ആരാദ്യം കല്ലെറിയും ?
1
വന്ദ്യ ജനങ്ങളേ, വഴി മാറി നടക്കൂ,
വലം കൈയ്യാൽ ശാപ ശിലകൾ എടുക്കൂ...
കുലടയാണവൾ, കല്ലെറിയൂ ,
അഭിസാരികയവളെ കല്ലെറിയൂ ...
കരിനീലക്കാമം സിരയിൽ കൊത്തി,
കരിമഷിയിൻ വിഷനാളത്തിൽ കത്തും-
പൂരുഷനെച്ചുടുകാട്ടിലെരിക്കും
വേശനാരി, നിശാചരിയവളെ കല്ലെറിയൂ.
2
ചുറ്റിലും പഴിക്കുവാനെത്ര പേർ?
നിർദ്ദയമീ മണൽക്കാറ്റും!
നിർദ്ദയമീ മണൽക്കാറ്റും!
അരിവാൾമുനരാകും ചാരക്കണ്‍കളിൽ
സന്മാർഗ്ഗപ്പൊരുൾ തിരയുവോർ,
ഇവരിന്നലേയുമിരവിൻ മറവിൽ
എന്നിൽ ഭ്രമിച്ചു രമിച്ചവർ,
പുളിയുറുമ്പുകളായ് കടിച്ചു കുടയുന്ന
മാറാദീനങ്ങൾ ദാനമായ് തന്നവർ.
നിഴലുകൾ നാഗങ്ങളായിണ ചേരുന്നാ-
നരച്ച നാലുകെട്ടിന്നിരുളറയിൽ
ഞാൻ പെറ്റ ചാപിള്ളകൾ....
പിറക്കും മുൻപേ ചങ്കു പറിഞ്ഞ
പിഞ്ചോമനകൾ,
കരയാത്ത ചിരിക്കാത്താ-
കുഞ്ഞു പഞ്ഞിക്കെട്ടെന്റെ,
ചുരത്താത്ത ചുടുമാറിലമർത്തി നിന്നപ്പോഴും,
തണുത്ത തളിർകൈകൾ
നീട്ടിയാ പൈതങ്ങളെൻ
തീരാ കനവുകളിലുണർന്നിരുന്നപ്പോഴും,
മാറിടം പിളർത്തുമാ, മാറാ നോവിന്റെ
മാരക മുറിവായ ഞാൻ തുറന്നേ വച്ചൂ ...
3
കാലുകൾ പൂഴിമണലായ് തിളയ്ക്കുമാ-
കൽമരുഭൂമിയിലേകയായ്,
നഗ്നപാദയായ്,
നഗ്നമാം ജീവിതചരിതം മറയ്ക്കുവാ-
നൊരു പാഴ്വാക്കു പോലും
തിരയാതെയൊരുവൾ.
ചുരുണ്ട ചെമ്പൻ മുടി പാതിയും മറച്ചോരാ-
വരണ്ടു വാടിയ വദനാംബുജത്തിൽ,
അരണ്ടു പിടയും മിഴികൾ നിലത്തൂന്നി
നിശ്ചലം നിന്ദകളേറ്റുവാങ്ങുന്നിവൾ,
എന്റെ പിഴ, യെന്റെ പിഴയെന്നുവിതുമ്പി;
കൂർത്ത കള്ളിച്ചെടികൾക്കിടയിൽ, ചോര-
വാർത്തു പിടയും പേരറിയാപ്പറവപോൽ,
ഈ പേരില്ലാത്തൊരു പാതിത,
ഇവളേവരാലും പരിത്യക്ത.
4
തെരുവുകൾതോറും വലിച്ചിഴച്ചവളെയാ-
സിനഗോഗിന്റെ പടിക്കലവർ നിർത്തി.
വെറി പിടിച്ചോരാ ജനമദ്ധ്യേ-
യിറ്റുകനിവിനായി തിരയുന്ന നേരം
കാണ്മൂ കോവിലിൻ താഴേ പടിമേൽ
വെണ് മഞ്ഞുപോലൊരു യോഗീവര്യ-
നാകൊടും മരുച്ചൂടിലും കുളിർ തൂവി;
താമ്രതാരകനിറമാർന്ന മിഴികളിൽ,
സൗമ്യസാരള്യത നിറച്ചോരു സാത്ത്വികൻ,
ഏവരും ഗുരുവെന്നുവിളിക്കുമാ-
പരമപദത്തിനരികിലായ് നിന്നവൾ.
5
കപടമീലോകത്തിൻ വികടകർമ്മങ്ങളിൽ
ദു:ഖിച്ചോ ദേവൻ കുനിഞ്ഞിരുന്നൂ?
അത്തിമരത്തിൻ ചുവട്ടിലിരുന്നവൻ
കുത്തിക്കുറിച്ചെന്തോ വിരൽത്തുമ്പാലേ.
കുനിഞ്ഞു മണൽച്ചൂടിലെഴുതിയതെന്തേ നീ
കനൽപോൽ ജ്വലിക്കുമെൻ പാപങ്ങളോ ?
ഇടനെഞ്ച് പൊട്ടി ഞാൻ നിൽക്കുന്നരികത്ത്
വിട തരില്ലേ നീയെന്നപരാധങ്ങൾ ?
പാപങ്ങളോരോന്നായെണ്ണും ജനത്തോട്
ശാന്തനായ് നാഥൻ മെല്ലെയോതി;
"നിങ്ങളിൽ പാപമില്ലാത്തവൻ
ആദ്യം കല്ലെറിയട്ടെ ..."
"നിങ്ങളിൽ പാപമില്ലാത്തവൻ
ആദ്യം കല്ലെറിയട്ടേ..."
ഒരു മാത്ര ഞെട്ടി പകച്ചുനിന്നൂ, ജന-
മന്യോന്യം നോക്കാൻ മടിച്ചു നിന്നൂ.
ചുട്ടു പൊള്ളുന്നോ കല്ലുകൾ ?
നെഞ്ചിലെ അഗ്നിയിൽ, മെല്ലെ-
കല്ലുകൾ ഓരോന്നായ് താഴെ വീണൂ .
ഓരോരു പേരായി ദൂരെ മറഞ്ഞപ്പോൾ
ദേവനും ദാസിയും മാത്രമായി
അലിവിന്നപാരത വഴിയും മിഴികളാൽ
ദേവൻ മുഖം തെല്ലുയർത്തിയോതി;
"വിധിക്കില്ല മകളേ ഞാൻ നിന്നേയൊരിക്കലും
പോകൂ നീ പാപവിമുക്തയായീ ...
പോകൂ നീ പാപവിമുക്തയായി."
6
അഗ്നിദ്രവം പോലും കുളിർച്ചോലയാക്കു-
മത്യുൽകൃഷ്ടമാം തവ വാക്കിൻ തലോടലിൽ,
എന്റെ മനസ്സിന്റെ മുറിവുകൾ മാഞ്ഞൂ...
ദേവാ, ഞാൻ വീണ്ടും, ശിശുവായ് പിറന്നൂ ...
ഞാൻ വീണ്ടും, ശിശുവായ് പിറന്നൂ.
സ്നേഹിക്കൂ അന്യോന്യമെന്നു പഠിപ്പിച്ച
സ്നേഹസ്വരൂപനാം വിശ്വസൃഷ്ടാവേ,
നിൻ സൃഷ്ടികൾ കന്മഷം കാഴ്ച മറച്ച
കിരാതരായ് മാറിയോ?
നിൻ സൃഷ്ടികൾ കന്മഷം കാഴ്ച മറച്ച
കിരാതരായ് മാറിയോ?
Keep on writing, picture added extra puch to the poem
ReplyDeletethank you
ReplyDelete