Thursday 25 December 2014

വസന്തമേ, നിന്നെയും കാത്ത്


കനത്തു പെയ്യുമീ ഹിമാശിലാവർഷത്തെ-
യെതിരിടാൻ വയ്യാതെ 
ജീവശിഖരത്തിൽ ശേഷിച്ചോരി ലച്ചുവപ്പിൽ 
ജീവാഹുതി ചെയ്യുന്നു ശരൽക്കാലത്രിസന്ധ്യ.

ഭസ്മം പൂശി ജപം ചൊല്ലി  നില്ക്കുമീ-
സ്മൃതിഭ്രംശം വന്ന പടുമരങ്ങൾ, മഞ്ഞു-
പക്ഷികൾ ചേക്കേറും കൂടു താങ്ങി 
ക്ഷമാശക്തരായ്, തപം ചെയ്തുറങ്ങിടുമ്പോൾ
മഞ്ഞുമുട്ടക ആത്മാവിലടയിരുത്തി
ഞാനും മൗനം പുതച്ചുറങ്ങട്ടേ സഖീ.

കിങ്കരൻ കാറ്റിന്റെ കൂക്കി വിളികളിൽ, 
ആലിപ്പഴങ്ങളെറിഞ്ഞലറുന്നോരുഗ്രകോപിയാ-
മിരുളിന്റെ ആഴച്ചുഴികളിൽ, നില തെറ്റി 
വിധുരം വിതുമ്പുന്നു, വിണ്ണിനെ പ്രണയിച്ച്
പിഴ ഗർഭം പേറി പഴി കേട്ട ഭൂമി .
കേഴുന്നു ഭൂമി, ഞാനോ ഉദാസീനയായ് 
ഉറങ്ങുന്നു മണ്ണിന്റെ ഉറക്കറയിൽ. 

നിദ്രാന്തരങ്ങളിൽ കണ്ട കനവുകളിൽ 
കുഞ്ഞിളം വിത്തുകൾ, പാൽപുഞ്ചിരി, 
ചെറുനെടുവീർപ്പുകൾ, ക്ഷണികമാണീ-
ശീതരാവുകളെന്നവ്യക്തമായ്‌ 
വാക്കുകൾ വരയും പ്രതീക്ഷകൾ.

പൈതങ്ങളെ, നിങ്ങൾ സുഖമായുറങ്ങുക
കരിയിലകളുടെ കബറുകൾ പിറുപിറു
ക്കുന്നതറിയാതെ, പേക്കിനാവിൽ 
ഞെട്ടിയുണർന്ന തായ് വേരുകളുടെ 
അമർത്തിയ ഞരക്കങ്ങൾ കേൾക്കാതെ,
ഓർമ്മക്കെണികളിൽ കുരുങ്ങിക്കുതറും
മുജ്ജന്മരോദനങ്ങൾ അലട്ടാതെ,
ദേശാടനക്കിളികളേ ഞങ്ങൾക്കും 
ജന്മബന്ധങ്ങളുടെ തൂവലുകൾ  പൊഴിച്ചു
പറക്കാൻ കഴിഞ്ഞെങ്കിലെന്നാശിക്കാതുറങ്ങുക.

പ്രണയശുഷ്ക്കമെങ്കിലും 
ക്ഷണികമാണീ ശൈത്യവും.
നമ്മെ ഉണർത്തുവാനെത്തും ചുടു-
മഴതുള്ളികളുടെ നിശ്വാസ നാമ്പുകൾ,
പുൽക്കൊടിത്തുമ്പിൽ നിന്നിറ്റിറ്റുവീഴും 
തുഷാരബാഷ്പങ്ങൾ, 
സൂര്യനന്മ പ്രഭാവം വീണ്ടെടുത്തതായ് 
മയക്കുന്ന മഞ്ഞ വെളിച്ചം വിതറി 
മന്ത്രിക്കുന്ന ഡാഫഡിൽ പുഷ്പങ്ങൾ.

മഞ്ഞുരുകും, പുഴ പിന്നെയുമൊഴുകും,
വസന്തം വീണ്ടും ശൈത്യത്തെ ജയിച്ചെന്ന് 
വിഷാദത്താൽ പാടലനിറമാർന്ന
മാറിടം പൊട്ടുമാറ് 
കൊച്ചു വണ്ണാത്തിക്കിളികൾ പാടും.

നെടുനാളത്തെ മൗന ത്തിലെൻ  സ്വരം 
ഇടറിപ്പതിഞ്ഞു പോയിടാമെങ്കിലും 
പുനർജ്ജനിയുടെ ആഹ്ലാദകാഹളം മുഴങ്ങുമ്പോൾ  
നിദ്രയുടെ  ആലസ്യത്തിൽ നിന്നും പ്രിയരേ,
നമുക്കും പാട്ടുപാടിക്കൊണ്ടുണരാം. 

അടുത്ത ശൈത്യ കാലം വരേക്കു-
മുണ്ടിനിയുമെത്രയോ ശാദ്വല നാളുകൾ !

No comments:

Post a Comment