Sunday, 25 August 2013

അമ്മയ്ക്ക്







അമ്മയ്ക്ക് വാസനസോപ്പിന്റെയൊ 
സുഗന്ധദ്രവ്യങ്ങളുടെയോ മണമില്ല 
പാടത്തും, പറമ്പിലും, പാചകപ്പുരയിലും 
പണിഞ്ഞു തളർന്ന വിയർപ്പുഗന്ധമാണ് 
ആ ഗന്ധത്തിനോ 
ആയിരം പനിനീർപുഷ്പങ്ങളേക്കാൾ സുഗന്ധമുണ്ട്

അമ്മയുടെ ദേഹത്തതിനെപ്പോഴും ചൂടാണ് 
ഈറ്റുനോവേറ്റ്‌  മക്കളെ പെറ്റനാൾതൊട്ട് 
നീറ്റുകക്കപോലെ 
തീ തിന്നുകൊണ്ടേയിരിക്കുന്നതിന്റെ  ചൂട്
എങ്കിലും, ഒരു ചുടു ആലിംഗനത്തിൽ 
സ്നേഹത്തിന്റെ സ്നിഗ്ദ്ധതയും, കളിർമയുമുണ്ട്

ഉണ്ണിയെ തിരികെ കിട്ടാൻ
ഭൂതത്തിന് കാഴ്ച വെച്ചതാണാ കണ്ണുകൾ
എങ്കിലും, മക്കളുടെ ഹൃദയ നൊമ്പരം 
അവർക്കും  മുൻപേ അമ്മയറിയുന്നു;
അകക്കണ്ണിൽ

അമ്മയ്ക്ക് കണ്ണുനീരിന്റെ ഉപ്പുരസമോ, 
ക്രോധത്തിന്റെ കയ്പോ, 
സ്പർദ്ധയുടെ ചവർപ്പോ ഇല്ല. 
വിഭവസമൃദ്ധമായ 
സദ്യയുടെ രുചിയാണ് അമ്മയ്ക്കെന്നും
പായസത്തിന്റെ, പഴംപൊരിയുടെ,
പപ്പടത്തിന്റെ, പരിപ്പുവടയുടെ  
കൊതിപ്പിക്കുന്ന രുചി 
അരവയറിലും നിറമനം നൽകുന്ന 
നന്മയുടെ രുചി

നാലല്ലെനിക്ക്‌ നാല്പതു വയസ്സായീ-
യെന്നമ്മയോടു  പറയാതിരിക്കുക.  
അമ്മയുടെ ഓർമ്മകളിലിപ്പോഴും 
പിഞ്ചു  പാദങ്ങളുടെ പിച്ചവെപ്പാണ്

ഈ അമ്മയ്ക്ക് ചെവി കേട്ടൂടേയെന്നു-
ചൊടിക്കും മുൻപ്;
അമ്മയ്ക്ക് ചെക്കുകളോ
മണിയോഡറുകളോ വേണ്ട!
ഫോണിലൂടെ അമ്മ വിശേഷങ്ങൾ
വാതോരാതെ പറയുമ്പോൾ,
കേൾക്കാൻ ഒരു കാത്‌,
അമ്മേ, സുഖമാണോയെന്നൊരു ചോദ്യം,
ഞാനടുത്തുതന്നെ നാട്ടിൽ  വരും
എന്നൊരാശ്വാസവചനം,
കാണുമ്പോഴൊരുമ്മ, ഒരാശ്ലേഷം. 
ഇതുമതി അമ്മയ്ക്ക്.. എന്നും.

No comments:

Post a Comment