Friday 12 February 2021

വിശ്വകർഷകർ

#കർഷകർക്കൊപ്പം#


വിശ്വകർഷകർ

——————-


വാടിനിൽക്കയാണീ 

മേടമാസപ്പുലരി, 

ശോകശോണിതം;

അകലെ, ആകാശവാതിലിൽ മുട്ടി 

തളരുന്നു  ആർത്തവിലാപങ്ങൾ..


തൊഴുതുനിൽക്കയാണീപകൽ,

നിഴലനക്കങ്ങളില്ലാതെ, 

നീയും ഞാനും...

ആത്മാവിൽ ഒറ്റയായ്, ഇരട്ടയായ് 

ചിലമ്പുന്ന മണിമുഴക്കങ്ങൾ.


ആരാണിന്നും അവമതിയാൽ

പ്രാണത്യാഗം ചെയ്തവൻ?

ആരുടെ ഉണ്ണികൾ അനാഥരായ്? 

ആരുടെ വയലുകൾ അനാഥമായ്....?


നീയും ഞാനുമീ പാഴ്നിലത്തിൽ,

വിഷാദം വിഷവിത്തെറിഞ്ഞ ഭൂവിൽ,

ശേഷിച്ച വൃദ്ധകർഷകർ.. 


ഉഴുതുമറിച്ച ചിന്തകൾക്കോരം

ഉലഞ്ഞുനിൽക്കുകയാണോ നീയും?


വരൂ, ഈ തഴപ്പായിൽ വന്നിരിക്കൂ..

പഴയൊരു സാന്ത്വനവാക്കുപോലീ-

പാളവിശറിയാൽ വീശി വിയർപ്പാറ്റാം..

ഉള്ളിലെ വെള്ളേട്ടുപുസ്തകത്താളിലെ 

ചിത്രങ്ങൾ ഞാനൊന്നെടുത്തുകാട്ടാം..


നീയും, ഞാനുമീകുടിയും, പാടവും,

പുഴയും, പുണരും പൂമരങ്ങളും... 

ഗ്രീഷ്മവും, വർഷവും, ശിശിരഹേമന്തവും,

വസന്തവും ചാലിച്ച നിറവിസ്മയം!


വിളവെടുപ്പുകൾ, കൊയ്ത്തുൽസവങ്ങൾ, 

ഒരിക്കലും മങ്ങാത്ത ഓർമ്മ ചിത്രങ്ങൾ..


എത്ര ശബളാഭം, നിത്യഹരിതാഭം! 

ഈ ചിത്രസഞ്ചയത്തിൽ

നാം കാത്ത ഹർഷം!


കണ്ണിൽ നിറയുന്നാചാരുദൃശ്യങ്ങൾ

മണ്ണിൽ നാം പൊന്നു വിതച്ച നിമിഷങ്ങൾ..


നിന്റെ വിരൽതുമ്പിൽ 

മിന്നൽപ്പിണർ


ഉഴുത വയൽച്ചെളിയിൽ 

നമ്മുടെ കാൽപ്പാടുകൾ


മഴക്കൊപ്പം നടക്കുന്ന നീ.. 

നിന്റെ മുടിയിൽ പെയ്തിറങ്ങും 

ഘനമേഘസന്ധ്യകൾ


വെയിലിൽ മിന്നും 

എന്റെ സ്വേദക്കൽ മുക്കുത്തി


കാറ്റിൻ തണലേറ്റ് 

കുളിരേറ്റ് നമ്മൾ


ഞാൻ മുടിയിൽ ചൂടിയ  

മുരിക്കിൻപൂവിൽ 

കെട്ടിയാടുന്ന തെയ്യം...


എല്ലാം ഇന്നലത്തെ കാഴ്ച്ചകൾ,

എന്നേ പണയത്തിലായ കനവുകൾ!


നീയും ഞാനും..

ബോധബോധങ്ങളിൽ വേരാഴ്ത്തി

തിടം വച്ച് കനം വച്ച 

കടമകളുടെ തീരാക്കടങ്ങളിൽ,

ചുറ്റിപ്പിണയും പരാദസ്വപ്നങ്ങളിൽ,

പട്ടുപോയ പടുവൃക്ഷം..


എങ്ങും നിറങ്ങൾ വാർന്നുപോയൊരപാരത, 

മാഞ്ഞുപോയ് വയൽപ്പച്ച,

എങ്ങോ പറന്നുപോയ് 

വെൺചിറകുകൾ  വീശി വീശി 

ജലപക്ഷികൾ..


മണ്ണിൻ കുരലുണങ്ങി...

ഇനിയിറ്റു

നീർകണം തേടി നാമെങ്ങുപോകും?


കരിഞ്ഞുപോയ് മോഹക്കതിർക്കുല..

വറുതിയാൽ നിറയുന്നു കളപ്പുര.. 


മൺമറഞ്ഞു, നാഴിയിൽ നെല്ലളന്നു 

പറ നിറച്ച പിതൃക്കളും,

കച്ചിത്തുറുവിൽ ഒളിച്ചു കളിച്ച 

ബാല്യവും..


ഹാ! നോക്കൂ, വിധിയുടെ ഉപജാപവിദ്യകൾ..

തള്ള ചത്ത എരുത്തിലെ കിടാവുകൾ, 

പൊള്ളയായ വാക്കുകൾ വാഗ്ദാനങ്ങൾ!


വിളവെടുപ്പുകൾ,  കൊയ്ത്തുൽസവങ്ങൾ 

എല്ലാം ഇന്നലത്തെ നഷ്ടസ്വപ്നങ്ങൾ..!


ഉലകമൊന്നാകെ ഊട്ടിയ നാമിനി

ഉരിയനെല്ലിന്നായ് എവിടെയെരന്നിടും....?


ഓർമ്മകളുടെയീമഹാവാതത്തിൽ 

നീയും ചുഴലുന്നുവോ?


വരൂ, ഈ തഴപ്പായിൽ വന്നിരിക്കൂ,

പരസ്പരം 

ഹൃദയതാളപ്പെരുക്കങ്ങൾ കേട്ടിനി 

കലമ്പാം, മുഷിയാം, 

തീവാക്കുകളന്യോന്യമെയ്യാം,

നീറിനീറി നെഞ്ഞുപൊള്ളിക്കുമീ 

വെണ്ണീറിനെ ഊതിയെരിയിക്കാം,

വീണ്ടും വീര്യം പകരാം..


തായ് വേരിലെന്നേ ചാരി വച്ചൊരീ 

കൈക്കോട്ടെടുക്കാം..


മുടന്തും കാളയേപ്പോലെ നുകം വലിക്കാം,

ഈ നിലമൊരുക്കാം..


ചിലമ്പും വാളുമായ് നെറുക 

കൊത്തിപ്പൊളിക്കാം,

നിണച്ചാലൊഴുക്കാം..


പൂർവ്വികർ നിദ്രപൂകുമീ 

ഭൂമികയുടെ ശുഷ്ക്കഹൃദയം

തേവി നനച്ചൂർവ്വരമാക്കാം..


വിതച്ചും, കൊയ്തും, മെതിച്ചും 

ഈ ഊഴിയെ ഊട്ടാം,


ചെഞ്ചോരയാൽ ചായങ്ങൾ ചാലിച്ചുചാലിച്ചീ- പ്രപഞ്ചത്തെ  വീണ്ടും വർണ്ണാഭമാക്കാം.


ഞാനും നീയും, ഈ മരുപഥത്തിൽ,

കുരല് പൊട്ടെ കൊയ്ത്തുപാട്ടുപാടുമീ വയൽക്കിളിയൊപ്പം,

മരുപ്പച്ച തേടിയലയുന്ന 

സ്വപ്നദർശികൾ.. 

നമ്മൾ വിശ്വകർഷകർ..

നമ്മൾ വിശ്വകർഷകർ.