വിരൽ തൊട്ടുതൊടാതെ ഞങ്ങൾ
ഭൂതകാലങ്ങളിലൂടെ നടന്നു
വിലക്കപ്പെട്ട കനി തേടി
വർത്തമാനരാത്രികളിൽ
അലഞ്ഞു നടന്നു
ആത്മാവ് കെഞ്ചിപ്പറഞ്ഞു
മുള്ളുകൾ പതിയിരിക്കുന്നു
കരൾ കണ്ടത്
വർണ്ണശബളമായ ഇലകളും
കൊതിയൂറുന്ന പഴങ്ങളും
മഴ നനഞ്ഞു കുതിർന്ന മണ്ണ് മന്ത്രിച്ചു
കാൽമുദ്രകൾ തിരികെ വരാത്തത്
നീ കണ്ടില്ലേ?
നാടോടിക്കൊപ്പം കണ്‍കെട്ടി നടന്ന
കുട്ടിയേപ്പോലെ ഒന്നും കണ്ടില്ല
അവഗണനയോടെ മുഖം തിരിച്ചിട്ടും
ചങ്ങാതിക്കാറ്റ്
ഉടുപ്പ് പിടിച്ചുകുലുക്കി
നില്ക്കൂ അറിഞ്ഞില്ലേ, ഹൃദയം പിളർന്ന് ചത്ത
കിളിക്കുഞ്ഞിന്റെ ചോരയുടെ പച്ച മണം?
ഉഗ്രവിഷമുള്ള അമ്പുകൾ
എവിടെ നിന്ന് വേണമെങ്കിലും പറന്നെത്താം
ആ മരം നിഷിദ്ധം ....
ഓർമ്മകളിൽ എവിടെയോ പൂത്ത
ഒരു പനിനീർപൂവായിരുന്നു ഉള്ളിൽ
എന്നും ചവിട്ടി നോവിച്ചിട്ടും
വള്ളിച്ചെടികൾ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു
അമ്ളരസമുള്ള കളകളാണ് മരച്ചുവട്ടിൽ
കാലുകൾ ലയിപ്പിക്കും
ജീവനോടെ ദഹിപ്പിക്കും
ചെരുപ്പിട്ട് നിർദ്ദയംവകഞ്ഞു മാറ്റി
മരച്ചുവടെത്തും മുൻപേ
വിഷ അമ്പുകൾ തെറിച്ചു
റോസ് നിറമുള്ള കൊക്ക് തുറന്ന്
കിളിക്കുഞ്ഞുങ്ങൾ കരഞ്ഞു
തൊട്ടരികെയെന്നു കരുതിയ വിരലുകൾ
എവിടെയോ മറഞ്ഞു
ഭൂമി പിളർന്ന്
ഞങ്ങൾ മാത്രം രക്ഷപ്പെട്ടു
ഞാനും എന്റെ സ്വാർത്ഥ മോഹങ്ങളും.
ഞങ്ങൾ മാത്രം രക്ഷപ്പെട്ടു
ReplyDeleteഞാനും എന്റെ സ്വാർത്ഥ മോഹങ്ങളും.