Monday 25 August 2014

വീട്

നാലുചുറ്റും പരന്നു കിടക്കുന്ന
വിസ്മ്രിതിയുടെ മണൽതിട്ട്കളിൽ
ഓർമ്മയിലേക്ക് തുറക്കുന്ന
കൊച്ചു കൊച്ചു കുഴികളിൽ നിന്ന്
ഊതിപ്പുറത്തെടുത്ത
സ്മൃതിപഥങ്ങളിലെ കുഴിയാനകൾ,
മിഴികളിൽ പാറിവീണ
മണൽത്തരികളുടെ കണ്ണീർതിളക്കത്തിലും
ചൂണ്ടുവിരൽതുമ്പിൽ പമ്മിയിരിക്കുന്ന
കുഴിയാനക്ക് ഒരു തുമ്പിക്കൈയുണ്ടെന്ന
കണ്ടുപിടുത്തത്തിലെ ആവേശം

വീട്, ഇന്നും കൗതുകങ്ങളുടെ ഒരു
മാന്ത്രികച്ചെപ്പ് തന്നെ
ഓരോ മുറികൾക്കുമുണ്ട്, ഓർമ്മകളുടെ
കടുംനിറങ്ങൾ പുതപ്പിച്ച കഥകൾ
ഓരോ ചുവടുവപ്പിലും ചുരുൾ നിവരുന്ന
രഹസ്യങ്ങൾ, ഉദ്യേഗങ്ങൾ
വാതിൽ പാളികളുടെ ഇരുളിൽ
പതിയിരിക്കുന്ന യക്ഷിക്കഥകൾ
തീൻമേശയ്ക്കു ചുറ്റുമുള്ള പൊട്ടിച്ചിരികളിൽ
മച്ചിന് മൂലേക്കു മൂലേക്ക്‌
വല കെട്ടിപ്പോകുന്ന സങ്കടങ്ങൾ
മിഠായി ഭരണികൾ കാലിയാക്കുന്ന
കള്ളത്തരങ്ങളുടെ ആദ്യ പാഠങ്ങൾ
ചുമർചായങ്ങൾ പൊള്ളിയടർത്തിയ
വാഗ്വാദങ്ങൾ
മഴത്തുള്ളികൾക്കൊപ്പം
പനിച്ചു കുളിരുന്ന ആർദ്രഭാവങ്ങൾ

കാലയാനങ്ങൾ 
ഓരോരോ മുറികളിൽ നിന്നായ്
വെളിച്ചമണച്ചണച്ചുപോകുമ്പോൾ
നിറഞ്ഞു നിറഞ്ഞു വരുന്ന മൗനം
അസഹ്യമായതിനാലാവാം
ഞാൻ മെല്ലെ മെല്ലെ തുറന്നിട്ടും
വാതിലുകൾ ഉറക്കെ ശബ്ദമുണ്ടാക്കുന്നതും
വെള്ളടാപ്പുകൾ വെറുതെ 
പൊട്ടിക്കരയുന്നതും  




Thursday 7 August 2014

ചക്കയട

മഴനാരുകൾ കിളിക്കൂടുപോലെ
പൊതിഞ്ഞു പിടിച്ച വൈകുന്നേരങ്ങൾ,
വാഴയിലയിൽ ചുട്ടെടുത്ത
ചക്കയടകളുടെ മാധുര്യം
ഇളം നോവായ്‌ പരന്നു പൊങ്ങുമ്പോഴാണ്
ഓർമ്മകൾ പേമാരിയായി പെയ്യുന്നതും
ആ കുത്തൊഴുക്കിലുലഞ്ഞ്
അമ്മച്ചിയുടെ നെടുവീർപ്പുകളേക്കുറിച്ചോർത്ത്
അമ്മ ഉറക്കെയുറക്കെ നെടുവീർപ്പുകളിടുന്നതും

വേവലാതിയോടെ തിണർത്തു പൊന്തുന്ന
അമ്മയുടെ കൈ ഞരമ്പുകളിൽ കണ്ണോടിച്ച് 
ചക്കയരക്കു പോലെ നെഞ്ചിൽ ഒട്ടിയിരിക്കുന്ന
ഒരു സ്നേഹത്തെ ഓർത്തെടുക്കാൻ
ശ്രമിക്കയാവും ഞാൻ

പറമ്പായ പറമ്പെല്ലാം പ്ളാവുകൾ
പ്ളാവായ പ്ളാവെല്ലാം ചക്കകൾ
പറിക്കാനും മുറിക്കാനും പെറുക്കാനും
ചെറുപ്പത്തിൽ തേൻവരിക്കകളുടെ
സ്വാദറിഞ്ഞവരാരുമെത്താത്തതോർത്ത്‌
മരിക്കും മുൻപ് അമ്മച്ചി
നെടുവീർപ്പിടുന്നതോർത്തോർത്താണ്
അമ്മ നെടുവീർപ്പുകളിട്ടത്‌

ഞാനും നെടുവീർപ്പിട്ടു
ഓർത്തെടുത്തപ്പോൾ അടർത്തി മാറ്റാ
വയ്യാത്താസ്നേഹത്തെക്കുറിച്ചോർത്ത്
തിണർത്തു വരുന്ന എന്റേയും
കൈഞരമ്പുകളേക്കുറിച്ചോർത്ത്
വരാനിരിക്കുന്ന, ആരും വരാതാവുന്ന
ചക്കക്കാലങ്ങളെക്കുറിച്ചോർത്ത്