Wednesday 7 May 2014

ഒരു തീവണ്ടി യാത്രയിൽ കണ്ടതും,കേട്ടതും,ഊഹിച്ചതും



മീനച്ചൂടിൽ വഴുതുന്ന
പ്ളാസ്റിക് സഞ്ചികളിൽ 
പുഴുകുന്ന പച്ചക്കറികളായി
തീവണ്ടിയാത്ര ചെയ്യുന്ന സ്ത്രീകൾ
ജോലിക്കും തിരിച്ചും
എവിടെ നിന്ന് എങ്ങോട്ടും ആവാം
കയറുന്നേടത്തിറങ്ങി പിന്നേയും കയറി
കറങ്ങിക്കറങ്ങി
പടി കയറുമ്പോൾ വേച്ചുപോകും വരെയുള്ള
തത്രപ്പാടുകൾ

ചാച്ചക്ക ചാച്ചക്ക ചാച്ചക്ക ചാച്ചക്ക
ചക്രത്തേക്കാൾ ദ്രുതഗതിയിൽ
പച്ചക്കറി അരിയുന്ന വിരലുകൾ
അതിലും വേഗമരിയുന്ന നാവുകൾ
സാമ്പാർ കഷ്ണങ്ങൾ
ജോലി കഴിഞ്ഞു ചാരുകസാലയിൽ
പത്രം വായിച്ചിരിക്കുന്ന ആണുങ്ങൾ
അവിയൽ കഷ്ണങ്ങൾ
അവധി തരാൻ ലുബ്ദിക്കുന്ന മേധാവികൾ
തോരൻ
ഉമ്മൻ ചാണ്ടി
എല്ലാരും കണക്കാ
തന്നെ തന്നെയെന്നു തല കുലുക്കുന്നു
ഒത്തൊരുമയുടെ ആംഔരത് അമർഷങ്ങൾ

ഇടയ്ക്ക്,
കറിക്കത്തിയേക്കാൾ മൂർച്ചയേറിയ
നോട്ടത്തിന്റെ സ്ത്രീ ശക്തിയിൽ
പാളത്തിൽ വീണു ചാവുന്ന
ഗോവിന്ദച്ചാമിമാർ
(ഹാ എത്ര സുന്ദരമായ സ്വപ്നം)

കഷ്ണങ്ങളരിഞ്ഞു തള്ളുമ്പോൾ
അയഞ്ഞു വരുന്ന ആയാസത്തിന്റെ
കളിചിരി
സാരി , സ്വർണ്ണം
മോൾക്ക്‌ കിട്ടിയ രണ്ടാം റാങ്ക്
മോന്റെ കുസൃതികൾ
കൊച്ചു കൊച്ചു സന്തോഷങ്ങൾ
യാന്ത്രികതയുടെ ഗതിവേഗങ്ങളിൽ
പാളം തെറ്റാതെ കാക്കുന്ന
മോഹജീവിതത്തിന്റെ അടയാളക്കൊടികൾ
ഹിറ്റ്‌ലറെ ചാർളി ചാപ്ളിനാക്കുന്ന
മേൽ മീശയുടെ നേരം പോക്കുകൾ പോലെ

സ്റ്റേഷനെത്തിയ പിടപ്പിൽ
ഇനി നാളെ കാണാം എന്ന
പ്രതീക്ഷയുടെ ഒറ്റയുറപ്പിൽ
കറന്റ്‌ കട്ടിന്റെ ആലസ്യത്തിലുറങ്ങുന്ന
വീടിന്റെ കണ്‍പോളകൾ വലിച്ചുതുറക്കാൻ
അടുത്ത ഓട്ടം
മീൻ വെട്ടണം
പുലർച്ചെ നാലുമണിക്കുണരണം

ചാച്ചക്ക ചാച്ചക്ക ചാച്ചക്ക ചാച്ചക്ക
ഉറക്കത്തിനും ഒരേ താളം





No comments:

Post a Comment