Friday, 6 June 2014

ഹൃദയവും തലച്ചോറും തമ്മിൽ ........

എത്ര വലിച്ചടച്ചാലും തുറന്നു തന്നെയിരിക്കുന്ന
തളർന്ന കണ്ണുകളുള്ള ചില രാത്രികളില്ലേ ?
ശരീരം മരിച്ചു കിടക്കുന്ന ആ രാത്രികളിലാണ്
പകൽ മുഴുവൻ ബദ്ധ വൈരികളായിരുന്ന
ഹൃദയവും തലച്ചോറും വെടിവട്ടം പറഞ്ഞ്
കൂടിയാലോചിക്കുന്നത്
ഇന്ന് തൊട്ട്, പോയ പത്തു വർഷം മുതൽ
അടുത്ത പത്തു വർഷം വരെയുള്ള
കാര്യമില്ലായ്മകൾ പറഞ്ഞ്
ചിരിച്ചു ചിരിച്ച് കരയുന്നത്
പറഞ്ഞത്, പറയേണ്ടിയിരുന്നത്, പറയേണ്ടത്
ചെയ്തത്, ചെയ്യേണ്ടിയിരുന്നത്, ചെയ്യേണ്ടത്
കൊടുത്തത്, കൊടുക്കേണ്ടിയിരുന്നത്, ...........
അങ്ങിനെയങ്ങിനെ

അരസികനെങ്കിലും ഇടയ്ക്കിടെ മണ്ടിപ്പെണ്ണേയെന്ന്
തലച്ചോർ തമാശ പറയും
ഓ ഒരു ബുദ്ധി രാക്ഷസൻ എന്ന്
ഹൃദയം ചൊടിക്കും
ഞാനൊന്നു മരിച്ചോട്ടേ എന്ന്
ശരീരം വിലപിച്ചു കൊണ്ടിരിക്കും
ഇവരിലാരാണ് ഞാൻ എന്ന്
ഞാൻ വ്യാകുലപ്പെട്ടുകൊണ്ടുമിരിക്കും
അങ്ങിനെയങ്ങിനെ പുലരും വരെ

പുലരി അലാറമണി മുഴക്കുമ്പോൾ
അർദ്ധസുഷുപ്തിയിൽ ഹൃദയവും തലച്ചോറും
വീണ്ടും ബദ്ധവൈരികളാവും
പാതി ചത്ത്‌ പാതി ജീവിച്ച ശരീരം
പ്രാഞ്ചി പ്രാഞ്ചി അതിന്റെ കർമ്മങ്ങൾ തുടരും
പാവം ശരീരം
പാവം ഞാൻ 

2 comments:

  1. അർദ്ധസുഷുപ്തിയിൽ ഹൃദയവും തലച്ചോറും
    വീണ്ടും ബദ്ധവൈരികളാവും... ശരിക്കും അങ്ങനൊക്കെ ആവുമോ?

    ReplyDelete
  2. ആവുംന്നാണ് എന്റെ നിരീക്ഷണം :)

    ReplyDelete