Tuesday, 16 December 2014

വിരാമം

പാട്ട് നഷ്ടമായ കിളിയാണ് എന്റെ കവിത
താഴ്വരകളിൽ അലഞ്ഞു തിരിയുന്ന
പ്രതിദ്ധ്വനികളിലേക്ക്  കാതടച്ചു വച്ച്
അത് മൗനിയായിരിക്കുന്നു
വേടനെയ്ത അമ്പിന്റെ മുരൾച്ച പോലും
അതറിയുന്നില്ല

ഈറൻ നഷ്ടമായ കാറ്റാണ് എന്റെ കവിത
വരണ്ട നാവു കൊണ്ട്
അതെന്റെ നെഞ്ചിലെ തീ   
വീണ്ടും വീണ്ടും  നൊട്ടി നുണഞ്ഞുകൊണ്ടിരിക്കുന്നു

പ്രണയം കൊഴിഞ്ഞു പോയ
ചില്ലയാണ് എന്റെ കവിത
കൂമ്പടഞ്ഞു പോയതിനാൽ തളിർക്കാൻ
നാമ്പുകളില്ലാതെ അത് ഉണങ്ങിത്തുടങ്ങിയിരിക്കുന്നു
വസന്തം എന്നേ അതിനെ മറന്നു കഴിഞ്ഞു !

വെടിച്ചു കീറിയ മണ്ണാണ് എന്റെ കവിത
ഒതുക്കു കല്ലുകളിറങ്ങി അത് നീന്തിയൊഴുകിയ
കുളങ്ങളുടെ ഉറവ വറ്റിപ്പോയിരിക്കുന്നു
കളകൾ പോലും പിറവി കൊള്ളാത്ത
അതിന്റെ വന്ധ്യതയെ
പരിഹസിക്കാതിരിക്കുക

ഉപ്പു നഷ്ടമായ കടൽത്തിരകളെ, നിങ്ങളും
എന്റെ കവിതയാവുക
ഉണങ്ങാത്ത എന്റെ മുറിവുകളെ
നിങ്ങളുടെ ആരോഹണാവരോഹണങ്ങളാൽ
നോവിച്ചുകൊണ്ടേയിരിക്കുക

തെളിനീരിനായി  തടാകത്തിലേക്ക്  
ചുണ്ട് ചേർത്ത പേടമാനെ
ഓർക്കാപ്പുറത്തു പൊങ്ങി വന്ന
ചീങ്കണ്ണി കൊന്നുതിന്നിരിക്കുന്നു
ചുറ്റിലും പരന്ന രക്തത്താൽ
എന്റെ കവിതയുടെ അന്ത്യത്തിൽ
ഞാനൊരു വിരാമചിഹ്നം വരക്കുന്നു

അതിനാൽ തോഴരേ, മരിച്ചവരുടെ കവിതകളിലിനി 
ജീവിതത്തെ തേടാതിരിക്കുക

No comments:

Post a Comment