Friday, 4 April 2014

മതിൽ

നിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ 
ഞാൻ ആർത്തു ചിരിച്ചു 
നിന്റെ കുഞ്ഞുനൊമ്പരങ്ങളിൽ 
വിമ്മിക്കരഞ്ഞു 
കുസൃതികളിൽ പൊട്ടിച്ചിരിച്ചു 
നിന്റെ വിജയങ്ങൾ 
പുരമുകളിൽ പ്രഘോഷിച്ചു
നിന്നെ നോവിച്ചവരോട് 
പേപ്പട്ടിയെപ്പോലെ കുരച്ചു
അവർക്കെതിരെ ഒരാനപ്പക 
കരളിൽ കൂട്ടിവച്ചു
കാക്കയോട് ഉറക്കെ കയർക്കുന്ന
പിടച്ചിക്കോഴിയേപ്പോലെ
എന്റെ ചിറകുകൾക്കടിയിൽ
നിന്നെ ഞാൻ സംരക്ഷിച്ചു
എന്നിട്ടും,
എന്നിട്ടും കുഞ്ഞേ
എന്നാണ് നമുക്കിടയിൽ
ഈ മതിൽ പൊങ്ങിവന്നത് ?

Saturday, 22 March 2014

അനുധാവനം

തലക്കെട്ടില്ലാത്ത നിന്റെ വരികളിലും 
അടിക്കുറിപ്പെഴുതാത്ത ചിത്രങ്ങളിലും 
നിർവ്വചിക്കാനാവാത്ത
ഭാവങ്ങളുടെ കടുംനിറങ്ങളെ 
ഇഴനീർത്തെടുക്കുവാൻ
അപക്വമായ എന്റെ മനസ്സ് 
ഗൂഢമായി നിന്നെ പിന്തുടർന്നു
നിശ്ശബ്ദം, അനുവാദമില്ലാതെ 

നിന്റെ ചരണപഥങ്ങളിലെ മണ്‍തരികൾ 
കൈവെള്ളയിൽ കുടഞ്ഞിട്ട്
തിളക്കമുള്ളവയെ അരികിലൊതുക്കിവച്ചു
നിറം മങ്ങിയവയെ നോക്കി വ്യസനിച്ചു 

മാന്ത്രികഗോളത്തിൽ തെളിഞ്ഞ
നിന്റെ നെഞ്ചിടിപ്പുകളിൽ 
എന്റെ ഹൃദയം ചെരിച്ചുവച്ചു  

നീ വന്നേക്കാവുന്ന വഴികളിൽ
ഓരം മാറി നിന്ന് 
മുഖാവരണത്തിന്റെ സ്വാതന്ത്ര്യത്താൽ
നിന്നെ അപഗ്രഥിച്ചു 
നീ വരാത്ത വിരസദിനങ്ങളിൽ 
മതിഭ്രമം പിടിപെട്ട വെറുമൊരു പെണ്ണായി 
ഇടവഴികളിലൂടെ അലഞ്ഞു നടന്നു 
അലറിക്കരഞ്ഞു 

തേഞ്ഞു പോയ എന്റെ ഉപ്പൂറ്റികളിൽ 
കാലമിന്നുകുഴമ്പിട്ടു തടവുമ്പോൾ
എന്റെ മനസ്സും ശാന്തമാണ് 
കാരണം ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു
നിന്റെതെന്നു ഞാൻ കരുതിയ നിഴലാട്ടങ്ങൾ
എന്റേതായിരുന്നെന്ന്
ഞാൻ തിരഞ്ഞതും പിന്തുടർന്നതും
നിന്നേയല്ല എന്നെത്തന്നെയെന്ന്.

Wednesday, 12 March 2014

എന്റെ ഹൃദയം

എന്റെ ഹൃദയം 
പൂവുപോൽ മൃദുലം 

ആരും നോവിക്കാതിരിക്കാൻ 
വിരക്തിയുടെ വെണ്‍കോട്ടയിൽ 
ഞാനതിനെ പൂട്ടിയിട്ടിരിക്കുന്നു
തീ സ്ഫുരിക്കുന്ന വാക്കുകളുടെ 
പീരങ്കികൾ നാല് ചുറ്റും,
കണ്ണീർ നിറച്ച കിടങ്ങിൽ 
നെടുവീർപ്പുകളുടെ സീൽക്കാരം
കടക്കണ്ണിലെ ക്രുദ്ധമൌനത്തിൽ 
കാവൽ നില്ക്കുന്ന വ്യാളി,
കോട്ടവാതിൽ പൂട്ടിയ താക്കോൽ 
കളഞ്ഞത് 
ഏഴു ഭൂഖണ്ഡങ്ങൾക്കപ്പുറമുള്ള 
പഞ്ചഭൂതങ്ങളിൽ,
ഒരു സഞ്ചാരിക്കും 
അത് വീണ്ടെടുക്കാനാവില്ല. 

ഇനിയെന്റെ ഹൃദയം 
എനിക്ക് മാത്രം സ്വന്തം 
ല്ല

ഇനിയെന്റെ ഹൃദയം 
എനിക്ക് മാത്രം സ്വന്തം 

Sunday, 16 February 2014

പ്രണയദിനപ്പിറ്റേന്ന്



ഒരു പ്രണയദിനം കൂടി കൊഴിഞ്ഞിരിക്കുന്നു
പരസ്പരമുള്ള പ്രണയം പറയാതറിയാതെ

അലക്ഷ്യമായി നീ നീട്ടിയ പനിനീർപൂക്കൾ
പരിക്ഷീണമായ എന്റെ ഹൃദയം പോലെ
വസന്തത്തിലെ പ്രഭാത സൂര്യന്റെ
മങ്ങിയ തേജസ്സു പോലും താങ്ങാനാവാതെ
ജനാലയ്ക്കൽ വാടിത്തുടങ്ങിയിരിക്കുന്നു

തൊട്ടു പിന്നിൽ നീയുണ്ടെന്ന് വെറുതെ മോഹിച്ച്
മധ്യാഹ്നസൂര്യനിലും മിന്നിത്തിളങ്ങാത്ത
ഈ നനഞ്ഞ മണൽതരികളിൽ
എന്റെ കാല്പാദങ്ങളെഴുതിയ പ്രണയമന്ത്രങ്ങൾ
കടലെടുത്തിരിക്കുന്നു

മുള്ളെന്നു നീ നിനച്ച എന്റെ ഹൃദയം
ഈ സായാഹ്നത്തിന്റെ
ചക്രവാളച്ചുവപ്പിൽ ലയിക്കുമ്പോൾ
കടലാഴങ്ങളിലേക്ക് നടന്ന
എന്റെ വിണ്ടു കീറിയ ഉപ്പൂറ്റികളുടെ
അഭംഗി നീ കാണാതിരിക്കട്ടെ 

Sunday, 9 February 2014

ഒരറയുള്ള ഹൃദയം


വെറും നാലറയെന്നു 
വെറുതെ പറയുന്നതാണ്

അനേകായിരം അറകളുണ്ട് 
പരസ്യവും രഹസ്യവുമായ അറകൾ
സ്നേഹം, ദുഃഖം, കാമം, കോപം,
അസൂയ, അഹങ്കാരം, ആർദ്രത,
ആവലാതി, വേവലാതി;
ഇത്തരം വികാരങ്ങളും ചിന്തകളും 
തിങ്ങി നിറഞ്ഞു വിമ്മിഷ്ടപ്പെട്ടു വിജ്യംഭിച്ച്
ചുമന്നു തുടുത്ത ഒരു ഹൃദയത്തിന്

ഒരു അറ മാത്രം ശൂന്യമാണ് 
ഒന്നുമില്ലായ്മയുടെ ഒരറ 
മീൻ ചെകിളകൾ പോലെ, 
മൊട്ടക്കുന്നിലെ ശുഷ്ക്കിച്ച ഒറ്റ വൃക്ഷത്തിൽ 
മരം കൊത്തിയുണ്ടാക്കിയ 
മാനം കാണാവുന്ന മാളം പോലെ, 
കാറ്റിന് കയറിയിറങ്ങാവുന്ന ഒരറ

കാലാന്തരങ്ങളിൽ 
മറ്ററകൾ ദ്രവിച്ച് പൊടിഞ്ഞ്
ഈ അറയോട് ചേരും 
അന്ന് വികാര-വിചാരങ്ങളിൽ നിന്നും 
സ്വതന്ത്രമായ ഹൃദയത്തിന്‌
വെള്ളത്തിന്റെയും വായുവിന്റെയും 
നിറമില്ലായ്മയായിരിക്കും
ഒരൊറ്റയറയാകും 
നിറമില്ലാത്ത ഒന്നുമില്ലാത്ത
നിശബ്ദമായ ഒരറ

അന്ന് നമ്മൾ മാലാഖമാരെപ്പോലെയാകും 
നിഷ്കളങ്കരായ പരിശുദ്ധരായ മാലാഖമാർ 

Friday, 7 February 2014

നഷ്ടബാല്യങ്ങൾ


രാവിന്നവസാനയാമത്തിലെത്തുമീ-
നിദ്രയെ ദു:സ്വപ്നങ്ങൾ
അസ്വസ്ഥമാക്കുമ്പോൾ,
അനാഥ ദു:ഖത്തിന്റെ
അഗ്നിയിൽ വെന്തൊരാ
നിഴലുകളെന്നെ
തിരിഞ്ഞു നോക്കുമ്പോൾ,
പാതിമയക്കത്തിലും
വിരൽ വിടാതെ പിടിച്ചോരു
കൊച്ചു മുഷ്ടിതൻ നിശ്ചയദാര്‍ഢ്യവും
ഇല്ലാതെ പോയതെൻ
തോൽവിയെന്നറിവിന്മേൽ 
നാളെയും നേരം പുലരുമ്പോൾ
നിന്റെ ജന്മദിനത്തിലേക്കെന്റെ
വ്യഥ പൂണ്ട ഹൃദയവും
ഞാനും ഉണരട്ടെ.

ആൾപ്പരപ്പിൽ കാണുമോരോ മുഖത്തിലും
എന്റെ പ്രതിരൂപം ഞാൻ
പരതീടുമ്പോൾ,
രാജകുമാരനായ് നീ വാഴുന്നതായെൻ-
പ്രാണൻ പാഴ് സ്വപ്‌നങ്ങൾ നെയ്യുമ്പോൾ,
പിച്ച ചോദിച്ചെത്തുമാ പൈതങ്ങൾ തൻ
പുണ്ണ് മൂടിയ കൈകാലുകൾ കണ്ടെന്റെ
ക്ഷതമേറ്റ നെഞ്ചം വീണ്ടും മുറിയുന്നു
അമ്മേയെന്നൊരു കുഞ്ഞിന്റെ ദൈന്യത
നൊമ്പര ശകലമായ് കാതിൽ തെറിക്കുന്നു.

തെരുവിലെ പൊള്ളുന്ന ചൂടിലും,
കൊടും തണുപ്പിലും, പെരുമഴയിലും
ശരണമില്ലാതെ നീ അലഞ്ഞു തിരിയുന്നതും
തീവ്രവെയിലിൽ വേലയാൽ
കുരുന്നിലേ നീ കരിഞ്ഞു പോകുന്നതും
ഒരു വറ്റു ചോറിനായ് ഇരുൾ വീണ കണ്ണുകൾ
എച്ചിൽക്കൂനയിൽ ഉറ്റുനോക്കുന്നതും
നാഡിമിടിപ്പിനേക്കാൾ തളർന്ന
ശബ്ദത്തിൽ നീ ഭിക്ഷ യാചിപ്പതും
കൊട്ടിയടച്ചിട്ടുമെൻകരളറിയുമ്പോൾ
അനാഥ ദു:ഖത്തേക്കാൾ വലുതല്ല
സ്വാർത്ഥമാമെൻ മാതൃദു:ഖമെന്നറിവി-
ലുരുകട്ടെ ഉൾത്തടം.

നിന്നെ പനിച്ചതും,കാൽ തെറ്റി വീണതും,
നെറ്റി മുറിഞ്ഞതും, നൊന്തു കരഞ്ഞതും,
ഇരുളിന്റെ ഇലയനക്കങ്ങളെ ഭയന്നു-
റങ്ങാതിരുന്നതും ആരും അറിഞ്ഞില്ല.
തീൻമേശ നിറയെ വിഭവം നിരന്നിട്ടും
എന്നിതര മക്കൾ
പിണങ്ങി നിൽക്കുമ്പോൾ
പശിയടങ്ങാതെ നീ കട്ട അപ്പത്തിനായ്
കല്ലെറിഞ്ഞോ ലോകം?
പൊള്ളിച്ചു കള്ളനെന്നു പുള്ളി കുത്തിയോ
മുതിർന്നവരെന്ന ഗർവ്വം നെഞ്ചിൽ നിറച്ച
ഈ കാലവും?
പടക്കുതിരകളുടെ കുളമ്പടികളിൽ
ചതഞ്ഞുവൊ നിന്റെ ബാല്യകൗമാരങ്ങൾ?
നിന്റെ ദൈന്യത വില പേശി വിറ്റുവോ
നിന്നമ്മയാം ഞാനും?

ഇല്ല പൊറുതിയില്ലെനിക്കിനി,
പരത്തിലും നീളുമോ?
ചുടലയോളം ഞാൻ ചുമക്കേണ്ട ഈ വേദന.


പിൻ കുറിപ്പ്:   Did you know that in India alone there are around 18 million street children. They are starved, battered, raped and even murdered; they are mistreated and exploited physically, emotionally and sexually on a day to day basis.














Sunday, 26 January 2014

നാം തമ്മിൽ കാണാതിരിക്കട്ടെ


നാം തമ്മിൽ ഒരിക്കലും 
കാണാതിരിക്കട്ടെ 
കണ്ടാൽ, നിന്റെ സുന്ദരമായ 
മുഖത്തിന്‌ മുൻപേ 
മനസ്സിന്റെ കാപട്യം 
ഞാൻ തിരിച്ചറിഞ്ഞാലോ,
മധുരമുള്ള വാക്കുകളുടെ ചുംബനങ്ങളിൽ 
അടയിരിക്കുന്ന വിഷസർപ്പങ്ങളെ
റിഞ്ഞാലോ, 
ഞാൻ നിന്റെ നൂറാമത്തെ 
ഇരയാകുമ്പോൾ 
പൊള്ളുന്ന എന്റെ പ്രണയ കാവ്യങ്ങൾ 
സ്നേഹിതരൊത്തുള്ള നിന്റെ 
നിശാസൽക്കാരങ്ങളില്‍
തണുത്തു നുരയുന്ന പൊട്ടിച്ചിരികളിൽ 
വിവസ്ത്രയായാലോ, 
ഓർമ്മയ്ക്കെന്ന് നീ സൂക്ഷിച്ച 
എന്റെ മുഖചിത്രം,
കഴുത്തറ്റ ഉടൽ ചോര വാർത്ത്
ചവറ്റു തൊട്ടിയിൽ പിടയുമ്പോൾ 
ചൂളി നില്ക്കുന്ന എന്റെ ചിരി
സങ്കോചങ്ങളുടെ ആവരണങ്ങളില്ലാത്ത
പുതിയ പുതിയ ഉടലുകളണിഞ്ഞ്
വലക്കുരുക്കുകളിൽ പരിഹാസ്യയാവുന്നത്
വല്ലവരും പറഞ്ഞറിഞ്ഞാലോ,

വേണ്ട, ഞാൻ ഞാനായും 
നീ നീയായും ഇരുന്നു കൊള്ളൂ
ഒരു കവിതയുടെ അകലം 
നമ്മളിൽ സൂക്ഷിക്കുമ്പോൾ 
ഈ  തൂലികത്തുമ്പിന്റെ നിഴലിൽ 
നമ്മുടെ കാപട്യങ്ങളെ 
നമുക്ക് പരസ്പരം ഒളിപ്പിക്കാം 
മഴ പെയ്യുന്ന രാത്രികളിലെ മധുരസ്വപ്‌നങ്ങൾ 
അങ്ങിനെത്തന്നെ ഉറങ്ങട്ടെ 
നാം തമ്മിൽ ഒരിക്കലും കണ്ടുമുട്ടാതിരിക്കട്ടെ.