Sunday, 26 January 2014

നാം തമ്മിൽ കാണാതിരിക്കട്ടെ


നാം തമ്മിൽ ഒരിക്കലും 
കാണാതിരിക്കട്ടെ 
കണ്ടാൽ, നിന്റെ സുന്ദരമായ 
മുഖത്തിന്‌ മുൻപേ 
മനസ്സിന്റെ കാപട്യം 
ഞാൻ തിരിച്ചറിഞ്ഞാലോ,
മധുരമുള്ള വാക്കുകളുടെ ചുംബനങ്ങളിൽ 
അടയിരിക്കുന്ന വിഷസർപ്പങ്ങളെ
റിഞ്ഞാലോ, 
ഞാൻ നിന്റെ നൂറാമത്തെ 
ഇരയാകുമ്പോൾ 
പൊള്ളുന്ന എന്റെ പ്രണയ കാവ്യങ്ങൾ 
സ്നേഹിതരൊത്തുള്ള നിന്റെ 
നിശാസൽക്കാരങ്ങളില്‍
തണുത്തു നുരയുന്ന പൊട്ടിച്ചിരികളിൽ 
വിവസ്ത്രയായാലോ, 
ഓർമ്മയ്ക്കെന്ന് നീ സൂക്ഷിച്ച 
എന്റെ മുഖചിത്രം,
കഴുത്തറ്റ ഉടൽ ചോര വാർത്ത്
ചവറ്റു തൊട്ടിയിൽ പിടയുമ്പോൾ 
ചൂളി നില്ക്കുന്ന എന്റെ ചിരി
സങ്കോചങ്ങളുടെ ആവരണങ്ങളില്ലാത്ത
പുതിയ പുതിയ ഉടലുകളണിഞ്ഞ്
വലക്കുരുക്കുകളിൽ പരിഹാസ്യയാവുന്നത്
വല്ലവരും പറഞ്ഞറിഞ്ഞാലോ,

വേണ്ട, ഞാൻ ഞാനായും 
നീ നീയായും ഇരുന്നു കൊള്ളൂ
ഒരു കവിതയുടെ അകലം 
നമ്മളിൽ സൂക്ഷിക്കുമ്പോൾ 
ഈ  തൂലികത്തുമ്പിന്റെ നിഴലിൽ 
നമ്മുടെ കാപട്യങ്ങളെ 
നമുക്ക് പരസ്പരം ഒളിപ്പിക്കാം 
മഴ പെയ്യുന്ന രാത്രികളിലെ മധുരസ്വപ്‌നങ്ങൾ 
അങ്ങിനെത്തന്നെ ഉറങ്ങട്ടെ 
നാം തമ്മിൽ ഒരിക്കലും കണ്ടുമുട്ടാതിരിക്കട്ടെ.

ഒന്നാം ക്ളാസ്സും ഒന്നിൽ കൂടുതൽ പാഠങ്ങളും

ആം ആത്മികളുടെ നാട്ടിൽ നിന്നും
ഒരു ആറുവയസ്സുകാരി 
ആറുകളുടേയും തോടുകളുടേയും
നാട്ടറിവിലേക്ക് 
അമ്മ രാത്രി മുഴുവൻ പഠിപ്പിച്ചിട്ടും 
രണ്ടാം ക്ളാസ്സിലെ ചക്കപ്പഴം 
കേട്ടെഴുതിയപ്പോൾ
ചക്കപഴം ആയി,
ഒന്നാം ക്ളാസ്സിൽ രണ്ടാമതും.
വൈകി വന്ന ഹിന്ദിക്കാരിയുടെ
ജാഡയുടെ അടുത്തിരിക്കേണ്ടാ-
ന്നൊരു കുട്ടി സംഘം 
വേർതിരിവുകളുടെ ഒന്നാം പാഠം.

നനഞ്ഞ കണ്ണുകൾ പടർത്തിയിട്ടും 
മറയാത്ത ചിരിയും 
ഞൊറിയുടുപ്പിനു താഴെ 
ഞാന്നു കിടന്ന വെള്ളിയരഞ്ഞാണത്തിന്റെ 
കുസൃതിയുമണിഞ്ഞ 
ആദ്യത്തെ കൂട്ടുകാരി 
നിസ്വാര്‍ത്ഥതയുടെ രണ്ടാം പാഠം
ഒന്നാം ബെഞ്ചിലെ ഒന്നാം സ്ഥാനം 
വിട്ടു തന്നു,
ഒരു മടിയുമില്ലാതെ.
അമ്മയെ കാണുമ്പോഴെല്ലാം 
ജെസ്സിക്കിദർ ഹേ എന്നു ചോദിക്കുന്ന 
മൊട്ടത്തലയൻ,
ആദ്യത്തെ ആ കൂട്ടുകാരനെയും 
മറന്നിട്ടില്ല 
പിന്നീട് കണ്ടിട്ടില്ലെങ്കിലും. 

ജാം പുരട്ടിച്ചുരുട്ടിയ ചപ്പാത്തികൾ
വായിൽ വച്ചു തന്ന സിസ്റ്റെറമ്മ 
അർബുദം തിന്ന മാറിടം 
നിറയെ സ്നേഹം,
പേര് പോലും മറന്നിരിക്കുന്നു 
എങ്കിലും പഠിപ്പിച്ചു തന്നു 
അമ്മയാവാൻ പ്രസവിക്കേണ്ടതില്ല. 

ഈ പാഠങ്ങൾ തന്നെയല്ലേ 
എല്ലാ ക്ളാസ്സിലും പഠിച്ചത്?

പിൻ കുറിപ്പ് :
പ്രായമേറുന്തോറും ദൂരമേറുമോർമ്മകൾക്കെന്തേയേറെത്തെളിച്ചം? 

Thursday, 16 January 2014

വിലക്കപ്പെട്ട കനി/ forbidden fruit



വിരൽ തൊട്ടുതൊടാതെ ഞങ്ങൾ 
ഭൂതകാലങ്ങളിലൂടെ നടന്നു 
വിലക്കപ്പെട്ട കനി തേടി 
വർത്തമാനരാത്രികളിൽ 
അലഞ്ഞു നടന്നു 
ആത്മാവ് കെഞ്ചിപ്പറഞ്ഞു 
മുള്ളുകൾ പതിയിരിക്കുന്നു 
കരൾ കണ്ടത് 
വർണ്ണശബളമായ ഇലകളും 
കൊതിയൂറുന്ന പഴങ്ങളും 
മഴ നനഞ്ഞു കുതിർന്ന മണ്ണ് മന്ത്രിച്ചു 
കാൽമുദ്രകൾ തിരികെ വരാത്തത് 
നീ കണ്ടില്ലേ? 
നാടോടിക്കൊപ്പം കണ്‍കെട്ടി നടന്ന 
കുട്ടിയേപ്പോലെ ഒന്നും കണ്ടില്ല 
അവഗണനയോടെ മുഖം തിരിച്ചിട്ടും
ചങ്ങാതിക്കാറ്റ്
ഉടുപ്പ് പിടിച്ചുകുലുക്കി 
നില്ക്കൂ  അറിഞ്ഞില്ലേ, ഹൃദയം പിളർന്ന് ചത്ത 
കിളിക്കുഞ്ഞിന്റെ ചോരയുടെ പച്ച മണം?
ഉഗ്രവിഷമുള്ള അമ്പുകൾ
എവിടെ നിന്ന് വേണമെങ്കിലും പറന്നെത്താം
ആ മരം നിഷിദ്ധം ....
ഓർമ്മകളിൽ എവിടെയോ പൂത്ത 
ഒരു പനിനീർപൂവായിരുന്നു ഉള്ളിൽ
എന്നും ചവിട്ടി നോവിച്ചിട്ടും 
വള്ളിച്ചെടികൾ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു 
അമ്ളരസമുള്ള കളകളാണ് മച്ചുവട്ടിൽ
കാലുകൾ ലയിപ്പിക്കും 
ജീവനോടെ ദഹിപ്പിക്കും 
ചെരുപ്പിട്ട് നിർദ്ദയംവകഞ്ഞു മാറ്റി 
മരച്ചുവടെത്തും മുൻപേ 
വിഷ അമ്പുകൾ തെറിച്ചു 
റോസ് നിറമുള്ള കൊക്ക് തുറന്ന്
കിളിക്കുഞ്ഞുങ്ങൾ കരഞ്ഞു 
തൊട്ടരികെയെന്നു കരുതിയ വിരലുകൾ
എവിടെയോ മറഞ്ഞു 
ഭൂമി പിളർന്ന്
ഞങ്ങൾ മാത്രം രക്ഷപ്പെട്ടു 
ഞാനും എന്റെ സ്വാർത്ഥ മോഹങ്ങളും.





Saturday, 11 January 2014

ഉറക്കം


ഉറക്കത്തെക്കുറിച്ചാണ്,
ഈ മണ്ണിൽ ജനിച്ചു വീണ ഓരോ പ്രാണനേയും 
ഒരൊറ്റ നിമിഷം കൊണ്ട് നിശ്ചലനാക്കുന്ന 
നിശബ്ദനാക്കുന്ന ഉറക്കത്തെക്കുറിച്ച്!
ഇത് ഉറക്കമില്ലാത്തവരെക്കുറിച്ചുമാണ്.

അന്തമില്ലാത്ത രാത്രിയാമങ്ങളെ 
ഒരു കൺചിമ്മലാൽ അളന്നുതീർക്കാൻ 
കൊതിക്കുന്നവർ, നിദ്രാവിഹീനർ,

പകൽ പകുത്തെടുത്തവരോട് പരിഭവിക്കാതെ 
നിലാവിന്റെ സാന്ത്വനത്തിൽ 
രാപ്പൂവുകളുടെ പരിമളം 
നുകരുവാനലയുന്ന സ്വപ്നാടകർ,

ഉറങ്ങുന്ന ലോകത്തെ 
ഉറക്കച്ചടവുള്ള കണ്ണാലുഴിയുന്ന 
രാത്രിജോലിക്കാർ.
ഇണയുടെ നിശ്വാസച്ചൂടിൽ 
ശീതകാലക്കുളിരുരുക്കാൻ കൊതിച്ച് 
അമർത്തിയ കോട്ടുവായിൽ 
ഒരു രാവൊളിപ്പിക്കുന്നവർ.
 
രാത്രി മുഴുവൻ തുറന്നു വച്ച
വരണ്ടു ചുവന്ന കണ്ണുകളിൽ
മനസ്സിനെ ഏകോപിപ്പിച്ച് 
കേൾവികളിൽ ഇരുളിന്റെ മർമ്മരങ്ങൾക്ക് 
അവർ കാതു കൂർപ്പിച്ചു.
പതിഞ്ഞ പാദപതനത്തിൽ 
പ്രപഞ്ചത്തെ ഉണർത്താതെ നടന്ന് 
കനം വച്ച കൺപോളകളെ 
അതിജീവനത്തിന്റെ സൂത്ര വാക്യങ്ങൾ 
വീണ്ടും വീണ്ടും പഠിപ്പിച്ചു.

ഉറക്കം അപ്പോഴും 
ത്രികോണ പ്രേമത്തിലെ നായകരെപ്പോലെ 
പ്രണയിച്ചവരെ നിരാകരിക്കുകയും 
നിരാകരിച്ചവരെ പ്രാപിക്കുകയും ചെയ്തു.