Monday 28 April 2014

പിൻവിളികൾ

അപ്രാപ്യമായതിനെന്നുമുണ്ട്
ഭ്രാന്തസൗന്ദര്യത്തിൻ ഭ്രമരതന്ത്രം

എന്നോ നഷ്ടമായതിലോ ?
പാടേ വേരറ്റുപോകാതെ
ചോരയിറ്റിക്കും
നോവിന്റെ മൗനസാന്നിദ്ധ്യം

സ്വയം പിഴുതെറിഞ്ഞു തമ്മിൽ
പിരിഞ്ഞകന്നെന്നാലും
പിൻവിളിയുമായ്‌ വരും
നേർത്ത കാറ്റിലും ഞെട്ടറ്റുവീഴുന്ന ഓർമ്മകൾ
ഒരൊറ്റ ചുംബനത്താലന്യോന്യ-
മൊറ്റിക്കൊടുത്താലും
തൊണ്ടയിൽ തടയും വിതുമ്പലിൻ ചീളുകൾ

എറിയാനായും മുന്നേ മുഷ്ടിയിൽ
ചുരുട്ടിക്കൂട്ടിപ്പിടിച്ച
നിൻ ഹൃദയം നുറുങ്ങും തുടിപ്പറിഞ്ഞ്
മണ്ണിൽപുതഞ്ഞു പാതി മുറിഞ്ഞൊരു
ചിപ്പിക്കുള്ളിലെയിരുളിലൊളിച്ചിട്ടും
വിരലിലുടക്കുന്നു
നിൻ വെയിലിൻ മഞ്ഞ നൂലുകൾ,
ഇനി എറിഞ്ഞുകളയുവതെങ്ങിനെ ?

മൂന്നാവർത്തി നിന്നെ തള്ളിപ്പറഞ്ഞ മാത്രകൾ
ഒരാർദ്രവിരൽ സ്പർശം
കൊതിച്ചരികെനീയിരുന്നിട്ടും
കണ്ണടച്ചുറക്കം നടിച്ച രാത്രികൾ
ശേഷിച്ച വീഞ്ഞു ഭരണിയിലും
കയ്പ്പുനീർ നിറച്ചു വച്ചോരാദിനങ്ങളിനിയും
കുടിച്ചു തീർക്കുവാൻ വയ്യ

വെള്ള വസ്ത്രങ്ങളണിഞ്ഞ്,
നാളെ നിന്നോടൊപ്പമെനിക്കുമുയർക്കണം
ഇറുത്തുവീണിട്ടുമിറ്റുവീഴുമീചൊനപ്പാടിലൂടെ
നിന്നിലേക്കെത്തണം
മിഴിനീർമുത്തിൽ തെളിയും
മഴവിൽതുമ്പിലൂടെനിക്കു-
നിന്നിലെ സൂര്യനിൽ ചേരണം
നിന്നോടൊപ്പമിനിയും ജ്വലിക്കണം






Friday 4 April 2014

മതിൽ

നിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ 
ഞാൻ ആർത്തു ചിരിച്ചു 
നിന്റെ കുഞ്ഞുനൊമ്പരങ്ങളിൽ 
വിമ്മിക്കരഞ്ഞു 
കുസൃതികളിൽ പൊട്ടിച്ചിരിച്ചു 
നിന്റെ വിജയങ്ങൾ 
പുരമുകളിൽ പ്രഘോഷിച്ചു
നിന്നെ നോവിച്ചവരോട് 
പേപ്പട്ടിയെപ്പോലെ കുരച്ചു
അവർക്കെതിരെ ഒരാനപ്പക 
കരളിൽ കൂട്ടിവച്ചു
കാക്കയോട് ഉറക്കെ കയർക്കുന്ന
പിടച്ചിക്കോഴിയേപ്പോലെ
എന്റെ ചിറകുകൾക്കടിയിൽ
നിന്നെ ഞാൻ സംരക്ഷിച്ചു
എന്നിട്ടും,
എന്നിട്ടും കുഞ്ഞേ
എന്നാണ് നമുക്കിടയിൽ
ഈ മതിൽ പൊങ്ങിവന്നത് ?