Friday, 11 October 2013

കൂണുകൾ


കൂണുകൾ, കൂനനുറുമ്പുകളുടെ കുടകൾ
എന്നു നിനച്ച നിഷ്കളങ്ക ബാല്യം!

പാതിയുറക്കത്തിൽ കൂമ്പി നിൽക്കുന്ന
പതുപതുത്ത അരിക്കൂണുകൾ നുള്ളുവാൻ,
കൂട്ടുകാർക്കൊപ്പം
കുടയും, കൂടയുമായുണർന്ന
പ്രസരിപ്പുള്ള പ്രഭാതങ്ങൾ.

വടക്കേപ്പറമ്പിൽ, വർഷകാലം മുഴുവൻ
തപസ്സുറങ്ങുന്ന ചിതൽപ്പുറ്റുകളിൽ,
ഇടിവെട്ടുകേട്ടുഞെട്ടി, വർഷത്തിലൊരിക്കൽ
തല വെളിയിലേക്കു നീട്ടുന്ന
നൂറായിരം പെരുങ്കൂണുകൾ.

യുവതിയുടെ വേഷം ധരിച്ച
ദുർമന്ത്രവാദിനിയേപ്പോലെ,
തഞ്ചത്തിൽ തലയാട്ടി, മാടി വിളിക്കുന്ന
പല വർണ്ണങ്ങളുള്ള വിഷക്കൂണുകൾ.

പണ്ടെന്നോ മഴുവേറ്റ മാങ്കുറ്റിയിൽ,
നിശ്ശബ്ദം, വെളുത്ത കണ്ണുകൾ തുറിച്ച്
പറ്റിപ്പിടിച്ചിരിക്കുന്ന മരക്കൂണുകൾ.

ഒറ്റക്കൊരു വരമ്പത്ത്
ആകാശം നോക്കി നിൽക്കുന്ന
നീളൻ കഴുത്തുള്ള മഴക്കൂണുകൾ.

മഴക്കൂണുകളെ കാണുമ്പോൾ
മരിച്ചവരെ ഓർമ്മ വരും!
മഞ്ഞളും, ഉപ്പും ചേർത്ത്,
തേങ്ങയും, കാന്താരിയും ചതച്ച്
വാഴയിലയിൽ ചുട്ടെടുത്ത മഴക്കൂണുകൾ
തിന്നുവാൻ നിൽക്കാതെ യാത്ര പോയവർ.
വേണ്ടത്ര സ്നേഹിച്ചിരുന്നുവോ അവരെ ഞാൻ
എന്ന തോന്നൽ,
ആർത്തിയോടെ തിന്ന കൂണുകൾ
അണ്ണാക്ക് പൊള്ളിച്ച നീറ്റൽ പോലെ
ഇന്നും വടുവായി ഉള്ളിൽ നീറുന്നുണ്ട്.

ഇപ്പോൾ എന്റെ  പുലരികളിൽ
കൂണുകൾ വിടരാറില്ല.
കൂണ്‍നുള്ളാൻ കുഞ്ഞുങ്ങളില്ലാഞ്ഞാവുമോ,
അതോ അവയ്ക്കും വംശനാശം വന്നോ?



4 comments:

  1. ottaykkoru vayal varambathu ennyirunnenkil aa varika nnukoode nannayirunnu

    ReplyDelete
  2. thank you for your suggestion... ശരിയാണ്, വയൽ വിട്ടുപോയീ...

    ReplyDelete
  3. beautiful.................keep it up.. koon enna oru vakku ethra ormakal annu konduvarunnathu. now i realise what exactly our children miss in their life!!!!!!!!!!!!!!!!!!!!!!!!

    ReplyDelete
  4. thank u..anonymous.. it is true, നമ്മുടെ കുഞ്ഞുങ്ങൾ ഒത്തിരി കൊച്ചു കൊച്ചു സന്തോഷങ്ങൾ miss ചെയ്യുന്നുണ്ട് ..

    ReplyDelete