Friday 12 February 2021

വിശ്വകർഷകർ

#കർഷകർക്കൊപ്പം#


വിശ്വകർഷകർ

——————-


വാടിനിൽക്കയാണീ 

മേടമാസപ്പുലരി, 

ശോകശോണിതം;

അകലെ, ആകാശവാതിലിൽ മുട്ടി 

തളരുന്നു  ആർത്തവിലാപങ്ങൾ..


തൊഴുതുനിൽക്കയാണീപകൽ,

നിഴലനക്കങ്ങളില്ലാതെ, 

നീയും ഞാനും...

ആത്മാവിൽ ഒറ്റയായ്, ഇരട്ടയായ് 

ചിലമ്പുന്ന മണിമുഴക്കങ്ങൾ.


ആരാണിന്നും അവമതിയാൽ

പ്രാണത്യാഗം ചെയ്തവൻ?

ആരുടെ ഉണ്ണികൾ അനാഥരായ്? 

ആരുടെ വയലുകൾ അനാഥമായ്....?


നീയും ഞാനുമീ പാഴ്നിലത്തിൽ,

വിഷാദം വിഷവിത്തെറിഞ്ഞ ഭൂവിൽ,

ശേഷിച്ച വൃദ്ധകർഷകർ.. 


ഉഴുതുമറിച്ച ചിന്തകൾക്കോരം

ഉലഞ്ഞുനിൽക്കുകയാണോ നീയും?


വരൂ, ഈ തഴപ്പായിൽ വന്നിരിക്കൂ..

പഴയൊരു സാന്ത്വനവാക്കുപോലീ-

പാളവിശറിയാൽ വീശി വിയർപ്പാറ്റാം..

ഉള്ളിലെ വെള്ളേട്ടുപുസ്തകത്താളിലെ 

ചിത്രങ്ങൾ ഞാനൊന്നെടുത്തുകാട്ടാം..


നീയും, ഞാനുമീകുടിയും, പാടവും,

പുഴയും, പുണരും പൂമരങ്ങളും... 

ഗ്രീഷ്മവും, വർഷവും, ശിശിരഹേമന്തവും,

വസന്തവും ചാലിച്ച നിറവിസ്മയം!


വിളവെടുപ്പുകൾ, കൊയ്ത്തുൽസവങ്ങൾ, 

ഒരിക്കലും മങ്ങാത്ത ഓർമ്മ ചിത്രങ്ങൾ..


എത്ര ശബളാഭം, നിത്യഹരിതാഭം! 

ഈ ചിത്രസഞ്ചയത്തിൽ

നാം കാത്ത ഹർഷം!


കണ്ണിൽ നിറയുന്നാചാരുദൃശ്യങ്ങൾ

മണ്ണിൽ നാം പൊന്നു വിതച്ച നിമിഷങ്ങൾ..


നിന്റെ വിരൽതുമ്പിൽ 

മിന്നൽപ്പിണർ


ഉഴുത വയൽച്ചെളിയിൽ 

നമ്മുടെ കാൽപ്പാടുകൾ


മഴക്കൊപ്പം നടക്കുന്ന നീ.. 

നിന്റെ മുടിയിൽ പെയ്തിറങ്ങും 

ഘനമേഘസന്ധ്യകൾ


വെയിലിൽ മിന്നും 

എന്റെ സ്വേദക്കൽ മുക്കുത്തി


കാറ്റിൻ തണലേറ്റ് 

കുളിരേറ്റ് നമ്മൾ


ഞാൻ മുടിയിൽ ചൂടിയ  

മുരിക്കിൻപൂവിൽ 

കെട്ടിയാടുന്ന തെയ്യം...


എല്ലാം ഇന്നലത്തെ കാഴ്ച്ചകൾ,

എന്നേ പണയത്തിലായ കനവുകൾ!


നീയും ഞാനും..

ബോധബോധങ്ങളിൽ വേരാഴ്ത്തി

തിടം വച്ച് കനം വച്ച 

കടമകളുടെ തീരാക്കടങ്ങളിൽ,

ചുറ്റിപ്പിണയും പരാദസ്വപ്നങ്ങളിൽ,

പട്ടുപോയ പടുവൃക്ഷം..


എങ്ങും നിറങ്ങൾ വാർന്നുപോയൊരപാരത, 

മാഞ്ഞുപോയ് വയൽപ്പച്ച,

എങ്ങോ പറന്നുപോയ് 

വെൺചിറകുകൾ  വീശി വീശി 

ജലപക്ഷികൾ..


മണ്ണിൻ കുരലുണങ്ങി...

ഇനിയിറ്റു

നീർകണം തേടി നാമെങ്ങുപോകും?


കരിഞ്ഞുപോയ് മോഹക്കതിർക്കുല..

വറുതിയാൽ നിറയുന്നു കളപ്പുര.. 


മൺമറഞ്ഞു, നാഴിയിൽ നെല്ലളന്നു 

പറ നിറച്ച പിതൃക്കളും,

കച്ചിത്തുറുവിൽ ഒളിച്ചു കളിച്ച 

ബാല്യവും..


ഹാ! നോക്കൂ, വിധിയുടെ ഉപജാപവിദ്യകൾ..

തള്ള ചത്ത എരുത്തിലെ കിടാവുകൾ, 

പൊള്ളയായ വാക്കുകൾ വാഗ്ദാനങ്ങൾ!


വിളവെടുപ്പുകൾ,  കൊയ്ത്തുൽസവങ്ങൾ 

എല്ലാം ഇന്നലത്തെ നഷ്ടസ്വപ്നങ്ങൾ..!


ഉലകമൊന്നാകെ ഊട്ടിയ നാമിനി

ഉരിയനെല്ലിന്നായ് എവിടെയെരന്നിടും....?


ഓർമ്മകളുടെയീമഹാവാതത്തിൽ 

നീയും ചുഴലുന്നുവോ?


വരൂ, ഈ തഴപ്പായിൽ വന്നിരിക്കൂ,

പരസ്പരം 

ഹൃദയതാളപ്പെരുക്കങ്ങൾ കേട്ടിനി 

കലമ്പാം, മുഷിയാം, 

തീവാക്കുകളന്യോന്യമെയ്യാം,

നീറിനീറി നെഞ്ഞുപൊള്ളിക്കുമീ 

വെണ്ണീറിനെ ഊതിയെരിയിക്കാം,

വീണ്ടും വീര്യം പകരാം..


തായ് വേരിലെന്നേ ചാരി വച്ചൊരീ 

കൈക്കോട്ടെടുക്കാം..


മുടന്തും കാളയേപ്പോലെ നുകം വലിക്കാം,

ഈ നിലമൊരുക്കാം..


ചിലമ്പും വാളുമായ് നെറുക 

കൊത്തിപ്പൊളിക്കാം,

നിണച്ചാലൊഴുക്കാം..


പൂർവ്വികർ നിദ്രപൂകുമീ 

ഭൂമികയുടെ ശുഷ്ക്കഹൃദയം

തേവി നനച്ചൂർവ്വരമാക്കാം..


വിതച്ചും, കൊയ്തും, മെതിച്ചും 

ഈ ഊഴിയെ ഊട്ടാം,


ചെഞ്ചോരയാൽ ചായങ്ങൾ ചാലിച്ചുചാലിച്ചീ- പ്രപഞ്ചത്തെ  വീണ്ടും വർണ്ണാഭമാക്കാം.


ഞാനും നീയും, ഈ മരുപഥത്തിൽ,

കുരല് പൊട്ടെ കൊയ്ത്തുപാട്ടുപാടുമീ വയൽക്കിളിയൊപ്പം,

മരുപ്പച്ച തേടിയലയുന്ന 

സ്വപ്നദർശികൾ.. 

നമ്മൾ വിശ്വകർഷകർ..

നമ്മൾ വിശ്വകർഷകർ.



Thursday 3 December 2020

അവ(ൻ)ൾ

 ————

നീണ്ട നീണ്ട പകലുകൾ രാവുകൾ,

ചെളിക്കുണ്ടിൽ പൂണ്ടുപോയൊരു

താമരമൊട്ടുപോൽ,

ഇരുളിലേക്കുവിരിഞ്ഞൊറ്റദലവുമായ്,

പിറവിയിൽ തന്നെ പരിശപ്തയായ നീ..


തിരയുവതെന്തേ തിടുക്കത്തിൽ...

ഭഗ്നഹൃദയമേ

നിൻ പ്രതിബിംബത്തിൽ..?

മോടിയിൽ വാർമുടി മെടയുമ്പോൾ,

ശ്മശ്രുക്കൾ കുരുത്ത കവിൾ

സസൂക്ഷ്മം മിനുക്കുമ്പോൾ,

ഹൃദയരേണുക്കളാൽ

വദനചമയങ്ങളണിയുമ്പോൾ


തിരയുന്നതാരേ... നീ ചഞ്ചലം,

പരശ്ശതം മിഴികളിൽ നുരയുന്ന

തിരയിളക്കങ്ങൾ ഉറ്റുനോക്കുംനേരം....


പകലിൻ പൊയ്മുഖമഴിച്ച് രാത്രികൾ,

പതിവായ് അലയുന്ന മാത്രയിൽ,

ഇരുട്ടിന്നാണേറെ കനിവെന്ന്,

തിരിച്ചറിഞ്ഞോ തിരസ്കൃതരിൽ നീയും !


എത്രകാലമൊളിച്ച് വയ്ക്കും, നിൻ

ചിത്തപഞ്ജരത്തിൽ തേങ്ങും കുരുവിയെ?

എത്രകാതമോടേണമിനിയുമാ-

ഗദ്ഗദത്തിൻ അലയൊലി പിന്നിടാൻ...


ചുട്ടുപൊള്ളുന്നോ ചിന്തകൾ...?

ചുറ്റും കത്തിയെരിയും കിനാക്കാടുകൾ...!

ഒട്ട് നിഴൽതണലേകിടാനില്ല വഴിയമ്പലങ്ങൾ,

നിനക്കിറ്റുസാന്ത്വനക്കുളിർതരാനെങ്ങു-

മൊറ്റൊരാളില്ലാ

അറ്റുപോയ്, 

നാഭിക്കൊടിയിൽ

പത്തുമാസക്കണക്കെഴുതിയമ്മയും 

ഒത്ത്,കൂടെപ്പിറന്നവരൊക്കെയും..    


അറിയില്ല നിന്നെയീലോകം....

വെറും ഭ്രമം, 

അവർക്കുനിൻ

കൂടുവിട്ടു കൂടുമാറ്റവിദ്യകൾ....

നിന്റെ പാപപുണ്യ ശാപവരദോഷങ്ങൾ....


അറിയില്ല നിന്നെ ഞാനും,

എനിക്കു നീ...

മാറിൽ മുറിവോടെ പിറന്ന മൂർത്തി,

നാരിയായ്, നരനായ് ...

അനന്തരം

നരേശ്വരനായി.. നാസ്തികനായി..

യുഗയുഗങ്ങളായ്,

യുഗ്മഗമനം നടത്തുന്ന യാത്രികൻ...


അറിയില്ല നിന്നെ ഞങ്ങൾ..

അല്ലെങ്കിലെങ്ങിനെയറിയാൻ?

ഞങ്ങൾക്കു നീ

അചിന്ത്യം, അശുഭം, അപൂർണ്ണം.


പൊറുക്കുക..

കരുതലോടിരിക്കുക..

അസ്വസ്ഥമായതദൃശ്യമാക്കും 

ഈ കുലത്തിന്റെ കൗശലം!



Saturday 23 May 2020

കാത്തിരിപ്പ്

കാത്തിരിപ്പ്
   ----------
വ്യാധികളാൽ വലഞ്ഞ് ആതുരാലയങ്ങളിൽ കഴിയുന്നവരെ കാത്തിരിക്കുന്നവർ!


നിലാവുറങ്ങുന്നു
ജനാലകൾക്കപ്പുറം
എത്രയോ ശുഭ്രമാണിന്നുനിശ !

ദേശാടനപ്പറവകൾ
തിരികെവന്നെന്നാലും
എത്ര നിശബ്ദമീ താരകാകാശം !

ദൂരെദൂരെയായ്
ആതുരാലയത്തിന്റെ
ചുമരുകൾക്കുളളി-
ലലയുന്നെൻ ചേതന

എവിടെയോ....
നേർത്ത ഞരക്കങ്ങൾ, തേങ്ങൽ,
നനുത്ത പാദപതനങ്ങൾ,
തണുത്ത നിശ്വാസങ്ങൾ,
നിഗൂഢ മർമ്മരങ്ങൾ ...
നിന്റെ മരുന്നു മണക്കുന്ന
വിരിപ്പുകൾ,

പാതിവഴിയിൽ പിരിഞ്ഞ ശ്വാസം,
വിരിഞ്ഞ മന്ദസ്മിതം,
പകലിരവുകളറിയാതെ
കൊഴിഞ്ഞ വസന്തം ...

അടഞ്ഞ കൺപോളകൾക്കുളളിൽ
പിടയും ആർദ്രമിഴികൾ..
അതിലെന്റെ മുഖമെന്നു
വൃഥാ ഖിന്നയായ്
ഞാനീ തണുത്ത വിരിയിട്ട
കട്ടിലിൽ ഏകയായ്...

ഓർത്തോർത്തെടുക്കുന്നു..
(കരളിലെ തീയൊന്നണയ്ക്കാൻ..!)
നമ്മൾ ഒന്നിച്ചു കണ്ട
ആകാശക്കീറ്,
ചുവന്ന സന്ധ്യകൾ,
നിറപൗർണ്ണമി,
നവയൗവ്വനത്തിലെ
രാത്രിമഴകൾ,
മഞ്ഞിൻ പുതപ്പിട്ട പുലരികൾ....

ഓർത്തെടുക്കുമ്പോൾ
വഴുതിയകലുന്ന ഓർമ്മകൾ
ഹൃദയം പറയാൻ
ബാക്കിവച്ച വാക്കുകൾ..

വിരൽപിടിച്ചരികിൽ
ഇരിക്കാനുമാകാതെ
വിദൂരമീരാവിന്റെ മറുപാതിയിൽ
ഞാനുണർന്നുമുറങ്ങിയും .
തളർന്നിരിക്കുന്നു...
കാത്തുകാത്തിരിക്കവേ
പേർത്തും പേർത്തും തിരയുന്നു...
നിന്റെ മറയുന്ന പ്രജ്ഞയെ
ചേർത്തുവയ്ക്കാനൊരു മുദ്ര...
ഹാർദ്ദമൊരു നോക്ക്,
സ്നിഗ്ദമാം സ്പർശസുഗന്ധം,
സ്മരണയിൽ മണിമുഴക്കമായ്
നിനക്കേറെ പ്രിയമുള്ള വാക്ക്,
എന്നേക്കും നമ്മളിൽ
സൂക്ഷിച്ച് വയ്ക്കുവാൻ
നിറമുള്ള
മയിൽപ്പീലിത്തുണ്ട്


Tuesday 27 August 2019

പ്രളയം


പ്രളയം

മഴ വന്നു
വീണ്ടും മഴ വന്നൂ
ഉരുൾ പൊട്ടി
ഉറവുകൾ ഊക്കിൽ മലയിറങ്ങി

പുഴ കടൽപോലിരമ്പീ
ഗതി മാറിയൊഴുകി
വഴികളിൽ
പെരുവെള്ളമാർത്തുപൊങ്ങി

മരങ്ങളും, പൂക്കളും,
പ്രാണിയും, പ്രാണനും
പ്രളയച്ചുഴിയിൽ കുഴഞ്ഞുനീന്തി

മട പൊട്ടി മദ ജലപ്പാച്ചിലിൽ
മുങ്ങിപ്പോയ്
പൊൻകതിർക്കുലപൂത്ത പുഞ്ചപ്പാടം

മടകൂട്ടിക്കെട്ടിയ ചെറുമിപ്പെണ്ണ് 
പാടാൻ കൊതിച്ചൊരു ഞാറ്റുപാട്ടിൻ
വേവലും, വറുതിയും ഏറ്റുപാടും
ആറ്റക്കിളിയും പറന്നുപോയി

മണ്ണു പുതച്ചുറങ്ങയാണ്, 
മൗനം കണ്ണിലൊളിപ്പിച്ച നാട്ടിൻപുറങ്ങൾ

മണ്ണും പുതച്ചുറങ്ങയാണവരുടെ 
പൊന്നോമനകൾ,
പിഞ്ചുനെഞ്ചിലെ കിനാക്കളും

എങ്കിലും ശേഷിച്ചവർക്കായിനിയും 
വിരിയും, വെയിൽപൂക്കൾ ഓണപ്പൂക്കൾ

ഇരുണ്ട മേഘപ്പുതപ്പുനീക്കി
സൂര്യചന്ദ്രന്മാർ ഉറക്കുണരും

നനഞ്ഞ പുസ്തകത്താളിൽ നിന്നേ
തുടങ്ങട്ടെ തുടങ്ങട്ടേ കുഞ്ഞേ നിന്റെ
അതിജീവനത്തിന്റെ ആദ്യപാഠം
ചുരമാന്തും ദുരകളെ ആട്ടിമാറ്റും
പുതുജീവിതത്തിന്റെ ആദ്യപാദം

ആറ്റുതീരത്തെ കുടികളിൽ
അമ്മമാർ
കല്ലടുപ്പിൽ വേവിച്ച പൊതിച്ചോറിൽ
നിന്റെ രുചികളത്രേ നിറയുന്നൂ
നിന്റെ കിനാക്കളത്രേ വിളമ്പുന്നൂ

മണ്ണു പുതച്ചുറങ്ങയാണവരുടെ 
പൊന്നോമനകൾ
ആ പിഞ്ചുനെഞ്ചിലെ സ്വപ്നങ്ങളും
പേറണം നീയിനിയീ-
വാറു പൊട്ടിയ പുസ്തക സഞ്ചിയിൽ

നവമാണ് ലോകം
നവമീവികാരങ്ങൾ,
വരമായി കിട്ടിയ പിറവിയിതെങ്കിലും
നവമാണ് നോവുകൾ
തളരാതിരിക്ക നീ

ഇനിയും മഴ വരും
മഴ വരും
ഉരുൾ പൊട്ടി
ഉറവുകൾ ഊക്കിൽ മലയിറങ്ങും
എങ്കിലും ശേഷിച്ചവർക്കായിനിയും
വിരിയും വെയിൽപ്പൂക്കൾ ഓണപ്പൂക്കൾ.   

Sunday 5 February 2017

വൃദ്ധ പറഞ്ഞ കഥ


അവർക്ക് എഴുപതോ എണ്‍പതോ തൊണ്ണൂറോ വയസ്സ് പ്രായമുണ്ടായിരുന്നു. ഡബ്ലിനിലെ ഒരു വലിയ പാർക്കിൽ തെളിനീർ തടാകത്തിന് അഭിമുഖമായി ഒരു തടി ബെഞ്ചിൽ ഇരിക്കയായിരുന്നു അന്നയും അവരും. ഒന്നുരണ്ടാഴ്ചയായി   മിക്കവാറും ദിവസങ്ങളിൽ ഇവിടെ വരുമ്പോഴൊക്കെ ഇവരെ കാണാറുണ്ട്. ഈ ഇരിപ്പിടത്തിൽ ഇരിക്കുകയോ മരവടി കുത്തി മരങ്ങൾക്കിടയിലൂടെ പതിയെ പതിയെ നടക്കുകയോ ചെയ്യുന്നത്. അല്ലെങ്കിൽ നീലത്തടാകത്തിൽ സ്വപ്നം പോലെ ഒഴുകി നടക്കുന്ന വെളുത്ത അരയന്നങ്ങളെ നോക്കി നിൽക്കുന്നത്.

തണുപ്പ് കാലം മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ശൈത്യത്തിന്റെ ഇരുണ്ട ഉറക്കറകളിൽ നിന്നും പൂക്കളും തളിരുകളും ഉണർവ്വിലേക്ക് സ്പന്ദിച്ചു തുടങ്ങുകയായിരുന്നു. പാതയോരങ്ങളിൽ വസന്തത്തിന്റെ വരവറിയിച്ച് പച്ചപ്പട്ടുപാവാടത്തുമ്പിലെ  കസവു ഞൊറികൾ  പോലെ സ്വർണ്ണ നിറമുള്ള ഡാഫഡിൽ പുഷ്പങ്ങൾ വിരിഞ്ഞു നിന്നു.

മഞ്ഞു കാലത്ത് ഇലകൾ കൊഴിഞ്ഞ് പ്രേതാത്മാക്കളേപ്പോലെ നിന്നിരുന്ന ഓക്ക് മരങ്ങളുടെ തുഞ്ചങ്ങളിൽ കൂമ്പുകൾ മുള നീട്ടാൻ തുടങ്ങിയിരിക്കുന്നു. പ്രഭാതത്തിലെ വസന്ത സൂര്യൻ  ദയാവായ്‌പിൽ ആർദ്രമായ ഒരു ഹൃദയം പോലെ  പ്രപഞ്ചത്തേയും അതിലെ സർവ്വചരാചരങ്ങളേയും പൊതിഞ്ഞു പിടിച്ചു. ഇളം വെയിലിന്റെ സുഖകരമായ ചൂട് മുൾപ്പടർപ്പുകൾക്കിടയിലെന്ന പോലെ വിങ്ങി നിന്ന അന്നയുടെ   ഹൃദയത്തേയും അനുതാപപൂർവ്വം ആശ്ലേഷിച്ചു. സൂര്യരശ്മികളിൽ തടാകവും അരയന്നങ്ങളും വജ്രം പോലെ വെട്ടിത്തിളങ്ങി.

ആശുപത്രിയിൽ നിന്നും വന്നതിനു ശേഷം അന്ന കുറച്ചു ദിവസത്തെ അവധി എടുത്തു. ഡിസ്ചാർജ് ചെയ്യും മുൻപേ  ഒരു മനശാസ്ത്രവിദഗ്ധൻ വന്ന് അവളോട് സംസാരിച്ചിരുന്നു. ഉൽകണ്‍ഠകളെ ഒഴിവാക്കി  ജീവിതത്തെ എങ്ങിനെ യാഥാർഥ്യബോധത്തോടെ  നേരിടാം എന്നതിനെക്കുറിച്ച്! വാടക വീട്ടിൽ തിരിച്ചെത്തിയപ്പോൾ കൂട്ടുകാരി  ജോളിയേയും  കൂട്ടി  അന്ന  എന്നും  നടക്കാൻ പോയി. ജോളിയില്ലെങ്കിൽ അവൾ  ഒറ്റയ്ക്ക് കുറേനേരം പാർകിൽ പോയിരുന്നു.

"ജീവിതം ദുഷ്ക്കരവും ദൈർഘ്യമേറിയതുമാണ്  കുട്ടി", കണ്ണീരുണങ്ങിപ്പിടിച്ചിരുന്ന അന്നയുടെ കവിളുകളിലേക്ക് അനുകമ്പയോടെ നോക്കിക്കൊണ്ട്  ആ വൃദ്ധ പറഞ്ഞു.

ആരോടും സംസാരിക്കാനുള്ള ഒരു മനഃസ്ഥിതിയിലായിരുന്നില്ല അന്ന. ഇയർ ഫോൺ ചെവിയിൽ തിരുകി  കേൾക്കാത്തപോലെ ഭാവിച്ചാലോ? അവൾ സന്ദേഹിച്ചു.

"എനിക്ക് എൺപതു വയസ്സായിരിക്കുന്നു!  വാർദ്ധക്യത്തിൽ ദിവസങ്ങൾക്ക് വ്യത്യാസങ്ങളില്ല. ഓരോന്നും അതിന് മുൻപുള്ളതിന്റെ ആവർത്തനം മാത്രം!" വൃദ്ധ തുടർന്നു.

കമ്പിളി വസ്ത്രങ്ങളിൽ മൂടിപ്പുതച്ചിരിക്കുന്ന അവരെ അന്ന  സൂക്ഷിച്ചു നോക്കി. വെയിലിൽ കൂമ്പിപ്പോകുന്ന നരച്ച കണ്ണുകളിൽ വിഷാദം കൂടു വച്ചിരിക്കുന്നു.

പാവം, അന്നയോർത്തു. വൃദ്ധർക്ക് സന്തോഷിക്കാൻ ഇക്കാലത്ത്   എന്താണുള്ളത്? മരണത്തിന്റെ  മണമുള്ള അവരുടെ സഹവാസം ആർക്കാണ് താല്പര്യം ?

അയർലണ്ടിൽ ആരും തുണയില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന എത്രയോ വൃദ്ധരുണ്ട്! ചക്രം പിടിപ്പിച്ച സഞ്ചികളിൽ മുന്നോട്ടൂന്നി  കടയിൽ  നിന്നും സാധനങ്ങൾ വാങ്ങി  പ്രാഞ്ചി പ്രാഞ്ചി നടന്നു  പോകുന്നവർ......  മാസങ്ങളോളം മറ്റൊരു മനുഷ്യജീവിയോട് സംസാരിക്കാതെ ജീവിതം തള്ളി നീക്കുന്നവർ........

കൊടും ശൈത്യകാലത്ത് അവരെങ്ങിനെയാണ് പലവ്യഞ്ജനങ്ങൾ വാങ്ങുന്നത്? എങ്ങിനെയാണ് ഭക്ഷണം പാകം ചെയ്യുന്നത്? അവരുടെ വീടിനകത്ത്‌ വേണ്ടത്ര ചൂടുണ്ടോ? വീട്ടിൽ ചൂടുവെള്ളം കിട്ടുന്നുണ്ടോ? ഇതൊക്കെ അന്വേഷിക്കാൻ പോലും ബന്ധുക്കളില്ലാതെ എത്ര പേർ! പാശ്ചാത്യ ലോകം യുവാക്കൾക്കു മാത്രമുള്ളതാണെന്നോ?

"അമ്മൂമ്മയ്ക്ക് സുഖമല്ലേ ",അവരോട് എന്ത് പറയണമെന്നറിയാതെ അന്ന  ചോദിച്ചു. അപ്പോൾ വെയിലിലേക്ക്‌ ഇമകളടച്ചുകൊണ്ട് മോറീൻ, അതാണവരുടെ പേര്, അവരുടെ ജീവിത കഥ പറഞ്ഞു. ചിലപ്പോൾ  നമുക്ക് മനസ്സ്  തുറക്കുവാൻ എളുപ്പം അനുകമ്പ സ്ഫുരിക്കുന്ന ഒരു അപരിചിത ഹൃദയത്തോടാവും!

നാൽപ്പതുകളിലെ യാഥാസ്തിതിക അയർലണ്ടിൽ  പതിനഞ്ചാമത്തെ വയസ്സിൽ അവർക്കൊരു കുഞ്ഞു പിറന്നു. വിവാഹത്തിന് മുൻപ്, കളിക്കൂട്ടുകാരനായിരുന്ന ജോണിൽ. ഒരു കത്തോലിക്കാ രാജ്യമായ അയർലണ്ടിൽ അന്ന് ജനങ്ങളുടെ ജീവിത രീതികൾ നിർദേശിച്ചിരുന്നത് സഭ ആയിരുന്നു. വിവാഹത്തിനു മുൻപുണ്ടാകുന്ന കുഞ്ഞുങ്ങളെ വളർത്താൻ അച്ഛനമ്മമാർക്ക് അനുവാദം ഉണ്ടായിരുന്നില്ല. അവരെ അനാഥാലയങ്ങളിലേക്കയച്ചു ദത്തു കൊടുക്കുകയായിരുന്നു പതിവ്. വീട്ടുകാർ ഉപേക്ഷിച്ചാൽ അമ്മയേയും കുഞ്ഞിനേയും അടർത്തിമാറ്റി അമ്മമാരെ കന്യാസ്ത്രീകൾ നടത്തുന്ന സ്ഥാപനങ്ങളിലേക്ക് അയയ്ക്കും. കുഞ്ഞുങ്ങളെ പണം വാങ്ങി ദത്ത്‌ കൊടുക്കും. അതായിരുന്നു അന്നത്തെ നിയമം.  കുഞ്ഞിനെ ദത്തു നൽകിയാൽ മോറീന് വീട്ടിൽത്തന്നെ താമസിക്കാമെന്ന് മനസ്സിൽ  നന്മ ബാക്കിയുള്ള അച്ഛൻ പറഞ്ഞപ്പോൾ അവൾക്ക് സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല.   ഒരു പതിനഞ്ചുകാരിക്ക് അതിൽ കൂടുതൽ  തീരുമാനങ്ങൾ എടുക്കുവാനുള്ള സാഹചര്യങ്ങൾ അന്നുണ്ടായിരുന്നില്ല.

മാദെലീൻ കന്യാസ്ത്രീകൾ എന്നറിയപ്പെട്ടിരുന്ന  കന്യാസ്ത്രീകളുടെ സ്ഥാപനങ്ങളിൽ  സ്ത്രീകൾക്ക് കൊടും ക്രൂരതയായിരുന്നു നേരിടേണ്ടി വന്നിരുന്നത്. അവിഹിതഗർഭം എന്ന കൊടും പാപത്തിന്റെ  പ്രായശ്ചിത്തമെന്ന പേരിൽ അവരെ മൃഗീയമായ  ശിക്ഷകൾക്ക്‌ ഇരകളാക്കി.

ദത്തെടുക്കപ്പെട്ടവരിൽ എത്ര കുഞ്ഞുങ്ങൾക്ക്‌ സ്നേഹമുള്ള കുടുംബങ്ങൾ കിട്ടിയിരിക്കാം? എത്ര പേരെ വളർന്നു വരുമ്പോൾ തന്നെ ലൈംഗികാവശ്യങ്ങൾക്കായി വിറ്റിരിക്കാം? എത്ര പേർ മാനസികവും ശാരീരികവും ആയ ക്രൂരതകൾ സഹിക്കവയ്യാതെ ഓടിപ്പോയി ഭിക്ഷ തെണ്ടിയും പിടിച്ചു പറിച്ചും ജീവിച്ചിരിക്കാം, മരിച്ചിരിക്കാം?  ഇതിനൊക്കെ എവിടെയാണ്, ആർക്കാണ് കണക്കുള്ളത്?

"മതങ്ങളേക്കാൾ കൂടുതലായി മറ്റാരാണ്‌, മറ്റെന്താണ് മനുഷ്യനെ ദ്രോഹിച്ചിട്ടുള്ളത്?" വൃദ്ധ ചോദിച്ചു.


അപ്പോൾ അന്ന ഓർത്തത്, അയർലണ്ടിലെ ഓരോ മുക്കിലും മൂലയിലും വക്കിടിഞ്ഞു നിൽക്കുന്ന പള്ളികളെക്കുറിച്ചാണ്. അവിടവിടെ കാണുന്ന ഇടിഞ്ഞു പൊളിഞ്ഞ കോട്ടകൾ പോലെത്തന്നെ, മനുഷ്യസാമീപ്യമില്ലാത്ത പൗരാണികമായ പള്ളികൾ......! ഒരു കാലത്ത് പ്രജാപരിരക്ഷണത്തിനായി ഉയർത്തപ്പെട്ടവ. ഇന്ന്....., ഭൂതക്കൊട്ടാരങ്ങൾ പോലെ, കത്തോലിക്കാ സഭയുടെ  പ്രതാപകാലത്ത്, സഭാ ചരിത്രത്തിന്റെ ദുരൂഹവീഥികളിൽ   ക്രിസ്തുവിനേപ്പോലെത്തന്നെ പീഡകൾ സഹിച്ചു മരിച്ചവരുടെ ശാന്തി ലഭിക്കാത്ത ആത്മാക്കളും, ആ  യാതനകളുടെ ഓർമ്മകൾ പേറി  ഇപ്പോഴും ജീവിച്ചിരിക്കുന്നവരുടെ അന്ത:ക്ഷോഭങ്ങളും, പടർക്കൊടി വള്ളികളേപ്പോലെ ചുറ്റിവരിഞ്ഞ ഭീതി ജനിപ്പിക്കുന്ന വിജനദുർഗങ്ങൾ. ദുർമന്ത്രങ്ങൾ ഉരുവിടും പോലെ പെയ്യുന്ന മഴയിൽ നനഞ്ഞ്, പന്നൽച്ചെടികളുടെ ഇരുണ്ട പച്ചയുടുത്ത്  മ്ലാനമായ ശിലാരൂപങ്ങൾ!

"ഉണ്ടായി, പൊക്കിൾക്കൊടി അറുത്ത നിമിഷത്തിൽ തന്നെ കുഞ്ഞിനെ എന്റെ അടുക്കൽ നിന്ന് മാറ്റിയിരുന്നു", വൃദ്ധ തുടർന്നു. അന്ന ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു.

അതിനടുത്ത വർഷം മോറീൻ ജോണിനെത്തന്നെ വിവാഹം കഴിച്ചു. അന്ന് തുടങ്ങിയതാണ്‌ അവർ  മോളെ കണ്ടെത്താനുള്ള  അന്വേഷണങ്ങൾ. അതിനിടയിൽ അവർക്ക് മൂന്ന് ആണ്‍മക്കളും രണ്ടു പെണ്‍മക്കളും കൂടി ഉണ്ടായി. എന്നാൽ മൂത്ത മകൾ എവിടെയെന്നു മാത്രം ഒരറിവും കിട്ടിയില്ല.

എത്രയെത്രയിടങ്ങളിൽ കയറിയിറങ്ങി? എത്രയോ പേരെ കണ്ടു! അപേക്ഷിച്ചു! ഓരോ യാത്രയിലും പ്രതീക്ഷയുടെ കോണിപ്പടികൾ കയറിയിറങ്ങിയത്
നിരാശയുടെ പടുകുഴിയിലേക്കായിരുന്നു. രഹസ്യമായി സൂക്ഷിച്ച രേഖകൾ കാട്ടാൻ അധികാരികൾ വിമുഖത കാട്ടി. എല്ലായിടത്തും നിയമക്കുരുക്കുകൾ.

നിയമങ്ങൾ,....  അവയെന്നും മനുഷ്യനന്മയ്ക്ക് എതിരായാണ് നിർവ്വചിക്കപ്പെടുക!

"ഒരമ്മയ്ക്ക് മക്കൾ കഴിഞ്ഞല്ലേ മറ്റെന്തുമുള്ളൂ? ഈശ്വരൻ പോലും! ഇസഹാക്കിനെ ബലിയർപ്പിക്കണമെന്ന് അബ്രാഹത്തിന് പകരം സാറായോടാണ് പറഞ്ഞിരുന്നുവെങ്കിൽ ദൈവം തോറ്റു പോയേനെ."

എന്റെ മറ്റു മക്കൾക്ക്‌ എല്ലാവരും ഉണ്ടായിരുന്നു. എന്നാൽ എന്റെ മൂത്ത മോൾ ...... , അവൾക്കാരാണുള്ളത്? അവൾക്കു വയറു നിറയെ ഭക്ഷണം കിട്ടുന്നുണ്ടോ? അവളെ ആരെങ്കിലും സ്നേഹിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്നുണ്ടോ? അവൾക്ക് പനി വന്നാൽ ശുശ്രൂഷിക്കാൻ കൂടെ ആരെങ്കിലും ഉണ്ടോ? അനാഥദുഃഖത്തേക്കാൾ വലിയ ദുഃഖം ഈ ലോകത്തെന്താണുള്ളത്"!

അവിരാമമായ അന്വേഷണങ്ങൾ കുടുംബ ബന്ധങ്ങളിൽ വരെ വിള്ളലുകൾ വീഴ്ത്തി. "തനിക്കു നൂറുണ്ടെന്നിരിക്കിലും, നഷ്ടപ്പെട്ട ഒന്നിന് വേണ്ടി ബാക്കി തൊണ്ണൂറ്റി ഒമ്പതിനെയും ഉപേക്ഷിച്ചിട്ട് പോകാത്തവരാരുണ്ട്?" അവർ ചോദിച്ചു.

എന്നാൽ ഇക്കാലമത്രയും അവരുടെ മകളും അവളുടെ ശരിക്കുള്ള അച്ഛനമ്മമാരെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

 "ചോര എന്നും ചോരയെ തേടിക്കൊണ്ടേയിരിക്കും....." കൈകളാൽ കണ്ണുകളെ വെയിലിൽ നിന്നും മറച്ചു കൊണ്ട് അവർ പറഞ്ഞു.

"അമേരിക്കയിലെ ഒരു കുടുംബമാണ് അവളെ ദത്തെടുത്ത്. ഭാഗ്യത്തിന് നല്ല സ്നേഹമുള്ള അച്ഛനമ്മമാരെ അവൾക്കു കിട്ടി. എന്നെ തിരഞ്ഞു തിരഞ്ഞ് അവൾ ഇവിടെയെത്തി. അതാ, ആ കാണുന്ന സത്രത്തിലാണ് അവളുടെ കുടുംബം താമസിക്കുന്നത്. ജനിച്ചത്‌ ഡബ്ലിനിലാണെന്ന് അറിഞ്ഞപ്പോൾ അവൾ എന്നെ കാണാനാണ് ഇങ്ങോട്ടു വന്നത്." ദൂരെ റോഡിനപ്പുറമുള്ള സത്രത്തിലേക്ക് കൈ ചൂണ്ടി അവർ പറഞ്ഞു.

"സ്തനാർബുദത്തിന് ചികിൽസയിലായിരുന്നു അവൾ. ജീവനോടെ അവളെ കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല,....."

അവരുടെ ദീർഘമായ നെടുവീർപ്പിൽ അന്നയുടെ  നെടുവീർപ്പ് ഒടുങ്ങി. മെല്ലെ വീശുന്ന കാറ്റ് പോലും മുറിപ്പെടുത്തുന്നു,....  ഓർമ്മകളെ നോവിച്ചുകൊണ്ടേയിരിക്കുന്നു,......

അരയന്നങ്ങളെ നോക്കിക്കൊണ്ടു നിന്ന ഒരു വൃദ്ധൻ അവരുടെ അരികിലേക്ക് വന്നു. "പോകാറായി",  പഴമയുടെ പൂപ്പൽ പിടിച്ച മുഖത്ത് നിന്നും നിർവികാരം രണ്ടു കണ്ണുകൾ പറഞ്ഞു.

"ഞാനെന്തിനു ദു:ഖിക്കണം? എന്റെ മകൾക്ക് സ്നേഹമുള്ള ഒരു കുടുംബത്തെ തന്നെ ദൈവം കൊടുത്തല്ലോ." വൃദ്ധ കണ്ണീരിലൂടെ ചിരിച്ചു.

"ഈ ലോകത്തിൽ ഒന്നിച്ചു ജീവിക്കാൻ ഞങ്ങൾക്ക് യോഗമില്ലായിരുന്നു. എന്നാൽ അവളെ ഇനിയും കാണാമല്ലോ എന്ന ഏക പ്രതീക്ഷയിൽ ആ ഒറ്റ കാരണത്തിൽ, ഞാൻ സ്വർഗ്ഗത്തിൽ വിശ്വസിക്കും." വൃദ്ധൻ അവരെ കൈ പിടിച്ച് എഴുന്നേൽപ്പിക്കുമ്പോൾ അവർ പറഞ്ഞു.

എൺപതാം വയസ്സിലും മകളുടെ ഓർമ്മകൾ തേടി അലയുന്ന അവരെയോർത്ത് അന്ന വിസ്മയിച്ചു. കേവലം ഒരു പ്രണയനഷ്ടത്തിന് വേണ്ടി കൈഞരമ്പുകൾ മുറിച്ചതിൽ അവൾ ലജ്ജിച്ചു. അമ്മയുടെ മുഖമോർത്തപ്പോൾ അണമുറിഞ്ഞെത്തിയ സങ്കടപ്രവാഹത്തിൽ  അവൾക്കു  ശ്വാസം മുട്ടി.

അപ്പോൾ ഒരു സ്ത്രീ ഏകദേശം എട്ടു വയസ്സ് തോന്നിക്കുന്ന രണ്ടിരട്ടക്കുട്ടികളേയും കൊണ്ട് അവിടെയെത്തി. കുട്ടികൾ റൊട്ടിക്കഷ്ണങ്ങൾ കൈയ്യിൽ ഉയർത്തിപ്പിടിച്ച് കിലുകിലാ ചിരിച്ചുകൊണ്ട് തടാകത്തിന്റെ അടുക്കലേക്കോടി.

"നിൽക്ക് കുസൃതികളേ, ഞാൻ കൂടി വരട്ടെ", ആ സ്ത്രീ ബദ്ധപ്പെട്ട് നടന്നുകൊണ്ട് പറഞ്ഞു.

"എന്റെ മോളുടെ മക്കളാണ്. മഹാ കുസൃതികൾ". അരയന്നങ്ങൾക്ക് റൊട്ടിക്കഷ്ണങ്ങൾ  ഇട്ടു കൊടുത്തിട്ട് തിരികെ അന്നയുടെ അടുത്ത് ബഞ്ചിലിരുന്നുകൊണ്ട് അവർ വാത്സല്യത്തോടെ പറഞ്ഞു. പന്ത് കളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുട്ടികൾ.

"സത്യം പറഞ്ഞാൽ എനിക്ക് തീരെ വയ്യ. അർബുദത്തിന് ചികിത്സയിലാണ്. മോൾ കടയിൽ പോയപ്പോൾ ഞാൻ ഇവരെ കൂട്ടി ഇങ്ങോട്ടു വന്നു എന്ന് മാത്രം." വളരെ പരിചയമുള്ള ഒരാളോടെന്ന പോലെ അവർ പറഞ്ഞു.

"ഇവിടെ അല്ലേ താമസം?"അവരുടെ അമേരിക്കൻ ഉച്ചാരണം കേട്ട് അന്ന കൗതുകത്തോടെ ചോദിച്ചു.

അവർ ദീർഘമായി നിശ്വസിച്ചു. "അമേരിക്കയിലാണ് ഇത്ര കാലവും ജീവിച്ചത്. അതാ ആ സത്രത്തിലാണ് ഇപ്പോൾ താമസം. ഒരാഴ്ച കഴിയുമ്പോൾ തിരിച്ചു പോകും. അച്ഛനമ്മമാർ ഐറിഷുകാരായിരുന്നു. ജനിച്ചതേ എന്നെ ദത്തു കൊടുത്തു.

ഏതോ ഒരു ഉൾപ്രേരണയാൽ അന്ന കണ്ണുകൾകൊണ്ട് ആ വൃദ്ധയേയും വൃദ്ധനേയും തിരഞ്ഞു. അവരെ അവിടെ എവിടെയും കണ്ടില്ല.

"അന്വേഷിച്ചന്വേഷിച്ചലഞ്ഞ് ഇതാ ഇവിടെയെത്തിയപ്പോഴാണറിഞ്ഞത്, അഞ്ചു വർഷങ്ങൾക്ക് മുൻപ് അവർ മരിച്ചു പോയി എന്ന്, എന്നെ കാണാനാഗ്രഹിച്ചാഗ്രഹിച്ച്." സ്തബ്ദയായിരുന്ന അന്നയോട് ഇടറിയ ശബ്ദത്തിൽ  അവർ പറഞ്ഞുകൊണ്ടേയിരുന്നു.

ഓർമ്മകളിൽ നിന്നും ഓർമ്മകളിലേക്ക് പരകായ പ്രവേശം ചെയ്തുകൊണ്ട് ഒരു തണുത്ത കാറ്റ് അവിടെയൊക്കെ പറന്നു നടന്നു.







Tuesday 17 January 2017

Alone in a crowd


Alone in a crowd
Like a pebble,
In the depths of a shallow stream,
The vibrant waves of the Universe,
Surrounding me:
Nudging me to sway,
By its ever moving tides.
Yet the sorrow
Etched on my soul,
Reluctant to drift away.

Alone in a crowd
With memories rife,
In the midst of flamboyant life.
Though belonging nowhere,
Forlorn, far and obscure,
I walk alone in a crowd.








Thursday 23 July 2015

ഇരുൾ തേടി

പകലുകൾ
വേനലിലെ നീണ്ടു നീണ്ടു പോകുന്ന
ഈ പകലുകളെ പേടിച്ചാവും
ഇരുൾ നമ്മുടെ പ്രജ്ഞയിലും
കണ്‍തടങ്ങളിലും ഒളിച്ചത്

ഒച്ചിനേപ്പോലെ
ഏകാന്തതയിലേക്ക് ഉൾവലിഞ്ഞിട്ടും
ഈ പകൽവെയിലിന്റെ തീക്ഷ്ണത
എന്റെ കണ്ണുകളെ തപിപ്പിക്കുന്നുവല്ലോ!

പ്രശാന്തമായ ഉറക്കത്തിന്റെ
കവാടമടച്ചു കാവൽ നില്ക്കുകയാവും  
വെയിൽ കിങ്കരന്മാർ 
കണ്ണടച്ചിട്ടും ഇരുളിന്റെ
സാന്ത്വനക്കറുപ്പില്ല

സ്ഫടികച്ചീളുപോലെ കൂർത്ത വെയിൽ
മഞ്ഞയും ചെമപ്പും വയലറ്റും നിറത്തിൽ
അടഞ്ഞ കണ്‍പോളകളെ
കുത്തി നോവിച്ചു കളിക്കുന്നു

ആശങ്കയുടെ വ്യഥയിൽ
ചുളിയുന്ന നെറ്റിത്തടത്തിലേക്ക്
പാളി വീഴുന്ന പകൽച്ചിരി
വെളുവെളുത്ത മുഖത്തെ
മഞ്ഞപ്പല്ലുകൾ പോലെ
അഭംഗിയാർന്ന  പൊള്ളച്ചിരി
പളുപളുത്ത വാക്കുകൾ പോലെ
എത്രയോ കപടമാണ്
ക്യാമറക്കണ്ണുകളിലേക്ക് തുറന്നു വച്ച
ശുഷ്ക്കമായ ഈ കൃത്രിമച്ചിരി !

ഉള്ളം കൈയ്യിൽ പൊടിഞ്ഞ
വിയർപ്പു തുള്ളികളുടെ വഴുവഴുപ്പിൽ
നിന്റെ വിരലുകളുടെ പിടിവിട്ട്
വെയിൽ തിളപ്പിൽ
ദിക്കറിയാതെ ഞാൻ കുഴയുന്നു

എനിക്ക് മുന്നേ പോയ യാത്രക്കാരേ
ഈ കൊടുംവെയിൽക്കാട്ടിലെവിടെയാണ്
ഇരുൾമരത്തണുവിലേക്കുള്ള വഴി ?
രാമഴക്കാറ്റിന്റെ ദലമർമ്മരം കേട്ടൊന്നു
മതികെട്ടുറങ്ങാൻ.