Thursday, 23 July 2015

ഇരുൾ തേടി

പകലുകൾ
വേനലിലെ നീണ്ടു നീണ്ടു പോകുന്ന
ഈ പകലുകളെ പേടിച്ചാവും
ഇരുൾ നമ്മുടെ പ്രജ്ഞയിലും
കണ്‍തടങ്ങളിലും ഒളിച്ചത്

ഒച്ചിനേപ്പോലെ
ഏകാന്തതയിലേക്ക് ഉൾവലിഞ്ഞിട്ടും
ഈ പകൽവെയിലിന്റെ തീക്ഷ്ണത
എന്റെ കണ്ണുകളെ തപിപ്പിക്കുന്നുവല്ലോ!

പ്രശാന്തമായ ഉറക്കത്തിന്റെ
കവാടമടച്ചു കാവൽ നില്ക്കുകയാവും  
വെയിൽ കിങ്കരന്മാർ 
കണ്ണടച്ചിട്ടും ഇരുളിന്റെ
സാന്ത്വനക്കറുപ്പില്ല

സ്ഫടികച്ചീളുപോലെ കൂർത്ത വെയിൽ
മഞ്ഞയും ചെമപ്പും വയലറ്റും നിറത്തിൽ
അടഞ്ഞ കണ്‍പോളകളെ
കുത്തി നോവിച്ചു കളിക്കുന്നു

ആശങ്കയുടെ വ്യഥയിൽ
ചുളിയുന്ന നെറ്റിത്തടത്തിലേക്ക്
പാളി വീഴുന്ന പകൽച്ചിരി
വെളുവെളുത്ത മുഖത്തെ
മഞ്ഞപ്പല്ലുകൾ പോലെ
അഭംഗിയാർന്ന  പൊള്ളച്ചിരി
പളുപളുത്ത വാക്കുകൾ പോലെ
എത്രയോ കപടമാണ്
ക്യാമറക്കണ്ണുകളിലേക്ക് തുറന്നു വച്ച
ശുഷ്ക്കമായ ഈ കൃത്രിമച്ചിരി !

ഉള്ളം കൈയ്യിൽ പൊടിഞ്ഞ
വിയർപ്പു തുള്ളികളുടെ വഴുവഴുപ്പിൽ
നിന്റെ വിരലുകളുടെ പിടിവിട്ട്
വെയിൽ തിളപ്പിൽ
ദിക്കറിയാതെ ഞാൻ കുഴയുന്നു

എനിക്ക് മുന്നേ പോയ യാത്രക്കാരേ
ഈ കൊടുംവെയിൽക്കാട്ടിലെവിടെയാണ്
ഇരുൾമരത്തണുവിലേക്കുള്ള വഴി ?
രാമഴക്കാറ്റിന്റെ ദലമർമ്മരം കേട്ടൊന്നു
മതികെട്ടുറങ്ങാൻ.

Sunday, 26 April 2015

അരണി

എന്റെ ചിന്തകളുടെ കൂർമ്മത 
നിന്റെ ഹൃദയത്തെ കീറിമുറിച്ചേക്കാം 

ഓർമ്മകളാകുന്ന കൃഷ്ണപ്പരുന്തുകൾ 
നിന്റെ കരൾ കൊത്തിപ്പറിച്ചേക്കാം 

എന്തെന്നാൽ പ്രൊമിഥിയസ് 
നീ കട്ടു കൊണ്ടു വന്ന തീ 
എന്റെ ആത്മാവിനെ ജ്വലിപ്പിക്കുകയും 
ദേഹത്തെ ദഹിപ്പിക്കുകയും ചെയ്തിരിക്കുന്നു 

വിരക്തിയുടെ ചിതയിൽ ഒടുക്കിയിട്ടും 
സന്ദേഹത്തിന്റെ പുകക്കുഴലൂതവെ 
പകയുടെ കനലുകൾ ആളിക്കത്തുന്നു 
നെഞ്ചിൻ കൂട് പിളർത്തി 
എരിപൊരി കൊള്ളിക്കുന്നു 

പകലിന്റെ ഏകാന്തതയും 
രാത്രിയുടെ അനന്തമായ വ്യസനവും 
ഭൂതങ്ങളായി അലഞ്ഞു തിരിയുന്നു 

അതിനാൽ പ്രൊമിഥിയസ്
ആ തീ നിനക്കു തന്നെ ഞാൻ തിരികെ തരട്ടെ 
അതുവഴി സ്മൃതിനൊമ്പരങ്ങളിൽ നിന്നും 
എന്നിലെ ഭൂതങ്ങൾ വിടുതൽ നേടിയേക്കും 

ഓർമ്മയേക്കാൾ എത്രയോ ലളിതമാണ് 
മറവിയല്ലേ !

Sunday, 29 March 2015

സമയത്തെ തേടിപ്പിടിച്ചു തളച്ചപ്പോൾ

ഒരു ഒക്ടോബർ മാസത്തിൽ 
സകലരും ചോദിച്ചു 
നീട്ടിക്കിട്ടിയ സമയത്തിലൊരല്പം തരുമോന്ന്! 

രാവിന്റെ പരിദേവനങ്ങളിൽ 
പാതി ഞാനെടുത്തു 
മറുപാതി ഭർത്താവിനും അനുരാഗികൾക്കും 
പകലിന്റെ ദീനതകൾക്കിടയിൽ 
കുട്ടികൾ, കൂട്ടുകാർ, വീട്ടുകാർ,
ആടിനെ പട്ടിയാക്കുന്ന ടി.വി, 
ജോലി, വ്യായാമം, സർക്കീട്ട്, 
സൗന്ദര്യവർദ്ധകമുറകൾ 

സമയസൂചികൾ കണ്ണും പൂട്ടി 
പറന്നു കൊണ്ടേയിരുന്നു 
മുറ്റത്ത്‌ വിടരുന്ന പൂക്കൾ, പൂമ്പാറ്റകൾ 
ഒറ്റയ്ക്ക്  പാടുന്ന കിളികൾ,
വാനിൽ മെല്ലെ മെല്ലെ മേയുന്ന 
വെണ്മേഘങ്ങൾ 
ഒക്കെയ്ക്കും ഒക്കേയ്ക്കും മുകളിലൂടെ 

ഒരു മാർച്ചു മാസത്തിനൊടുവിൽ 
പാദങ്ങൾ  പ്രയാണം നിർത്തി പ്രഖ്യാപിച്ചു 
ഇനി വേവലാതി വേണ്ട 
സമയസൂചികളെ ആമപ്പൂട്ടിട്ടു തളച്ചിരിക്കുന്നു 

ആകാശത്തോട് ഞാൻ പറഞ്ഞു 
"ഇതാ നിങ്ങൾ ചോദിച്ച സമയം "
ചുറ്റുവട്ടമുള്ള സകലരേയും അറിയിച്ചു 
(കുട്ടികൾ എത്ര വേഗം മുതിർന്നവരായി !)
"ഇതാ നിങ്ങൾ ചോദിച്ച സമയം" 
ഏവരും ഏകസ്വരത്തിൽ മൊഴിഞ്ഞു 
"ഏപ്രിൽ ഫൂൾ"

Sunday, 15 March 2015

അമ്മമാർക്കൊരു ദിനം





മഞ്ഞ റോസാപുഷ്പങ്ങൾക്കും 
മന്ദഹസിക്കുന്ന മാതൃത്വത്തിനും പിന്നിൽ 
ഭരണവർഗ്ഗം ഒളിപ്പിച്ച 
ഭംഗിയില്ലാത്ത ചില ചിത്രങ്ങളുണ്ട് 

യുദ്ധ ചിത്രങ്ങളിലെ കുഞ്ഞുങ്ങളുടെ 
നിലവിളിക്കുന്ന മുഖങ്ങൾ 
പൊതിഞ്ഞും പൊതിയാതെയും
അടുക്കിക്കിടത്തിയ 
പാതി കരിഞ്ഞ നിശ്ചലമേനികളിൽ പരതി
പതറി വീഴുന്ന മിഴിനീർ മുത്തുകൾ
വഷള ജന്മങ്ങൾ ചവിട്ടിയരച്ച 
വൃദ്ധ കന്യകകളുടേയും പിഞ്ചു പൈതങ്ങളുടേയും
നിശബ്ദം അലറുന്ന തുറിച്ച കണ്ണുകൾ 

ഇരട്ടവാലന്മാർ അരികുകൾ അരിച്ചുതിന്ന
ഈ ചിത്രങ്ങളിൽ,  ഉലകമേ
നിങ്ങളെ  എണ്ണ തേച്ചു കുളിപ്പിച്ച കൈകൾ
എഴുതിക്കൊണ്ടേയിരിക്കുന്നത് 

നിങ്ങൾ അമ്മമാർക്കായ് തരുന്നത് 
വെറും ഒരു ദിനമല്ല 
ഒട്ടനേകം  ദിനങ്ങളാണ് 
യുദ്ധത്തിലും സമാധാനത്തിലും
ഒന്നുപോലെ  നിങ്ങൾക്കാഘോഷിക്കാൻ 
നിങ്ങൾ ഞങ്ങൾക്കു തരുന്നത് 
എണ്ണമറ്റ ആയിരമായിരം  കരിദിനങ്ങളാണ്