അവർക്ക് എഴുപതോ എണ്‍പതോ തൊണ്ണൂറോ വയസ്സ് പ്രായമുണ്ടായിരുന്നു. ഡബ്ലിനിലെ ഒരു വലിയ പാർക്കിൽ തെളിനീർ തടാകത്തിന് അഭിമുഖമായി ഒരു തടി ബെഞ്ചിൽ ഇരിക്കയായിരുന്നു അന്നയും അവരും. ഒന്നുരണ്ടാഴ്ചയായി മിക്കവാറും ദിവസങ്ങളിൽ ഇവിടെ വരുമ്പോഴൊക്കെ ഇവരെ കാണാറുണ്ട്. ഈ ഇരിപ്പിടത്തിൽ ഇരിക്കുകയോ മരവടി കുത്തി മരങ്ങൾക്കിടയിലൂടെ പതിയെ പതിയെ നടക്കുകയോ ചെയ്യുന്നത്. അല്ലെങ്കിൽ നീലത്തടാകത്തിൽ സ്വപ്നം പോലെ ഒഴുകി നടക്കുന്ന വെളുത്ത അരയന്നങ്ങളെ നോക്കി നിൽക്കുന്നത്.
തണുപ്പ് കാലം മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ശൈത്യത്തിന്റെ ഇരുണ്ട ഉറക്കറകളിൽ നിന്നും പൂക്കളും തളിരുകളും ഉണർവ്വിലേക്ക് സ്പന്ദിച്ചു തുടങ്ങുകയായിരുന്നു. പാതയോരങ്ങളിൽ വസന്തത്തിന്റെ വരവറിയിച്ച് പച്ചപ്പട്ടുപാവാടത്തുമ്പിലെ കസവു ഞൊറികൾ പോലെ സ്വർണ്ണ നിറമുള്ള ഡാഫഡിൽ പുഷ്പങ്ങൾ വിരിഞ്ഞു നിന്നു.
മഞ്ഞു കാലത്ത് ഇലകൾ കൊഴിഞ്ഞ് പ്രേതാത്മാക്കളേപ്പോലെ നിന്നിരുന്ന ഓക്ക് മരങ്ങളുടെ തുഞ്ചങ്ങളിൽ കൂമ്പുകൾ മുള നീട്ടാൻ തുടങ്ങിയിരിക്കുന്നു. പ്രഭാതത്തിലെ വസന്ത സൂര്യൻ ദയാവായ്‌പിൽ ആർദ്രമായ ഒരു ഹൃദയം പോലെ പ്രപഞ്ചത്തേയും അതിലെ സർവ്വചരാചരങ്ങളേയും പൊതിഞ്ഞു പിടിച്ചു. ഇളം വെയിലിന്റെ സുഖകരമായ ചൂട് മുൾപ്പടർപ്പുകൾക്കിടയിലെന്ന പോലെ വിങ്ങി നിന്ന അന്നയുടെ ഹൃദയത്തേയും അനുതാപപൂർവ്വം ആശ്ലേഷിച്ചു. സൂര്യരശ്മികളിൽ തടാകവും അരയന്നങ്ങളും വജ്രം പോലെ വെട്ടിത്തിളങ്ങി.
ആശുപത്രിയിൽ നിന്നും വന്നതിനു ശേഷം അന്ന കുറച്ചു ദിവസത്തെ അവധി എടുത്തു. ഡിസ്ചാർജ് ചെയ്യും മുൻപേ ഒരു മനശാസ്ത്രവിദഗ്ധൻ വന്ന് അവളോട് സംസാരിച്ചിരുന്നു. ഉൽകണ്‍ഠകളെ ഒഴിവാക്കി ജീവിതത്തെ എങ്ങിനെ യാഥാർഥ്യബോധത്തോടെ നേരിടാം എന്നതിനെക്കുറിച്ച്! വാടക വീട്ടിൽ തിരിച്ചെത്തിയപ്പോൾ കൂട്ടുകാരി ജോളിയേയും കൂട്ടി അന്ന എന്നും നടക്കാൻ പോയി. ജോളിയില്ലെങ്കിൽ അവൾ ഒറ്റയ്ക്ക് കുറേനേരം പാർകിൽ പോയിരുന്നു.
"ജീവിതം ദുഷ്ക്കരവും ദൈർഘ്യമേറിയതുമാണ് കുട്ടി", കണ്ണീരുണങ്ങിപ്പിടിച്ചിരുന്ന അന്നയുടെ കവിളുകളിലേക്ക് അനുകമ്പയോടെ നോക്കിക്കൊണ്ട് ആ വൃദ്ധ പറഞ്ഞു.
ആരോടും സംസാരിക്കാനുള്ള ഒരു മനഃസ്ഥിതിയിലായിരുന്നില്ല അന്ന. ഇയർ ഫോൺ ചെവിയിൽ തിരുകി കേൾക്കാത്തപോലെ ഭാവിച്ചാലോ? അവൾ സന്ദേഹിച്ചു.
"എനിക്ക് എൺപതു വയസ്സായിരിക്കുന്നു! വാർദ്ധക്യത്തിൽ ദിവസങ്ങൾക്ക് വ്യത്യാസങ്ങളില്ല. ഓരോന്നും അതിന് മുൻപുള്ളതിന്റെ ആവർത്തനം മാത്രം!" വൃദ്ധ തുടർന്നു.
കമ്പിളി വസ്ത്രങ്ങളിൽ മൂടിപ്പുതച്ചിരിക്കുന്ന അവരെ അന്ന സൂക്ഷിച്ചു നോക്കി. വെയിലിൽ കൂമ്പിപ്പോകുന്ന നരച്ച കണ്ണുകളിൽ വിഷാദം കൂടു വച്ചിരിക്കുന്നു.
പാവം, അന്നയോർത്തു. വൃദ്ധർക്ക് സന്തോഷിക്കാൻ ഇക്കാലത്ത് എന്താണുള്ളത്? മരണത്തിന്റെ മണമുള്ള അവരുടെ സഹവാസം ആർക്കാണ് താല്പര്യം ?
അയർലണ്ടിൽ ആരും തുണയില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന എത്രയോ വൃദ്ധരുണ്ട്! ചക്രം പിടിപ്പിച്ച സഞ്ചികളിൽ മുന്നോട്ടൂന്നി കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പ്രാഞ്ചി പ്രാഞ്ചി നടന്നു പോകുന്നവർ...... മാസങ്ങളോളം മറ്റൊരു മനുഷ്യജീവിയോട് സംസാരിക്കാതെ ജീവിതം തള്ളി നീക്കുന്നവർ........
കൊടും ശൈത്യകാലത്ത് അവരെങ്ങിനെയാണ് പലവ്യഞ്ജനങ്ങൾ വാങ്ങുന്നത്? എങ്ങിനെയാണ് ഭക്ഷണം പാകം ചെയ്യുന്നത്? അവരുടെ വീടിനകത്ത് വേണ്ടത്ര ചൂടുണ്ടോ? വീട്ടിൽ ചൂടുവെള്ളം കിട്ടുന്നുണ്ടോ? ഇതൊക്കെ അന്വേഷിക്കാൻ പോലും ബന്ധുക്കളില്ലാതെ എത്ര പേർ! പാശ്ചാത്യ ലോകം യുവാക്കൾക്കു മാത്രമുള്ളതാണെന്നോ?
"അമ്മൂമ്മയ്ക്ക് സുഖമല്ലേ ",അവരോട് എന്ത് പറയണമെന്നറിയാതെ അന്ന ചോദിച്ചു. അപ്പോൾ വെയിലിലേക്ക് ഇമകളടച്ചുകൊണ്ട് മോറീൻ, അതാണവരുടെ പേര്, അവരുടെ ജീവിത കഥ പറഞ്ഞു. ചിലപ്പോൾ നമുക്ക് മനസ്സ് തുറക്കുവാൻ എളുപ്പം അനുകമ്പ സ്ഫുരിക്കുന്ന ഒരു അപരിചിത ഹൃദയത്തോടാവും!
നാൽപ്പതുകളിലെ യാഥാസ്തിതിക അയർലണ്ടിൽ പതിനഞ്ചാമത്തെ വയസ്സിൽ അവർക്കൊരു കുഞ്ഞു പിറന്നു. വിവാഹത്തിന് മുൻപ്, കളിക്കൂട്ടുകാരനായിരുന്ന ജോണിൽ. ഒരു കത്തോലിക്കാ രാജ്യമായ അയർലണ്ടിൽ അന്ന് ജനങ്ങളുടെ ജീവിത രീതികൾ നിർദേശിച്ചിരുന്നത് സഭ ആയിരുന്നു. വിവാഹത്തിനു മുൻപുണ്ടാകുന്ന കുഞ്ഞുങ്ങളെ വളർത്താൻ അച്ഛനമ്മമാർക്ക് അനുവാദം ഉണ്ടായിരുന്നില്ല. അവരെ അനാഥാലയങ്ങളിലേക്കയച്ചു ദത്തു കൊടുക്കുകയായിരുന്നു പതിവ്. വീട്ടുകാർ ഉപേക്ഷിച്ചാൽ അമ്മയേയും കുഞ്ഞിനേയും അടർത്തിമാറ്റി അമ്മമാരെ കന്യാസ്ത്രീകൾ നടത്തുന്ന സ്ഥാപനങ്ങളിലേക്ക് അയയ്ക്കും. കുഞ്ഞുങ്ങളെ പണം വാങ്ങി ദത്ത് കൊടുക്കും. അതായിരുന്നു അന്നത്തെ നിയമം. കുഞ്ഞിനെ ദത്തു നൽകിയാൽ മോറീന് വീട്ടിൽത്തന്നെ താമസിക്കാമെന്ന് മനസ്സിൽ നന്മ ബാക്കിയുള്ള അച്ഛൻ പറഞ്ഞപ്പോൾ അവൾക്ക് സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഒരു പതിനഞ്ചുകാരിക്ക് അതിൽ കൂടുതൽ തീരുമാനങ്ങൾ എടുക്കുവാനുള്ള സാഹചര്യങ്ങൾ അന്നുണ്ടായിരുന്നില്ല.
മാദെലീൻ കന്യാസ്ത്രീകൾ എന്നറിയപ്പെട്ടിരുന്ന കന്യാസ്ത്രീകളുടെ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് കൊടും ക്രൂരതയായിരുന്നു നേരിടേണ്ടി വന്നിരുന്നത്. അവിഹിതഗർഭം എന്ന കൊടും പാപത്തിന്റെ പ്രായശ്ചിത്തമെന്ന പേരിൽ അവരെ മൃഗീയമായ ശിക്ഷകൾക്ക് ഇരകളാക്കി.
ദത്തെടുക്കപ്പെട്ടവരിൽ എത്ര കുഞ്ഞുങ്ങൾക്ക് സ്നേഹമുള്ള കുടുംബങ്ങൾ കിട്ടിയിരിക്കാം? എത്ര പേരെ വളർന്നു വരുമ്പോൾ തന്നെ ലൈംഗികാവശ്യങ്ങൾക്കായി വിറ്റിരിക്കാം? എത്ര പേർ മാനസികവും ശാരീരികവും ആയ ക്രൂരതകൾ സഹിക്കവയ്യാതെ ഓടിപ്പോയി ഭിക്ഷ തെണ്ടിയും പിടിച്ചു പറിച്ചും ജീവിച്ചിരിക്കാം, മരിച്ചിരിക്കാം? ഇതിനൊക്കെ എവിടെയാണ്, ആർക്കാണ് കണക്കുള്ളത്?
"മതങ്ങളേക്കാൾ കൂടുതലായി മറ്റാരാണ്, മറ്റെന്താണ് മനുഷ്യനെ ദ്രോഹിച്ചിട്ടുള്ളത്?" വൃദ്ധ ചോദിച്ചു.
അപ്പോൾ അന്ന ഓർത്തത്, അയർലണ്ടിലെ ഓരോ മുക്കിലും മൂലയിലും വക്കിടിഞ്ഞു നിൽക്കുന്ന പള്ളികളെക്കുറിച്ചാണ്. അവിടവിടെ കാണുന്ന ഇടിഞ്ഞു പൊളിഞ്ഞ കോട്ടകൾ പോലെത്തന്നെ, മനുഷ്യസാമീപ്യമില്ലാത്ത പൗരാണികമായ പള്ളികൾ......! ഒരു കാലത്ത് പ്രജാപരിരക്ഷണത്തിനായി ഉയർത്തപ്പെട്ടവ. ഇന്ന്....., ഭൂതക്കൊട്ടാരങ്ങൾ പോലെ, കത്തോലിക്കാ സഭയുടെ പ്രതാപകാലത്ത്, സഭാ ചരിത്രത്തിന്റെ ദുരൂഹവീഥികളിൽ ക്രിസ്തുവിനേപ്പോലെത്തന്നെ പീഡകൾ സഹിച്ചു മരിച്ചവരുടെ ശാന്തി ലഭിക്കാത്ത ആത്മാക്കളും, ആ യാതനകളുടെ ഓർമ്മകൾ പേറി ഇപ്പോഴും ജീവിച്ചിരിക്കുന്നവരുടെ അന്ത:ക്ഷോഭങ്ങളും, പടർക്കൊടി വള്ളികളേപ്പോലെ ചുറ്റിവരിഞ്ഞ ഭീതി ജനിപ്പിക്കുന്ന വിജനദുർഗങ്ങൾ. ദുർമന്ത്രങ്ങൾ ഉരുവിടും പോലെ പെയ്യുന്ന മഴയിൽ നനഞ്ഞ്, പന്നൽച്ചെടികളുടെ ഇരുണ്ട പച്ചയുടുത്ത് മ്ലാനമായ ശിലാരൂപങ്ങൾ!
"ഉണ്ടായി, പൊക്കിൾക്കൊടി അറുത്ത നിമിഷത്തിൽ തന്നെ കുഞ്ഞിനെ എന്റെ അടുക്കൽ നിന്ന് മാറ്റിയിരുന്നു", വൃദ്ധ തുടർന്നു. അന്ന ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു.
അതിനടുത്ത വർഷം മോറീൻ ജോണിനെത്തന്നെ വിവാഹം കഴിച്ചു. അന്ന് തുടങ്ങിയതാണ് അവർ മോളെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ. അതിനിടയിൽ അവർക്ക് മൂന്ന് ആണ്‍മക്കളും രണ്ടു പെണ്‍മക്കളും കൂടി ഉണ്ടായി. എന്നാൽ മൂത്ത മകൾ എവിടെയെന്നു മാത്രം ഒരറിവും കിട്ടിയില്ല.
എത്രയെത്രയിടങ്ങളിൽ കയറിയിറങ്ങി? എത്രയോ പേരെ കണ്ടു! അപേക്ഷിച്ചു! ഓരോ യാത്രയിലും പ്രതീക്ഷയുടെ കോണിപ്പടികൾ കയറിയിറങ്ങിയത്
നിരാശയുടെ പടുകുഴിയിലേക്കായിരുന്നു. രഹസ്യമായി സൂക്ഷിച്ച രേഖകൾ കാട്ടാൻ അധികാരികൾ വിമുഖത കാട്ടി. എല്ലായിടത്തും നിയമക്കുരുക്കുകൾ.
നിയമങ്ങൾ,.... അവയെന്നും മനുഷ്യനന്മയ്ക്ക് എതിരായാണ് നിർവ്വചിക്കപ്പെടുക!
"ഒരമ്മയ്ക്ക് മക്കൾ കഴിഞ്ഞല്ലേ മറ്റെന്തുമുള്ളൂ? ഈശ്വരൻ പോലും! ഇസഹാക്കിനെ ബലിയർപ്പിക്കണമെന്ന് അബ്രാഹത്തിന് പകരം സാറായോടാണ് പറഞ്ഞിരുന്നുവെങ്കിൽ ദൈവം തോറ്റു പോയേനെ."
എന്റെ മറ്റു മക്കൾക്ക് എല്ലാവരും ഉണ്ടായിരുന്നു. എന്നാൽ എന്റെ മൂത്ത മോൾ ...... , അവൾക്കാരാണുള്ളത്? അവൾക്കു വയറു നിറയെ ഭക്ഷണം കിട്ടുന്നുണ്ടോ? അവളെ ആരെങ്കിലും സ്നേഹിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്നുണ്ടോ? അവൾക്ക് പനി വന്നാൽ ശുശ്രൂഷിക്കാൻ കൂടെ ആരെങ്കിലും ഉണ്ടോ? അനാഥദുഃഖത്തേക്കാൾ വലിയ ദുഃഖം ഈ ലോകത്തെന്താണുള്ളത്"!
അവിരാമമായ അന്വേഷണങ്ങൾ കുടുംബ ബന്ധങ്ങളിൽ വരെ വിള്ളലുകൾ വീഴ്ത്തി. "തനിക്കു നൂറുണ്ടെന്നിരിക്കിലും, നഷ്ടപ്പെട്ട ഒന്നിന് വേണ്ടി ബാക്കി തൊണ്ണൂറ്റി ഒമ്പതിനെയും ഉപേക്ഷിച്ചിട്ട് പോകാത്തവരാരുണ്ട്?" അവർ ചോദിച്ചു.
എന്നാൽ ഇക്കാലമത്രയും അവരുടെ മകളും അവളുടെ ശരിക്കുള്ള അച്ഛനമ്മമാരെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
"ചോര എന്നും ചോരയെ തേടിക്കൊണ്ടേയിരിക്കും....." കൈകളാൽ കണ്ണുകളെ വെയിലിൽ നിന്നും മറച്ചു കൊണ്ട് അവർ പറഞ്ഞു.
"അമേരിക്കയിലെ ഒരു കുടുംബമാണ് അവളെ ദത്തെടുത്ത്. ഭാഗ്യത്തിന് നല്ല സ്നേഹമുള്ള അച്ഛനമ്മമാരെ അവൾക്കു കിട്ടി. എന്നെ തിരഞ്ഞു തിരഞ്ഞ് അവൾ ഇവിടെയെത്തി. അതാ, ആ കാണുന്ന സത്രത്തിലാണ് അവളുടെ കുടുംബം താമസിക്കുന്നത്. ജനിച്ചത് ഡബ്ലിനിലാണെന്ന് അറിഞ്ഞപ്പോൾ അവൾ എന്നെ കാണാനാണ് ഇങ്ങോട്ടു വന്നത്." ദൂരെ റോഡിനപ്പുറമുള്ള സത്രത്തിലേക്ക് കൈ ചൂണ്ടി അവർ പറഞ്ഞു.
"സ്തനാർബുദത്തിന് ചികിൽസയിലായിരുന്നു അവൾ. ജീവനോടെ അവളെ കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല,....."
അവരുടെ ദീർഘമായ നെടുവീർപ്പിൽ അന്നയുടെ നെടുവീർപ്പ് ഒടുങ്ങി. മെല്ലെ വീശുന്ന കാറ്റ് പോലും മുറിപ്പെടുത്തുന്നു,.... ഓർമ്മകളെ നോവിച്ചുകൊണ്ടേയിരിക്കുന്നു,......
അരയന്നങ്ങളെ നോക്കിക്കൊണ്ടു നിന്ന ഒരു വൃദ്ധൻ അവരുടെ അരികിലേക്ക് വന്നു. "പോകാറായി", പഴമയുടെ പൂപ്പൽ പിടിച്ച മുഖത്ത് നിന്നും നിർവികാരം രണ്ടു കണ്ണുകൾ പറഞ്ഞു.
"ഞാനെന്തിനു ദു:ഖിക്കണം? എന്റെ മകൾക്ക് സ്നേഹമുള്ള ഒരു കുടുംബത്തെ തന്നെ ദൈവം കൊടുത്തല്ലോ." വൃദ്ധ കണ്ണീരിലൂടെ ചിരിച്ചു.
"ഈ ലോകത്തിൽ ഒന്നിച്ചു ജീവിക്കാൻ ഞങ്ങൾക്ക് യോഗമില്ലായിരുന്നു. എന്നാൽ അവളെ ഇനിയും കാണാമല്ലോ എന്ന ഏക പ്രതീക്ഷയിൽ ആ ഒറ്റ കാരണത്തിൽ, ഞാൻ സ്വർഗ്ഗത്തിൽ വിശ്വസിക്കും." വൃദ്ധൻ അവരെ കൈ പിടിച്ച് എഴുന്നേൽപ്പിക്കുമ്പോൾ അവർ പറഞ്ഞു.
എൺപതാം വയസ്സിലും മകളുടെ ഓർമ്മകൾ തേടി അലയുന്ന അവരെയോർത്ത് അന്ന വിസ്മയിച്ചു. കേവലം ഒരു പ്രണയനഷ്ടത്തിന് വേണ്ടി കൈഞരമ്പുകൾ മുറിച്ചതിൽ അവൾ ലജ്ജിച്ചു. അമ്മയുടെ മുഖമോർത്തപ്പോൾ അണമുറിഞ്ഞെത്തിയ സങ്കടപ്രവാഹത്തിൽ അവൾക്കു ശ്വാസം മുട്ടി.
അപ്പോൾ ഒരു സ്ത്രീ ഏകദേശം എട്ടു വയസ്സ് തോന്നിക്കുന്ന രണ്ടിരട്ടക്കുട്ടികളേയും കൊണ്ട് അവിടെയെത്തി. കുട്ടികൾ റൊട്ടിക്കഷ്ണങ്ങൾ കൈയ്യിൽ ഉയർത്തിപ്പിടിച്ച് കിലുകിലാ ചിരിച്ചുകൊണ്ട് തടാകത്തിന്റെ അടുക്കലേക്കോടി.
"നിൽക്ക് കുസൃതികളേ, ഞാൻ കൂടി വരട്ടെ", ആ സ്ത്രീ ബദ്ധപ്പെട്ട് നടന്നുകൊണ്ട് പറഞ്ഞു.
"എന്റെ മോളുടെ മക്കളാണ്. മഹാ കുസൃതികൾ". അരയന്നങ്ങൾക്ക് റൊട്ടിക്കഷ്ണങ്ങൾ ഇട്ടു കൊടുത്തിട്ട് തിരികെ അന്നയുടെ അടുത്ത് ബഞ്ചിലിരുന്നുകൊണ്ട് അവർ വാത്സല്യത്തോടെ പറഞ്ഞു. പന്ത് കളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുട്ടികൾ.
"സത്യം പറഞ്ഞാൽ എനിക്ക് തീരെ വയ്യ. അർബുദത്തിന് ചികിത്സയിലാണ്. മോൾ കടയിൽ പോയപ്പോൾ ഞാൻ ഇവരെ കൂട്ടി ഇങ്ങോട്ടു വന്നു എന്ന് മാത്രം." വളരെ പരിചയമുള്ള ഒരാളോടെന്ന പോലെ അവർ പറഞ്ഞു.
"ഇവിടെ അല്ലേ താമസം?"അവരുടെ അമേരിക്കൻ ഉച്ചാരണം കേട്ട് അന്ന കൗതുകത്തോടെ ചോദിച്ചു.
അവർ ദീർഘമായി നിശ്വസിച്ചു. "അമേരിക്കയിലാണ് ഇത്ര കാലവും ജീവിച്ചത്. അതാ ആ സത്രത്തിലാണ് ഇപ്പോൾ താമസം. ഒരാഴ്ച കഴിയുമ്പോൾ തിരിച്ചു പോകും. അച്ഛനമ്മമാർ ഐറിഷുകാരായിരുന്നു. ജനിച്ചതേ എന്നെ ദത്തു കൊടുത്തു.
ഏതോ ഒരു ഉൾപ്രേരണയാൽ അന്ന കണ്ണുകൾകൊണ്ട് ആ വൃദ്ധയേയും വൃദ്ധനേയും തിരഞ്ഞു. അവരെ അവിടെ എവിടെയും കണ്ടില്ല.
"അന്വേഷിച്ചന്വേഷിച്ചലഞ്ഞ് ഇതാ ഇവിടെയെത്തിയപ്പോഴാണറിഞ്ഞത്, അഞ്ചു വർഷങ്ങൾക്ക് മുൻപ് അവർ മരിച്ചു പോയി എന്ന്, എന്നെ കാണാനാഗ്രഹിച്ചാഗ്രഹിച്ച്." സ്തബ്ദയായിരുന്ന അന്നയോട് ഇടറിയ ശബ്ദത്തിൽ അവർ പറഞ്ഞുകൊണ്ടേയിരുന്നു.
ഓർമ്മകളിൽ നിന്നും ഓർമ്മകളിലേക്ക് പരകായ പ്രവേശം ചെയ്തുകൊണ്ട് ഒരു തണുത്ത കാറ്റ് അവിടെയൊക്കെ പറന്നു നടന്നു.
നല്ല ഭാഷാശുദ്ധിയുള്ള വികാരപരമായ കഥ .നല്ല ശൈലി.
ReplyDeleteതുടരുക.ആശംസകൾ!!!
നന്ദി, ആശംസകൾക്കും, അഭിപ്രായത്തിനും....
Deleteകവിത പോലുള്ള എഴുത്ത്...നന്നായി വായനക്കാരുടെ ഉള്ളിലേക്ക് എത്തി...ആശംസകൾ ..
ReplyDeleteവളരെ നന്ദി... please keep visiting..
DeleteExpressive writing, Reminds me of famous Irish writer Sebastian Barry's novel Secret Scripture.
ReplyDeletethank you, this story indeed is a haunting Irish memory of the scandals of religion
ReplyDeletemy next mission; to read The Secret Scripture, thanks again
ആരായിരിക്കും അന്ന എന്നാണ് ആദ്യം ആലോചിച്ചു പോയത് !!
ReplyDeleteചിന്തിക്കുന്ന മനുഷ്യർക്ക് മുമ്പിൽ സ്വർഗങ്ങൾ ഇടിഞ്ഞു പൊളിഞ്ഞു വീഴും എന്നതിന് തെളിവാണ് ഇന്നത്തെ അയർലണ്ടും മിക്ക യൂറോപ്യൻ രാജ്യങ്ങളും .
ജെസി അത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൾ !!!
വളരെ നന്ദി ഉത്തമൻ
Deleteനന്നായിട്ടുണ്ട്.
ReplyDeleteThank you Rajesh
Delete