Tuesday 10 June 2014

അച്ഛൻ പട്ടാളത്തിലായിരുന്നു

പത്രക്കാരൻ പയ്യൻ 
പുതിയതാണെന്ന് തോന്നുന്നു 
അതാവാം 
അച്ഛൻ ഉണ്ടാക്കിയ പത്ര വീട് കാണാതെ 
ആനുകാലികങ്ങളെ സൈക്കിള്‍ മണിയൊച്ചക്കും 
ഇരച്ചു കനത്തു വന്ന കാലവർഷത്തിനുമൊപ്പം
വരാന്തയിലേക്ക് നീട്ടിയെറിഞ്ഞത് 

അക്ഷരങ്ങൾക്ക് എറിച്ചിലടിക്കാതെ
വീട് കെട്ടാൻ സാമഗ്രികൾ ചികയുമ്പോൾ 
കലവറയിൽ കാലങ്ങളായി കുടി കിടക്കുന്ന 
ഒന്നു രണ്ടു പേർക്കെങ്കിലും 
പട്ടയം കിട്ടിയല്ലോന്ന് അമ്മയും 
അച്ഛന് അടുത്ത ഭ്രാന്ത് തുടങ്ങിയെന്ന് 
ഞങ്ങളും പിറുപിറുത്തത് 
തുരുമ്പിച്ച അരത്തിന്റെ കരകരപ്പിൽ 
മുക്കിക്കളഞ്ഞത് 
ദേഹം വിയർക്കാതെ വയർ നിറഞ്ഞാൽ 
മക്കൾക്ക്‌ 
വീരാരാധനയിൽനിന്നും പുച്ഛരസത്തിലേക്ക്  
വളർച്ചാവകാശങ്ങൾ ലഭിക്കുമെന്ന
അച്ഛന്റെ അനുഭവഅറിവുകളാവാം 

പച്ചപ്പാടങ്ങൾക്കും 
നേർത്ത കാറ്റിൽ 
പരകായപ്രവേശം സിദ്ധിച്ച 
നീളൻ കവുങ്ങുകൾക്കും മദ്ധ്യേ 
ഇഷ്ടിക അതിരുകൾ 
മുളച്ചു പൊങ്ങാത്തതിനാൽ 
മണ്ണും മനസ്സും അങ്ങോട്ടുമിങ്ങോട്ടും 
മാന്തിയെടുക്കാവുന്ന നാട്ടിൻ പുറങ്ങളെ 
ഉണ്ടയില്ലാ വെടിയൊച്ചകളായി 
പൊട്ടിച്ചിരിപ്പിക്കാൻ
പട്ടാളത്തിൽ നിന്നും വിരമിച്ചവരും,
ദുർഗന്ധം വമിക്കുന്ന ചവറ്റു കൂനകളെ 
മിനുസമുള്ള കല്ലുകൾ പാകി
സുന്ദരമാക്കിയ മതിലുകൾ കൊണ്ട് 
മറച്ചു വച്ച നാഗരീകപ്രൗഢിയിൽ,
ഉത്സവ നാളുകൾ പോലെ 
ക്ഷണികമായി കൊട്ടിഘോഷിച്ച 
കെട്ടുകാഴ്ചകളായി 
വീരചരമമടഞ്ഞവരും മാറുമെന്നും 
അതിൽ നിസ്സംഗരായിരിക്കാനേ 
വോട്ടർ പട്ടികയിൽ പേരില്ലാത്ത 
പട്ടാളക്കാരനുമാവൂന്നും 
വടക്കേ ഇന്ത്യയിലെ 
എല്ലു കോച്ചുന്ന തണുപ്പിലും 
കണ്ണു കാച്ചുന്ന ചൂടിലും 
മൂന്നര പതിറ്റാണ്ടു ജീവിച്ചു ദേശം കാത്ത 
അച്ഛനാകില്ലേ നിശ്ചയം 

അപ്പൊ പറഞ്ഞു വന്നതെന്താന്നു വെച്ചാൽ 
നനഞ്ഞു കുതിർന്ന അക്ഷരങ്ങളെ നോക്കി 
ഈ പയ്യനെന്താ പത്ര വീട് കാണാഞ്ഞേന്ന
പിറുപിറുപ്പുകൾ മുന്നാമ്പുറത്തേക്ക് ചിതറുമ്പോൾ
മേഘങ്ങളെ നോക്കി 
ഇനിയും ഉരുണ്ടു കൂടുന്ന ഓർമ്മകളിൽ 
നഷ്ടപ്പെട്ട് നില്ക്കുന്ന അച്ഛന്മാരെ,
രുചിയോർമ്മകളിൽ കൊതിയൂറുമ്പോഴെങ്കിലും 
അമ്മമാരെ ഓർക്കുന്ന നമ്മൾ 
മറന്നു പോകാറില്ലേന്നൊന്നു ശങ്കിച്ചതാണ്  

2 comments:

  1. Yeah, Father's Day is here, have to say that ur thoughts are really appreciable..
    Regards

    ReplyDelete
  2. thank you for reading the poem

    ReplyDelete