Sunday, 16 February 2014

പ്രണയദിനപ്പിറ്റേന്ന്



ഒരു പ്രണയദിനം കൂടി കൊഴിഞ്ഞിരിക്കുന്നു
പരസ്പരമുള്ള പ്രണയം പറയാതറിയാതെ

അലക്ഷ്യമായി നീ നീട്ടിയ പനിനീർപൂക്കൾ
പരിക്ഷീണമായ എന്റെ ഹൃദയം പോലെ
വസന്തത്തിലെ പ്രഭാത സൂര്യന്റെ
മങ്ങിയ തേജസ്സു പോലും താങ്ങാനാവാതെ
ജനാലയ്ക്കൽ വാടിത്തുടങ്ങിയിരിക്കുന്നു

തൊട്ടു പിന്നിൽ നീയുണ്ടെന്ന് വെറുതെ മോഹിച്ച്
മധ്യാഹ്നസൂര്യനിലും മിന്നിത്തിളങ്ങാത്ത
ഈ നനഞ്ഞ മണൽതരികളിൽ
എന്റെ കാല്പാദങ്ങളെഴുതിയ പ്രണയമന്ത്രങ്ങൾ
കടലെടുത്തിരിക്കുന്നു

മുള്ളെന്നു നീ നിനച്ച എന്റെ ഹൃദയം
ഈ സായാഹ്നത്തിന്റെ
ചക്രവാളച്ചുവപ്പിൽ ലയിക്കുമ്പോൾ
കടലാഴങ്ങളിലേക്ക് നടന്ന
എന്റെ വിണ്ടു കീറിയ ഉപ്പൂറ്റികളുടെ
അഭംഗി നീ കാണാതിരിക്കട്ടെ 

Sunday, 9 February 2014

ഒരറയുള്ള ഹൃദയം


വെറും നാലറയെന്നു 
വെറുതെ പറയുന്നതാണ്

അനേകായിരം അറകളുണ്ട് 
പരസ്യവും രഹസ്യവുമായ അറകൾ
സ്നേഹം, ദുഃഖം, കാമം, കോപം,
അസൂയ, അഹങ്കാരം, ആർദ്രത,
ആവലാതി, വേവലാതി;
ഇത്തരം വികാരങ്ങളും ചിന്തകളും 
തിങ്ങി നിറഞ്ഞു വിമ്മിഷ്ടപ്പെട്ടു വിജ്യംഭിച്ച്
ചുമന്നു തുടുത്ത ഒരു ഹൃദയത്തിന്

ഒരു അറ മാത്രം ശൂന്യമാണ് 
ഒന്നുമില്ലായ്മയുടെ ഒരറ 
മീൻ ചെകിളകൾ പോലെ, 
മൊട്ടക്കുന്നിലെ ശുഷ്ക്കിച്ച ഒറ്റ വൃക്ഷത്തിൽ 
മരം കൊത്തിയുണ്ടാക്കിയ 
മാനം കാണാവുന്ന മാളം പോലെ, 
കാറ്റിന് കയറിയിറങ്ങാവുന്ന ഒരറ

കാലാന്തരങ്ങളിൽ 
മറ്ററകൾ ദ്രവിച്ച് പൊടിഞ്ഞ്
ഈ അറയോട് ചേരും 
അന്ന് വികാര-വിചാരങ്ങളിൽ നിന്നും 
സ്വതന്ത്രമായ ഹൃദയത്തിന്‌
വെള്ളത്തിന്റെയും വായുവിന്റെയും 
നിറമില്ലായ്മയായിരിക്കും
ഒരൊറ്റയറയാകും 
നിറമില്ലാത്ത ഒന്നുമില്ലാത്ത
നിശബ്ദമായ ഒരറ

അന്ന് നമ്മൾ മാലാഖമാരെപ്പോലെയാകും 
നിഷ്കളങ്കരായ പരിശുദ്ധരായ മാലാഖമാർ 

Friday, 7 February 2014

നഷ്ടബാല്യങ്ങൾ


രാവിന്നവസാനയാമത്തിലെത്തുമീ-
നിദ്രയെ ദു:സ്വപ്നങ്ങൾ
അസ്വസ്ഥമാക്കുമ്പോൾ,
അനാഥ ദു:ഖത്തിന്റെ
അഗ്നിയിൽ വെന്തൊരാ
നിഴലുകളെന്നെ
തിരിഞ്ഞു നോക്കുമ്പോൾ,
പാതിമയക്കത്തിലും
വിരൽ വിടാതെ പിടിച്ചോരു
കൊച്ചു മുഷ്ടിതൻ നിശ്ചയദാര്‍ഢ്യവും
ഇല്ലാതെ പോയതെൻ
തോൽവിയെന്നറിവിന്മേൽ 
നാളെയും നേരം പുലരുമ്പോൾ
നിന്റെ ജന്മദിനത്തിലേക്കെന്റെ
വ്യഥ പൂണ്ട ഹൃദയവും
ഞാനും ഉണരട്ടെ.

ആൾപ്പരപ്പിൽ കാണുമോരോ മുഖത്തിലും
എന്റെ പ്രതിരൂപം ഞാൻ
പരതീടുമ്പോൾ,
രാജകുമാരനായ് നീ വാഴുന്നതായെൻ-
പ്രാണൻ പാഴ് സ്വപ്‌നങ്ങൾ നെയ്യുമ്പോൾ,
പിച്ച ചോദിച്ചെത്തുമാ പൈതങ്ങൾ തൻ
പുണ്ണ് മൂടിയ കൈകാലുകൾ കണ്ടെന്റെ
ക്ഷതമേറ്റ നെഞ്ചം വീണ്ടും മുറിയുന്നു
അമ്മേയെന്നൊരു കുഞ്ഞിന്റെ ദൈന്യത
നൊമ്പര ശകലമായ് കാതിൽ തെറിക്കുന്നു.

തെരുവിലെ പൊള്ളുന്ന ചൂടിലും,
കൊടും തണുപ്പിലും, പെരുമഴയിലും
ശരണമില്ലാതെ നീ അലഞ്ഞു തിരിയുന്നതും
തീവ്രവെയിലിൽ വേലയാൽ
കുരുന്നിലേ നീ കരിഞ്ഞു പോകുന്നതും
ഒരു വറ്റു ചോറിനായ് ഇരുൾ വീണ കണ്ണുകൾ
എച്ചിൽക്കൂനയിൽ ഉറ്റുനോക്കുന്നതും
നാഡിമിടിപ്പിനേക്കാൾ തളർന്ന
ശബ്ദത്തിൽ നീ ഭിക്ഷ യാചിപ്പതും
കൊട്ടിയടച്ചിട്ടുമെൻകരളറിയുമ്പോൾ
അനാഥ ദു:ഖത്തേക്കാൾ വലുതല്ല
സ്വാർത്ഥമാമെൻ മാതൃദു:ഖമെന്നറിവി-
ലുരുകട്ടെ ഉൾത്തടം.

നിന്നെ പനിച്ചതും,കാൽ തെറ്റി വീണതും,
നെറ്റി മുറിഞ്ഞതും, നൊന്തു കരഞ്ഞതും,
ഇരുളിന്റെ ഇലയനക്കങ്ങളെ ഭയന്നു-
റങ്ങാതിരുന്നതും ആരും അറിഞ്ഞില്ല.
തീൻമേശ നിറയെ വിഭവം നിരന്നിട്ടും
എന്നിതര മക്കൾ
പിണങ്ങി നിൽക്കുമ്പോൾ
പശിയടങ്ങാതെ നീ കട്ട അപ്പത്തിനായ്
കല്ലെറിഞ്ഞോ ലോകം?
പൊള്ളിച്ചു കള്ളനെന്നു പുള്ളി കുത്തിയോ
മുതിർന്നവരെന്ന ഗർവ്വം നെഞ്ചിൽ നിറച്ച
ഈ കാലവും?
പടക്കുതിരകളുടെ കുളമ്പടികളിൽ
ചതഞ്ഞുവൊ നിന്റെ ബാല്യകൗമാരങ്ങൾ?
നിന്റെ ദൈന്യത വില പേശി വിറ്റുവോ
നിന്നമ്മയാം ഞാനും?

ഇല്ല പൊറുതിയില്ലെനിക്കിനി,
പരത്തിലും നീളുമോ?
ചുടലയോളം ഞാൻ ചുമക്കേണ്ട ഈ വേദന.


പിൻ കുറിപ്പ്:   Did you know that in India alone there are around 18 million street children. They are starved, battered, raped and even murdered; they are mistreated and exploited physically, emotionally and sexually on a day to day basis.