Saturday 20 September 2014

അനിവാര്യമായ ഒറ്റപ്പെടലുകൾ

കറുപ്പ് വീണ കണ്‍തടങ്ങളും
ശോണിമ ചോർന്നു പോയ കവിളിണകളും
അവിരാമമായ പ്രണയരാവുകളുടെ
ശേഷിപ്പുകളാവാമെങ്കിലും
ഓരോ മഴത്തുള്ളിക്കുമൊപ്പം
മണ്ണിലേക്കടർന്നു വീഴുന്ന
മുല്ലപ്പൂക്കളേപ്പോലെ
വിഷാദത്താൽ നനഞ്ഞുപോയ
എന്റെ സുഗന്ധത്തെ
പെറുക്കിക്കൂട്ടികോർത്തെടുക്കുവാൻ
നിന്നെ ഞാൻ കാത്തിരിക്കില്ല

കടന്നു പോകുന്ന വഴികളിൽ, പൂമരങ്ങളിൽ

കിളിക്കൂടുകളിൽ, പുൽമേടുകളിൽ
നിന്നെ  തിരയുമ്പോഴും
പലവട്ടം വായിക്കുമ്പോൾ
അപരിചിതമാവുന്ന അടയാളങ്ങൾ
അനിവാര്യമായ മറവിയുടെ
ഒറ്റപ്പെടലുകളെയാണ് ഓർമ്മിപ്പിക്കുന്നതെന്നത്‌
എന്നെ ഭയപ്പെടുത്തുകയുമില്ല


പൂവ് പോലെ മൃദുലമെങ്കിലും
കാടുപോലെ തീവ്രമാണെന്നിലെപ്രണയിനി
കിനാവള്ളികളുടെ വിമോഹനങ്ങളിൽ
നിന്റെ ഭാവിപഥങ്ങളെ ഞാൻ കുരുക്കിയിടില്ല
നിശ്വാസങ്ങളുടെ പരിഭവവലയങ്ങളാൽ
ശ്വാസം മുട്ടിക്കുകയുമില്ല
സ്വച്ഛമായ ഈ വസന്തത്തിലും
കഠിനവാക്കുകളുടെ കൊടും ശൈത്യത്താൽ
നീയെന്നെ നോവിക്കുന്നു
എന്റെ ആവലാതികളും അന്തമില്ലാത്ത
ആലോചനകളും സഹ്യമാകും മുൻപേ
നിനക്കെന്നെയുപേക്ഷിക്കാം


ആദ്യമായി നഗരം കണ്ടമ്പരന്ന
കൗമാരത്തിന്റെ ഉന്മാദവും
യൗവ്വനത്തിന്റെ തീക്ഷ്ണഭാവങ്ങളും
എന്നേ എന്നെ വിട്ടകന്നിരിക്കുന്നു

ചിലപ്പോൾ,
ചിലപ്പോളെനിക്കും
ഒരൊറ്റ നിമിഷം കൊണ്ട് നിന്നെ
മറക്കുവാൻ കഴിഞ്ഞേക്കും



No comments:

Post a Comment