Sunday, 25 May 2014

നീയും ഞാനും



നീയെന്നൊരാളുണ്ടോ ?
ഉണ്ടാവാൻ വഴിയില്ല

ഉണ്ടായിരുന്നെങ്കിൽ
എത്രയോ മുന്നേ നമ്മൾ പരസ്പരം
കണ്ടെടുത്തേനെ
വട്ടം ചുഴന്നു പറന്നു പോയ
ഇലകൾ പോലെ കറങ്ങിക്കറങ്ങി
ഭ്രമണപഥങ്ങളിൽ വഴുതി വഴുതി
യദൃച്ഛായെങ്കിലും
നമ്മുടെ പാതകൾ സന്ധിച്ചേനെ

നീയുണ്ടെങ്കിൽ
നിനക്കൊരു രൂപം കാണില്ലേ ?
നിന്നിലേക്കൊരു ദൂരം കാണില്ലേ ?
നിന്നെ ഞാൻ ശീലിച്ചറിയില്ലേ ?

നീയെന്നൊരാൾ
ഇല്ലാതിരിക്കുമോ ?
പുന്നാരങ്ങളിൽ പുഞ്ചിരിച്ച്
പിണക്കങ്ങളിൽ കിന്നാരിച്ച്
ശുണ്ഠികളില്‍ പൊട്ടിച്ചിരിക്കുന്ന
ആ കൗതുകം പിന്നെയാരാണ് ?
എനിക്ക് പിന്തുടരാൻ കഴിയാത്ത
എന്റെ മാത്രം സ്വപ്നങ്ങളുടെ
മായക്കാഴ്ചയാവാമെങ്കിലും
കനത്ത ഇടവപ്പെയ്ത്തിലും
കവിഞ്ഞൊഴുകാത്ത കാട്ടാറുപോലെ
ശാന്തം സൗമ്യം സ്വച്ഛം, നീ

കൈയ്യിൽ ഇടിമിന്നലേന്തി
കൊടുങ്കാറ്റിന്റെ കുതിരപ്പുറമേറി
ഓരോ കുതിപ്പിലുമെരിഞ്ഞെരിഞ്ഞു
കത്തിത്തീരാറായ കൊള്ളിമീൻ
കണ്ണിൽ ബാക്കി വച്ച കനൽക്കട്ട, ഞാൻ

ഈ കനൽതീ കെടുത്തുവാനെനിക്ക്
നിന്നിലേക്കെത്താതെ വയ്യ
ഞാനില്ലാതാവാതെയെനിക്ക്
നിന്നിലേക്കെത്താനും വയ്യ

നീയെന്നൊരാളുണ്ടെങ്കിൽ
അതു നീ തന്നെയാണെങ്കിൽ





No comments:

Post a Comment