Sunday 29 December 2013

80'കളിലെ എന്റെ ഗ്രാമം

പായലുകൾ പറ്റിപ്പിടിച്ച പാടവരമ്പുകളും
കണങ്കാലിൽ പച്ച കുത്തുന്ന പന്നൽച്ചെടികളും
നിറഞ്ഞ ഗ്രാമം,
മഷിപ്പച്ചകളും തൊട്ടാവാടികളും
പെരുങ്കലങ്ങളും വളരുന്ന മണ്ണ്,
മണ്ണിരകളും മണ്ണട്ടകളും
നൂറായിരം കുഴിയാനകളും
ജീവിക്കുന്ന മുറ്റം.
പാദങ്ങൾ അടുത്തെത്തുമ്പോൾ
പാടത്തിലെ ചെളിയിലേക്കൂളിയിടുന്ന
പച്ചത്തവളകൾ....

ചക്രവർത്തിമാരോടുള്ള
ദേഷ്യവും ഭക്തിയും
നായകൾക്ക് പേരായി നല്കിയ
നാട്ടുമ്പുറത്തുകാർ.
ടിപ്പുവും, കൈസറും, ലൂയിയും,
നാൽക്കവലകളിൽ നാട്ടുരാജാക്കളേപ്പോലേ
പോരാടുകയും, രാത്രിയിൽ
വാലാട്ടി മടങ്ങുകയും ചെയ്തു.

അവരുടെ യജമാനർ
പുലർച്ചെയുണർന്ന്
വയൽ നനയ്ക്കുവാൻ വെള്ളത്തിന്
അയല്ക്കാരുമായി കടിപിടികൂടി;
സന്ധ്യക്ക്‌ അവരുടെ സ്ത്രീകൾ
അവലോസുണ്ടകൾ പങ്കുവച്ച്
സൗഹൃദം തിരിച്ചുപിടിച്ചു.

കാലം തെറ്റി വന്ന മഴയിൽ
അമ്മൂമ്മമാർക്ക്
കാപ്പിപ്പൂക്കളും കശുമാവിൻ പൂക്കളും
കൊഴിയുമെന്ന വെളിപാടുണ്ടായി.

പല്ലു കൊഴിഞ്ഞ കാരണവർ
മുഷിപ്പൻ കഥകൾ പറഞ്ഞ്
കോളാമ്പികളിൽ കാർക്കിച്ചു തുപ്പി
ജന്മിത്തം നിലനിർത്തി.

ആശ്രിതർ വിരലുകൾക്കിടയിലൂടെ
തുപ്പിയ മുറുക്കാൻ
കുമ്മായമടിച്ച ചുവരുകളിൽ
വിപ്ളവവീര്യം പരത്തി.

പച്ചമടൽ ഊതിക്കത്തിച്ച്
കണ്ണുചുവന്ന അമ്മമാർ
ചായയായി തിളച്ചു
പിന്നെ തൈരായി തണുത്ത്
നീളൻ പാവാടയുടുത്ത പെണ്‍മക്കളെ
നോക്കി നെടുവീർപ്പിട്ടു.

യുവാക്കൾ ചാറ്റർലിപ്രഭ്വിയുടെ(1)
സദാചാരത്തെക്കുറിച്ച് തർക്കിച്ചു.

കുട്ടികൾ, അതെ ഇന്ന് ഞങ്ങൾ ആയ കുട്ടികൾ,
പട്ടങ്ങളിൽ ആകാശം മുട്ടുന്ന
സ്വപ്നങ്ങളെ പറത്തി.
മിനുസമുള്ള പുറംചട്ടകളിൽ
ഒരുക്കിയ കഥകളിൽ
മുറിയാത്ത രാജ്യങ്ങളുടെ മനസ്സ് തൊട്ടു.
പൂക്കളോടും,പൂമ്പാറ്റകളോടും,
കിളികളോടും, വെള്ളത്തിൽ
മിന്നി മറയുന്ന കുറുവകളോടും(2) കളിച്ചു.

പൂച്ചകൾ എലികളേയും
കുറുക്കന്മാർ കോഴികളേയും പിടിച്ചു തിന്നു.
കയ്യാലപ്പൊത്തിനുള്ളിൽ ഒരണലി
എട്ടു കുഞ്ഞുങ്ങളെ പെറ്റുകിടന്നു.

സുന്ദരികളായ വാഴയ്ക്കവെറുച്ചികൾ(3)
ചൂണ്ടയിൽ കുരുങ്ങാതെ തെന്നി മാറി.
കല്ലൂർവഞ്ചികളിൽ ചാഞ്ചാടിയ ഓണത്തുമ്പികൾ
കല്ലെടുത്തു കല്ലെടുത്ത്‌ സുല്ലിട്ടു.

തോടുകളും പുഴകളും നിർവൃതിയോടെ
നിറഞ്ഞു തുളുമ്പിയൊഴുകി.
സംശുദ്ധമായ പ്രാണവായു ശ്വസിച്ച്
പ്രകൃതി ചരിതാര്‍ത്ഥയായി.

സാഡിസ്റ്റുകളായ മാഷുമാർ
ചൂരൽ വെട്ടുവാൻ
ഒരു മണിക്കൂർ നേരത്തേ ഉണർന്നു.

അഞ്ചാംക്ലാസ്സിലെ അവസാനബെഞ്ചിലെ
കീറക്കുപ്പായമിട്ട സ്ഥിരം കള്ളൻ
കരയാൻ കൂട്ടാക്കാതെ
തിണർത്തുചുവന്ന കൊച്ചു  കൈകൾ നീട്ടി
എഴുത്തുമേശയിൽ എഴുന്നേറ്റു നിന്നു.
അവന്റെ ഹൃദയത്തിന്റെ ഒരു വിതുമ്പൽ
ദൂരെ, ചാരായം വിയർക്കുന്ന കൂർക്കംവലികൾ
ഉയരുന്ന ഒരു വീടിന്റെ അടുക്കളയിൽ
കണ്ണീർതുള്ളികളായി വീണു.

വെളുത്ത ളോഹയിട്ട കത്തനാർമാർ
തെമ്മാടിക്കുഴിയിലേക്കുനോക്കി
ഗൂഡമായി ചിരിച്ചു.
മണിമാളികകൾ വെഞ്ചരിച്ച
അവരുടെ മടിശ്ശീലകളിൽ
മുപ്പതു വെള്ളിക്കാശുകൾ കിലുങ്ങി.

ഒരു രൂപയ്ക്കു വാങ്ങിയ മുപ്പതു മത്തികൾ
തകരയില പുതച്ച് ചീഞ്ഞു കിടന്നു
അന്ന് അമോണിയ കണ്ടുപിടിച്ചിരുന്നില്ല !

വഴിയരുകിൽ ബീഡിക്കുറ്റി തിരഞ്ഞ ഭ്രാന്തും,
വഴിമദ്ധ്യേ വാളുവച്ച
പട്ടച്ചാരായത്തിന്റെ ധൈര്യവും
പുലഭ്യം പറഞ്ഞ് ചങ്ങാതിമാരായി.

അന്നും ഇന്നും എന്നും
പൂവാകകൾ മാത്രം,
പള്ളിക്കൂടവളപ്പിൽ തണൽ തന്ന
ആ പൂവാകകൾ മാത്രം,
ആകാശത്തും ഭൂമിയിലും
ഒരുപോലെ പൂവിട്ടു നിന്നു
എന്റെ ഗ്രാമത്തിന്റെ ഓർമകളുടെ
കടുംചെമപ്പ് പൂക്കൾ !


(1) ചാറ്റർലിപ്രഭ്വി:   D.H.ലോറെൻസിന്റെ വിവാദമായ Lady Chatterley's Lover
എന്ന നോവലിലെ നായിക.
(2) കുറുവ:  തോടുകളിൽ കാണുന്ന ഒരു മൽസ്യം.
(3)വാഴയ്ക്കവെറുച്ചി:  ഓറഞ്ച് വരകളുള്ള ഒരു മൽസ്യം.









4 comments:

  1. ഗ്രാമത്തിന്റെ ഗൃഹാതുരുത്വത്തിലേക്ക് കൈപിടിച്ചു നടത്തുന്നു ഈ വരികൾ...ആശംസകൾ ഇനിയും എഴുതുക

    ReplyDelete
  2. Beautiful.....Keep writing.....
    Binu Daniel

    ReplyDelete