പൊതിഞ്ഞു പരിരക്ഷിച്ചു നിൻ ശൈശവം
മുലപ്പാൽ കവചത്താൽ ഇത്രമേൽ ശാശ്വതം.
കരിവരച്ച് കരിങ്കണ്ണിയെ പറ്റിച്ചു
കടുക് വറുത്ത് കരിങ്കാളീകൃപ യാചിച്ചൂ.
ബന്ധിച്ചു രക്ഷകൾ മന്ത്രിച്ച തകിടുകൾ,
നേദിച്ചു നേർച്ചയായ് നേന്ത്രവാഴക്കുല.

ഉണ്ണി നടക്കുക, ഉണ്ണി നടക്കുക,
അമർത്തിച്ചവിട്ടൂ നിൻ പാദകമലങ്ങൾ
പതറാതെ ഇടറാതെ
എന്റെ കാൽപാടിലൂടെ...

ഇല്ല പഴുതാരകൾ,
പത്തിവിരിക്കും പാമ്പുകൾ,
പുലരിയിൽ പാലപ്പൂപെറുക്കും
യാമയക്ഷികൾ,
ഇല്ല കല്ലുകൾ, കാരമുള്ളുകൾ
കിളിക്കുഞ്ഞിൻ കാലുകൾ കുത്തിനോവിക്കുവാൻ
വഴി നടക്കുക പാതയോരത്തിലൂടെ.

കൂട്ടുമോ കൂട്ടുകാർ നിന്നേയും കൂട്ടത്തിൽ?
കുഞ്ഞുവിരലുകൾ നോവുമോ
കല്ലുപെൻസിലാൽ കുറിക്കുമ്പോൾ?
കഴിക്കുമോ? അമ്മ കണ്ണീരിൽ വേവിച്ച-
ഈ പൊതിച്ചോർ?
മറന്നോ മഷിത്തണ്ട്?
മഞ്ഞക്കറ പുരണ്ടോ
കുഞ്ഞുപുളിയിലക്കരമുണ്ടിൽ ?
ഉണ്ട്, ഇനിയുമൊരായിരം ശങ്കകളോമനേ-
യമ്മതൻ വിഭ്രാന്തചേതസ്സിലെങ്കിലും
കണ്ടു കണ്‍കുളിർന്നൂ, പ്രൗഢിയിൽ-
പുസ്തകസഞ്ചി തൂക്കി നീ നടന്നത്.

ഉണ്ണി നടക്കുക, ഉണ്ണി നടക്കുക,
മുന്നിൽ തെളിയുന്നു വിദ്യാലയം.
ഇനിയുള്ള കാതം തനിച്ചു നീ താണ്ടണം
കനവിന്റെ വർണ്ണച്ചിറകിൽ പറക്കണം
കനിവിൻ ചിറാതുകൾ കണ്ണിൽ ജ്വലിക്കണം
നേരെന്ന വാക്കുവാളാക്കി പടവെട്ടണം
അഹിംസയാലഗ്നിവ്യൂഹം തകർക്കണം
അറിവിന്നമൃതം ഗുരുദക്ഷിണയാക്കണം
മൊഴിയിൽ മഷിക്കറ പുരളാതെ നോക്കണം
ഊഴി കാക്കും കാരുണ്യവാനെ നമിക്കണം
മേലെ മേഘങ്ങളെ തൊട്ടു വന്നെന്നാലും
താഴെയെൻ തങ്കക്കുടമായ് ചിരിക്കണം
ചിറകുകുഴഞ്ഞ് തളർന്നു പോയെന്നാലോ
ചകിതനാകാതീ തായ് വൃക്ഷത്തിൽ  ചേക്കേറണം
ചകിതനാകാതെ, ഈ തായ് വൃക്ഷത്തിൽ
ചേക്കേറണം ...

കൃശമാണുദേഹം,
കോശങ്ങൾ കാർന്നുതിന്നുന്ന തിക്താർബുദകൃമികളാൽ
ക്ലേശയാണെന്നാലും
കെല്പുണ്ട്, കാളക്കൂറ്റനെവെല്ലാൻ-
നിന്നമ്മതൻ കരളുറപ്പിൻ കരുത്തിന്.

കാത്തിരിപ്പ്



ഒരമാവാസി രാത്രിയിലാദ്യമായ്
അമ്മേയെന്ന് വിളിച്ചു ഞാൻ വന്നു.
ആരും വന്നില്ല; വിളി കേട്ടതുമില്ല.
അമ്മിഞ്ഞപ്പാലും
സ്നിഗ്ധസ്നേഹസ്പർശവും
കൊതിച്ചത് വെറുതെ!
എനിക്കുവേണ്ടി വിദൂരങ്ങളിൽ നിന്നുപോലും
ഒരു വിതുമ്പൽ കേട്ടില്ല.

ഓവുചാലിലെ ഓക്കാനത്തിൽ പൊതിഞ്ഞ
എന്റെ അടഞ്ഞ ശബ്ദവും പേറി
അവർ തുറന്ന വാതിലുകളിലൂടെ
ഞാൻ കണ്ട മുഖങ്ങളിൽ
മനസ്സ് മരിച്ചവരുടെ മരവിപ്പ് മാത്രം.
എച്ചിൽ പങ്കിന്റെ ശേഷം പറ്റുവാൻ
വേറൊരാൾ കൂടി വന്നതിലല്പം
വെറുപ്പുപോലും?

വർഷങ്ങളോരോന്നായ്‌ പോയിട്ടും
വഴിക്കണ്ണുമായ്‌ നിന്നപ്പോൾ
വിരുന്നു വന്നത് വിശപ്പ്‌ മാത്രം!
അഹത്തെ അറിയാത്തവർ
ദേഹത്തെ ധ്വംസിച്ചിട്ടും
അഴുക്കുചാലിൽ ഉപേക്ഷിച്ച തേങ്ങൽ
മൗനമായ് ഉറഞ്ഞുപോയി.

ഒടുവിൽ,
കോടിമുണ്ട് പുതയ്ക്കാത്ത എന്റെ ഹൃദയം
നിശബ്ദതയുടെ കൊടുമുടിയിൽ
കെട്ടിത്തൂക്കിയപ്പോൾ
കൊത്തുവാൻ
ഒരു കഴുകൻ പോലും ഇല്ലേ?